നികുതി റിട്ടേണ്‍ സമര്‍പ്പണം : കാലാവധി നീട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചെറുകിട സംരംഭകര്‍ക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി ഉള്‍പ്പെടെയുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസക്കാലം വരെ നീട്ടിക്കിട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവിധ വ്യവസായ മേഖലയിലുള്ളവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഇതുവരെ തീരുമാനം ഒന്നും പുറത്തുവന്നിട്ടില്ല.

ചരക്ക് സേവന നികുതിയും ആദായ നികുതിയും ഉള്‍പ്പെടെ ബിസിനസുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിവിധ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഏപ്രില്‍ 20 നും ഏപ്രില്‍ 22 നും ജിഎസ്ടി പ്രതിമാസ പാദവാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. ജിഎസ്ടിആര്‍ ഫോം വഴി കോംപൊസിഷന്‍ സ്‌കീമില്‍ തിരിച്ചടവുകള്‍ സമര്‍പ്പിക്കുന്നവര്‍ ഏപ്രില്‍ 30 നുമാണ് തിരിച്ചടവ് സമര്‍പ്പിക്കേണ്ടത്. ആദായ നികുതിയാണെങ്കില്‍ ജൂണ്‍ 15 നകമാണ് സമര്‍പ്പിക്കേണ്ടത്.
എന്നാല്‍ കോവിഡ് തരംഗം അതി രൂക്ഷമായ സാഹചര്യത്തില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ ആണ് ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്നത്. നികുതി അടവ് നീട്ടിക്കിട്ടണമെന്ന ആവശ്യവും വിവിധ മേഖലകളില്‍ നിന്നും ശക്തമാണ്. മൂന്നുമാസത്തേക്കെങ്കിലും കാലാവധി അനുവദിക്കുമെന്നാണ് മേഖലയിലെ പ്രതീക്ഷ.
മോറട്ടോറിയം നിശ്ചയിക്കാന്‍ കഴിയാത്ത ഈ അവസരത്തില്‍ നികുതി അടവ് കാലാവധി നീട്ടുക മാത്രമായിരിക്കും ഏക ആശ്വാസമെന്നും ഇടത്തരക്കാര്‍ പറുന്നു. കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംരംഭകര്‍. വ്യക്തികള്‍ക്കും ഈ അവസരത്തില്‍ നികുതി അടവ് നീട്ടല്‍ ആശ്വാസമാകും.


Related Articles

Next Story

Videos

Share it