സ്വര്‍ണത്തിന് ഇ-വേ ബില്‍, ആനുകൂല്യങ്ങള്‍ ഒഴിവാക്കി ജിഎസ്ടി കൗണ്‍സില്‍

സ്വര്‍ണം, വിലപിടിച്ച കല്ലുകള്‍ എന്നിവ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നതിന് ഇ-വേ ബില്ലുകള്‍ നിര്‍ബന്ധമാക്കി ജിഎസ്ടി കൗണ്‍സില്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഇടപാടുകള്‍ക്കാണ് ഇ-വേ ബില്‍ വേണ്ടിവരുക. നേരത്തെ 50000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് ഇടപാടുകള്‍ക്ക് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയപ്പോള്‍ സ്വര്‍ണത്തെ ഒഴിവാക്കിയിരുന്നു.

കേരള ധനമന്ത്രി കെ.എല്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് സ്വര്‍ണവെട്ടിപ്പ് തടയാന്‍ ഇ-വേ ബില്‍ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഉല്‍പ്പന്നങ്ങളുടെ നികുതി ഏകീകരണം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങളും സമിതി അംഗീകരിച്ചു. ഇതു പ്രകാരം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും.

5000 രൂപയ്ക്ക് മുകളില്‍ ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് 5 ശതമാനം ആണ് നികുതി. ഐസിയു മുറികളെ ഈ വിഭാഗത്തില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബ്രാന്‍ഡഡ് അല്ലാത്ത പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ചെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളും കേന്ദ്രം അവസാനിപ്പിച്ചു. ശര്‍ക്കര, ലസി, പനീര്‍, തൈര്, മാംസം, മീൻ, ഗോതമ്പ്, തേന്‍, ഓട്ട്‌സ് തുടങ്ങിയവയ്ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തും.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് ഈ മാസം അവസാനിക്കെ കാലാവധി ദീര്‍പ്പിക്കുന്ന കാര്യം ഇന്ന് ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. ന്ഷ്ടപരിഹാരം നല്‍കുന്നത് അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഓണ്‍ലൈന്‍ ഗെയിമിംഗിന് ഉള്‍പ്പടെ 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it