ഓഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധം; കേരളത്തില്‍ 5,000 കച്ചവടക്കാര്‍ക്ക് കൂടി ബാധകം

അഞ്ചുകോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് (e-invoice) സമര്‍പ്പിക്കണം. നിലവില്‍ 10 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് മാത്രം ബാധകമായ ചട്ടമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (CBIC) 5 കോടി രൂപയായി കുറച്ചത്. ഇതോടെ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും

ആര്‍ക്കാണ് ബാധകം?
2017-18 മുതല്‍ ഇതിനകം ഏതെങ്കിലും സാമ്പത്തിക വര്‍ഷം 5 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ചരക്കുനീക്കം, സേവനങ്ങള്‍, കയറ്റുമതി എന്നിവയ്ക്ക് ഇത് ബാധകമാണ്. കഴിഞ്ഞ മേയിലാണ് ബാധകമായ വിറ്റുവരവ് പരിധി സി.ബി.ഐ.സി അഞ്ചുകോടി രൂപയായി പരിഷ്‌കരിച്ചത്. ജി.എസ്.ടി വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ചട്ടം പാലിക്കാത്തവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല.
നേട്ടമോ കോട്ടമോ?
വിറ്റുവരവ് പരിധി കുറച്ചതോടെ നിരവധി ചെറുകിടക്കാര്‍ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും. കേരളത്തില്‍ ഏകദേശം 5,000 പേര്‍ ഈ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഓരോ ഇടപാടിനും ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതിന് പുറമേ ഇ-വേ ബില്ലും കരുതണം. ഇത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സിന്റെ പരിധിക്കുള്ളിലാകുന്നതോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പണം എന്നിവ കൂടുതല്‍ സുതാര്യമാകുമെന്നും നികുതി വരുമാനം മെച്ചപ്പെടുമെന്നും കേന്ദ്രം വിലയിരുത്തുന്നു. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടുന്നതും നികുതി വെട്ടിക്കുന്നതും തടയനാകുമെന്നും കേന്ദ്രം വാദിക്കുന്നു.
ബി2ബി ഇടപാടുകള്‍
ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് (B2B) ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് ബാധകം. https://einvoice1.gst.gov.in/ ഈ ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് ഇ-ഇന്‍വോയ്‌സ് എടുക്കേണ്ടത് (generate).
ഓരോ ഇടപാടിനും ഓരോ (unique) ഇന്‍വോയ്‌സ് റെഫറന്‍സ് നമ്പറോട് കൂടിയ ഇ-ഇന്‍വോയ്‌സ് ജനറേറ്റ് ചെയ്യപ്പെടും. ഇത് ഉടന്‍ ജി.എസ്.ടി പോര്‍ട്ടലിലേക്കും കൈമാറ്റം ചെയ്യപ്പെടും. ഇത് പിന്നീട് ഉത്പന്ന/സേവനങ്ങള്‍ വിറ്റവരും വാങ്ങിയവരും സമര്‍പ്പിച്ച രേഖകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകളില്ലെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കും. പൊരുത്തക്കേട് ഉണ്ടെങ്കില്‍ ആ ഇടപാടില്‍ തിരിമറിയുണ്ടെന്ന് വിലയിരുത്തി നികുതിവകുപ്പ് തുടര്‍ നടപടിയെടുക്കും.
പ്രത്യേക സാമ്പത്തിക മേഖലയിലെ (SEZ) സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മള്‍ട്ടിപ്ലക്‌സുകള്‍, യാത്രാ സര്‍വീസ് ഏജന്‍സികള്‍ എന്നിവയെ ഇ-ഇന്‍വോയ്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it