കേരളത്തില്‍ ജി.എസ്.ടി ആംനസ്റ്റി പദ്ധതിക്ക് തുടക്കം
സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി നടപ്പാക്കുന്ന ജി.എസ്.ടി ആംനസ്റ്റി പദ്ധതിക്ക് ഇന്ന് തുടക്കമായി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സംസ്ഥാന ധനകാര്യമന്ത്രി ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കുടിശിക തുകയില്‍ ഇളവുകള്‍ക്കായി ഇന്ന് മുതല്‍ വ്യാപാരികള്‍ക്ക് ഓപ്ഷൻ നല്‍കാം.
ലക്ഷ്യം പഴയ ഫയലുകള്‍ തീര്‍പ്പാക്കല്‍
ജി.എസ്.ടി വകുപ്പില്‍ 1961 മുതലുള്ള കുടിശിക ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി സംവിധാനം കൊണ്ടുവന്നെങ്കിലും അതിനുമുമ്പുണ്ടായിരുന്ന വാറ്റ്, കെ.ജി.എസ്.ടി സംവിധാനങ്ങളിലെ കുടിശിക ഫലയുകള്‍ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് ആംനസ്റ്റി പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായും തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ആംനസ്റ്റി വരുന്നത്. സര്‍ക്കാരിലേക്ക് കിട്ടാനുള്ള നികുതി പിരിച്ചെടുക്കുകയെന്നതിനൊപ്പം കുടിശിക ഫലയുകള്‍ തീര്‍പ്പാക്കി വകുപ്പിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയെന്നത് കൂടി ഈ പദ്ധതിയുടെ ലക്ഷ്യമാണ്. 50,000 രൂപ വരെയുള്ള നികുതി കുടിശിക പൂര്‍ണ്ണമായും എഴുതി തള്ളും. 50,000 മുതല്‍ പത്തു ലക്ഷം വരെയുള്ളത് 70 ശതമാനം ഇളവുകളോടെ തീര്‍പ്പാക്കാനും വ്യാപാരികള്‍ക്ക് അവസരം ലഭിക്കും. വിവിധ സ്ലാബുകളില്‍ വിവിധ നിരക്കുകളിലാണ് ഇളവുകള്‍. കോടതി ഉള്‍പ്പടെയുള്ള നിയമവേദികളില്‍ നിലനില്‍ക്കുന്ന കേസുകളും ഇളവുകളോടെ തീര്‍പ്പാക്കാന്‍ അവസരമുണ്ടാകും.