ജി.എസ്.ടി വെട്ടിക്കുറച്ചു; തിയേറ്റര്‍ ഭക്ഷണം ഇനി കീശ കാലിയാക്കില്ല

തിയേറ്ററലെ ഭക്ഷണത്തിന് ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ തീരുമാനം. തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കൊടുക്കുന്ന അതേ ജി.എസ്.ടി നല്‍കിയാല്‍ മതി എന്നും സംസ്ഥാന ധനമന്ത്രി വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ഗെയിമിംഗ് മേഖലയ്ക്കാണ് വലിയ തിരിച്ചടിയായിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വരുമാനത്തിന് 28 ശതമാനം നികുതി ചുമത്താന്‍ ആണ് ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്കും ഇതേ നികുതി ചുമത്തും. എന്നാല്‍ ലോട്ടറി ഇതില്‍ ഉള്‍പ്പെടില്ല.

നസറ ടെക്‌നോളജീസ് പോലുള്ള ഓഹരികൾക്ക് ജി.എസ്. ടി തീരുമാനം വലിയ പ്രഹരമാകും. മുഴുവൻ പന്തയത്തുകയ്ക്കും ആണ് 28 ശതമാനം നികുതി. ഇപ്പോൾ 1.8 ശതമാനം ആയിരുന്ന നികുതിയാണ് ഇത്ര കണ്ട് ഉയർത്തിയത്. കുതിരപ്പന്തയത്തിനും ലോട്ടറിക്കും ചൂതാട്ടത്തിനും ഈടാക്കുന്ന അതേ നികുതി നിരക്ക് ഓൺ ലൈൻ ഗെയിമുകൾക്കും നൽകണം.

അര്‍ബുദമരുന്നിന് നികുതി ഇല്ല

അര്‍ബുദ മരുന്നുകളുടെ നികുതി ഒഴിവാക്കും. അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും ജി.എസ്.ടി എടുത്തുമാറ്റും. മാത്രമല്ല, രണ്ടു ലക്ഷം രൂപക്ക് മുകളില്‍ വില വരുന്ന സ്വര്‍ണത്തിന്റെ കേരളത്തിനുള്ളിലെ ക്രയവിക്രയത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്നതില്‍ അ്തിമ തീരുമാനവും ആയി.

എസ്.യു.വി ഇനത്തില്‍പെട്ട വാഹനങ്ങള്‍ക്ക് കൂടുതല്‍ സെസ് ഈടാക്കും. നാലു മീറ്ററില്‍ കൂടുതല്‍ നീളം, 1500 സി.സി എന്‍ജിന്‍ ശേഷി എന്നിങ്ങനെ വാഹന ഘടനയനുസരിച്ചാണ് സെസ് വര്‍ധന.

ജി.എസ്.ടി ട്രിബ്യൂണൽ

എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്.ടി ട്രിബ്യൂണൽ സ്ഥാപിക്കാനും ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്.


Related Articles
Next Story
Videos
Share it