ജി.എസ്.ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം

രാജ്യത്ത് ജി.എസ്.ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം. കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന 2017-18 മുതല്‍ നടപ്പുവര്‍ഷം (2022-23) ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ദേശീയതലത്തിലെ മൊത്തം ജി.എസ്.ടി വെട്ടിപ്പ് 3.07 ലക്ഷം കോടി രൂപയാണ്.

ഇതില്‍ 1.03 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു. മൊത്തം വെട്ടിപ്പിന്റെ 34 ശതമാനം മാത്രമാണിത്. ഇക്കാലയളവില്‍ കേരളത്തിലെ ജി.എസ്.ടി വെട്ടിപ്പ് 3058 കോടി രൂപയാണ്. ഇത് ദേശീയതലത്തിലെ മൊത്തം വെട്ടിപ്പിന്റെ 0.99 ശതമാനം മാത്രമാണ്. 1,206 കോടി രൂപ കേരളത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. ജി.എസ്.ടി വെട്ടിച്ചതിന് കേരളത്തില്‍ ഇതുവരെ പത്ത് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
വെട്ടിപ്പ് കേസുകള്‍ കൂടുന്നു
2017-18ല്‍ ജി.എസ്.ടി വെട്ടിപ്പ് കേസുകള്‍ 424 എണ്ണമായിരുന്നു. 2022-23ല്‍ ഇത് 13,492 ആയി.
വെട്ടിപ്പില്‍ മുന്നില്‍ മഹാരാഷ്ട്ര
2017-18 മുതല്‍ ഈവര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ഏറ്റവുമധികം ജി.എസ്.ടി വെട്ടിപ്പ് നടന്നത് മഹാരാഷ്ട്രയിലാണ്; 60059 കോടി രൂപ. തിരിച്ചുപിടിച്ചത് 26066 കോടി രൂപ. 289 പേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലാവുകയും ചെയ്തു. 40507 കോടി രൂപയുമായി കേരളത്തിന്റെ അയല്‍ക്കാരായ കര്‍ണാടക രണ്ടാംസ്ഥാനത്തുണ്ട്. തിരിച്ചുപിടിച്ചത് വെറും 9473 കോടി രൂപ. അറസ്റ്റിലായവര്‍ 35 പേര്‍.
ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വെട്ടിപ്പ് കേരളത്തേക്കാള്‍ ഏറെ കൂടുതലാണ്. തെലങ്കാനയില്‍ 9783 കോടി രൂപ, തമിഴ്‌നാട്ടില്‍ 10698 കോടി രൂപ, ആന്ധ്രാപ്രദേശില്‍ 5755 കോടി രൂപ എന്നിങ്ങനെയും വെട്ടിപ്പുകള്‍ നടന്നു. ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും വെട്ടിപ്പ് 500 കോടി രൂപയിലും താഴെയാണ്.
സംസ്ഥാനത്തിന്റെ വാദം പൊളിയുന്നു
കേരളത്തിലെ ജി.എസ്.ടി വെട്ടിപ്പില്‍ സ്വര്‍ണവ്യാപാര മേഖലയെ സംശയമുനയില്‍ നിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളാണ് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പൊളിയുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
തകര്‍ക്കേണ്ടത് സമാന്തര വിപണിയെ
ജി.എസ്.ടിക്ക് മുമ്പ് വാറ്റ് കാലഘട്ടത്തില്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 5 ശതമാനമായിരുന്നു നികുതി. അക്കാലയളവില്‍ ഈ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ശരാശരി 650 കോടി രൂപ നികുതിവരുമാനമായി നേടിയിരുന്നു. ജി.എസ്.ടി വന്നശേഷം നികുതി വിഹിതം 50 ശതമാനമായി സംസ്ഥാനവും കേന്ദ്രവും പങ്കിടുന്ന സാഹചര്യമായിട്ടും 2021-22ല്‍ കേരളം നേടിയ നികുതിവരുമാനം 343 കോടി രൂപയാണ്.
അതായത്, സ്വര്‍ണമേഖലയില്‍ നിന്നുള്ള വിഹിതം കുറഞ്ഞിട്ടില്ലെന്ന് കാണാം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ നികുതിവെട്ടിപ്പില്‍ സ്വര്‍ണമേഖലയെ മാത്രം ബലിയാടാക്കിയുള്ള അന്വേഷണങ്ങളും പരിശോധനകളും നടപടികളും അവസാനിപ്പിക്കേണ്ടതാണെന്നും അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it