Begin typing your search above and press return to search.
ഓഗസ്റ്റിൽ ദേശീയ ജി.എസ്.ടി വരുമാനം കുറഞ്ഞു; കേരളത്തില്‍ നിന്ന് ലഭിച്ചത് ₹2,306 കോടി
തുടര്‍ച്ചയായ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞമാസം ദേശീയതലത്തില്‍ ചരക്ക്-സേവന നികുതി (ജി.എസ്.ടി/GST) സമാഹരണം കുറഞ്ഞു. ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് ഓഗസ്റ്റില്‍ 1.59 ലക്ഷം കോടി രൂപയായാണ് സമാഹരണം താഴ്ന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ട് മാസം 1.6 ലക്ഷം കോടി രൂപയ്ക്കുമേല്‍ തുടര്‍ന്ന ശേഷമാണ് കഴിഞ്ഞമാസം പിരിവ് ഇതിന് താഴെയായത്. അതേസമയം, സമാഹരണം 1.5 ലക്ഷം കോടി രൂപയ്ക്കുമേല്‍ എത്തുന്നത് തുടര്‍ച്ചയായ ആറാം മാസമാണ്. 2022 ഓഗസ്റ്റിലെ 1.43 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞമാസം 11 ശതമാനം വര്‍ദ്ധനയുമുണ്ട്.
ജി.എസ്.ടിയും സെസും
കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി സമാഹരണത്തില്‍ 28,328 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി (CGST). സംസ്ഥാന ജി.എസ്.ടിയായി (SGST) 35,794 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (IGST) 83,251 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ ലഭിച്ചത് 11,695 കോടി രൂപ.
കേരളത്തില്‍ നിന്ന് ₹2,306 കോടി
കേരളത്തില്‍ കഴിഞ്ഞമാസം 2,306 കോടി രൂപ ജി.എസ്.ടിയായി പിരിച്ചെടുത്തു. 2022 ഓഗസ്റ്റിലെ 2,036 കോടി രൂപയേക്കാള്‍ 13 ശതമാനം അധികമാണിത്. കഴിഞ്ഞ 5 മാസങ്ങളിലും കേരളത്തില്‍ നിന്ന് 2,000 കോടി രൂപയ്ക്കുമേല്‍ ജി.എസ്.ടി സമാഹരിക്കപ്പെട്ടു. ജൂലൈയില്‍ പിരിച്ചത് 2,381 കോടി രൂപയായിരുന്നു.
കേരളത്തിന് കേന്ദ്ര വിഹിതമായി ₹2,472 കോടി
കേരളത്തിന് ഓഗസ്റ്റിലെ ജി.എസ്.ടി വിഹിതമായി ആകെ 2,472 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതില്‍ 1,035 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 1,437 കോടി രൂപ സംയോജിത ജി.എസ്.ടിയിലെ സംസ്ഥാന വിഹിതവുമാണ്. ജൂലൈയില്‍ ആകെ 2,534 കോടി രൂപ അനുവദിച്ചിരുന്നു.
മുന്നില്‍ മഹാരാഷ്ട്ര തന്നെ
മഹാരാഷ്ട്ര തന്നെയാണ് ജി.എസ്.ടി പിരിവില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞമാസം 23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 23,282 കോടി രൂപ മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചു. 16 ശതമാനം വളര്‍ച്ചയോടെ 11,116 കോടി രൂപയുമായി കര്‍ണാടകയാണ് രണ്ടാമത്. ഗുജറാത്തില്‍ നിന്ന് 12 ശതമാനം വളര്‍ച്ചയോടെ 9,765 കോടി രൂപയും തമിഴ്‌നാട്ടില്‍ നിന്ന് 13 ശതമാനം വളര്‍ച്ചയോടെ 9,475 കോടി രൂപയും ലഭിച്ചു. ജി.എസ്.ടി പിരിവ് ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്; വെറും മൂന്ന് കോടി രൂപ.
Next Story
Videos