സ്വര്‍ണത്തിനും ഇ-വേ ബില്‍: കേരളത്തിന് ലക്ഷ്യം ₹1,100 കോടി അധിക നികുതി

സ്വര്‍ണത്തിനും ജി.എസ്.ടി നിയമത്തിന് കീഴിലെ ഇ-വേ ബില്‍ (E-way Bill) ബാധകമാക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉന്നമിടുന്നത് കുറഞ്ഞത് 1,100 കോടി രൂപയുടെ അധിക നികുതി വരുമാനം.

സംസ്ഥാന ധനവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 2021-22ല്‍ 1.01 ലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന കേരളത്തില്‍ നടന്നിട്ടുണ്ട്. ഇതുപ്രകാരം പിരിഞ്ഞ് കിട്ടേണ്ട മൊത്തം ജി.എസ്.ടി 3,000 കോടി രൂപയും സംസ്ഥാനത്തിന്റെ വിഹിതമായി (സംസ്ഥാന ജി.എസ്.ടി/SGST) 1,500 കോടി രൂപയുമാണ്.
എന്നാല്‍, ആ വര്‍ഷം എസ്.ജി.എസ്.ടിയായി കേരളത്തിന് ലഭിച്ചത് വെറും 393 കോടി രൂപയാണ്. അതായത്, 1,107 കോടി രൂപയുടെ നികുതി വരുമാന നഷ്ടം. ഇത് നികത്തുന്നത് ലക്ഷ്യമിട്ടാണ് സ്വര്‍ണത്തിനും ഇ-വേ ബില്‍ വേണമെന്ന് ഇക്കഴിഞ്ഞ ജി.എസ്.ടി കൗണ്‍സിലില്‍ കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടത്.
എന്തുകൊണ്ട് ഇ-വേ ബില്‍?
കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചതോടെ ഇനി രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനും ഇ-വേ ബില്‍ വേണം. പ്രതീക്ഷിച്ച 1,500 കോടി രൂപയുടെ നികുതി വരുമാനം കിട്ടാത്തത് നികുതിവെട്ടിപ്പ് നടക്കുന്നതിനാലാണെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ വാദം.
ഇ-വേ ബില്‍ നടപ്പാക്കുന്നതോടെ സ്വര്‍ണം കൊണ്ടുപോകുന്നത് നിരീക്ഷിക്കാനും പരിശോധിക്കാനും കഴിയും. ഇതുവഴി നികുതിയടവ് കൃത്യമാക്കി, നികുതി വരുമാനം കൂട്ടാനാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.
രണ്ടുലക്ഷം രൂപ വിലകണക്കാക്കിയാല്‍, വെറും 4 പവന്‍ ആഭരണം കൊണ്ടുപോകാനും ഇനി ഇ-വേ ബില്‍ ആവശ്യമായ സ്ഥിതിയാണ്. കേരളമാണ് ഇ-വേ ബില്‍ വേണമെന്ന് ആവശ്യപ്പെട്ടതെങ്കിലും രാജ്യവ്യാപകമായി ഈ നിയമം നടപ്പാക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇനി ഈയിനത്തില്‍ വരുമാനം ലഭിക്കും.
പ്രായോഗികമല്ലെന്ന് വ്യാപാരികള്‍
40 ലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ലഭിക്കുക. ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവര്‍ക്കേ ഇ-വേ ബില്‍ എടുക്കാനാകൂ. അപ്പോള്‍ 40 ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള വ്യാപാരി എങ്ങനെ രണ്ടുലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം കൊണ്ടുപോകാന്‍ ഇ-വേ ബില്‍ എടുക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ചോദിക്കുന്നു.
ഇ-വേ ബില്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് കാട്ടി ധനമന്ത്രിക്ക് നിരവധിവട്ടം അപേക്ഷ നല്‍കിയിരുന്നു. ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഇപ്പോള്‍ ഏകപക്ഷീയമായി ഇ-വേ ബില്‍ നടപ്പാക്കുകയാണ്. ചെറുകിട വ്യാപാരികളെ തകര്‍ക്കാനേ ഇതുവഴിവയ്ക്കൂ എന്നും സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it