കേരളത്തില്‍ ജി.എസ്.ടി പിരിവില്‍ 20% വളര്‍ച്ച, ദേശീയതലത്തില്‍ നേടിയത്‌ ₹1.67 ലക്ഷം കോടി

ചരക്ക് സേവന നികുതിയായി (ജി.എസ്.ടി/GST) കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാള്‍ 20 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, നടപ്പു വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവിലെ ജി.എസ്.ടി വിഹിതമായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 20,623 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന കാലയളവിലെ 19,657 കോടി രൂപയേക്കാള്‍ 5 ശതമാനം അധികമാണിത്.
ദേശീയതല സമാഹരണം 1.67 ലക്ഷം കോടി
കഴിഞ്ഞമാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.67 ലക്ഷം കോടി രൂപയാണ്. 2022 നവംബറിലെ 1.45 ലക്ഷം കോടി രൂപയേക്കാള്‍ 15 ശതമാനമാണ് വര്‍ദ്ധന. ഒക്ടോബറില്‍ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസത്തെ ജി.എസ്.ടി പിരിവില്‍ 30,420 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി (CGST). സംസ്ഥാന ജി.എസ്.ടിയായി (SGST) ലഭിച്ചത് 38,226 കോടി രൂപയാണ്. സംയോജിത ജി.എസ്.ടിയായി (IGST) 87,009 കോടി രൂപയും സെസ് ഇനത്തില്‍ 12,274 കോടി രൂപയും പിരിച്ചെടുത്തു.

കഴിഞ്ഞ മാസങ്ങളിലെ ജി.എസ്.ടി പിരിവ്

തുടര്‍ച്ചയായ ആറാം മാസമാണ് സമാഹരണം 1.6 ലക്ഷം കോടി രൂപ കവിയുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ സമാഹരണം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 13.32 ലക്ഷം കോടി രൂപ ജി.എസ്.ടി സമാഹരിച്ചിട്ടുണ്ട്.
11.9 ശതമാനമാണ് വര്‍ധന.

നടപ്പു വര്‍ഷത്തെ ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 1.66 ലക്ഷം കോടി രൂപയാണ്.

മുന്നില്‍ മഹാരാഷ്ട്ര
ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 18 ശതമാനം വളര്‍ച്ചയോടെ 25,585 കോടി രൂപയാണ് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്.
കര്‍ണാടക (11, 970 കോടി രൂപ), ഗുജാറാത്ത് (10,853 കോടി രൂപ), തമിഴ്നാട് (10,022 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ഐലന്‍ഡാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞമാസം ലഭിച്ചത് 31 കോടി രൂപ മാത്രം. 33 കോടി രൂപ നികുതി പിരിവുമായി മിസോറാമും തൊട്ടടുത്തുണ്ട്.

Related Articles

Next Story

Videos

Share it