വ്യാജ ഐടിസി ക്ലെയിം: കമ്പനി കുറ്റം ചെയ്താല്‍, ജോലി രാജിവെച്ചാലും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെയും ശിക്ഷാനടപടി ഉണ്ടാകും

GST Composition
Image by Canva
Published on

വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) ക്ലെയിമുകളുമായി ബന്ധപ്പെട്ട ജിഎസ്ടി നിയമങ്ങള്‍ അതീവ കര്‍ശനമാണ്. മുംബൈ സെഷന്‍സ് കോടതി, അക്കൗണ്ടന്റായ അശുതോഷ് പാണ്ഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സമീപകാല വിധി, ജിഎസ്ടി തട്ടിപ്പുകളില്‍ കമ്പനി ഡയറക്റ്റര്‍മാര്‍ മാത്രമല്ല, ജീവനക്കാരും തുല്യ ഉത്തരവാദികളാണെന്ന് വ്യക്തമാക്കുന്നു. 'ഞാന്‍ വെറും ജീവനക്കാരനാണ്' എന്ന വാദം നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ല.

ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ (Sec 132)

സിജിഎസ്ടി നിയമം, 2017ലെ സെക്ഷന്‍ 132(1) പ്രകാരം താഴെ പറയുന്നവ ഗുരുതര കുറ്റകൃത്യങ്ങളാണ്:

  • വ്യാജ ഇന്‍വോയ്‌സ്: യഥാര്‍ത്ഥത്തില്‍ സാധനങ്ങളോ, സേവനങ്ങളോ നല്‍കാതെ വ്യാജ ഇന്‍വോയ്‌സ് നിര്‍മിച്ച് ഐടിസി കൈപ്പറ്റുക.

  • വഞ്ചനാപരമായ ഐടിസി ക്ലെയിം: വ്യാജ ബില്ലുകള്‍ ഉപയോഗിച്ചോ, അല്ലാതെയോ വഞ്ചനാപരമായി ഐടിസി ക്ലെയിം ചെയ്യുക.

  • രേഖകളില്‍ കൃത്രിമം: നികുതി വെട്ടിക്കാന്‍ സാമ്പത്തിക കണക്കുകളില്‍ കൃത്രിമം കാണിക്കുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്യുക.

തട്ടിപ്പിന്റെ വ്യാപ്തിയും ശിക്ഷാവിധികളും

തട്ടിപ്പ് തുകയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നിശ്ചയിക്കുന്നത്: ഒരു കോടി മുതല്‍ രണ്ട് കോടി രൂപ വരെ: ഒരു വര്‍ഷം വരെ തടവും തുകക്ക് തുല്യമായ പിഴയും.

രണ്ട് കോടി മുതല്‍ അഞ്ച് കോടി രൂപ വരെ: മൂന്ന് വര്‍ഷം വരെ തടവും തുകക്ക് തുല്യമായ പിഴയും.

അഞ്ച് കോടി രൂപക്ക് മുകളില്‍: അഞ്ച് വര്‍ഷം വരെ തടവും തുകക്ക് തുല്യമായ പിഴയും.

അഞ്ച് കോടി രൂപക്ക് മുകളിലുള്ള തട്ടിപ്പുകള്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാണ്. കൂടാതെ, സെക്ഷന്‍ 69 പ്രകാരം രണ്ട് കോടി രൂപക്ക് മുകളില്‍ തട്ടിപ്പ് നടന്നാല്‍ ജിഎസ്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരം എഫ്‌ഐആര്‍ ഇല്ലാതെ തന്നെ നേരിട്ട് അറസ്റ്റ് ചെയ്യാം.

അശുതോഷ് പാണ്ഡെയുടെ കേസില്‍ 20.30 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

സെക്ഷന്‍ 137 ന്റെ പ്രസക്തി

കമ്പനി കുറ്റം ചെയ്യുമ്പോള്‍ ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്ന ഡയറക്റ്റര്‍മാര്‍, മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കുറ്റത്തില്‍ പങ്കാളിത്തമോ, ശ്രദ്ധക്കുറവോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരും തുല്യ കുറ്റക്കാരാകും. ജോലി രാജിവെച്ചാലും കുറ്റം നടന്ന സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ കേസ് നിലനില്‍ക്കും.

കൂടാതെ സെക്ഷന്‍ 69 പ്രകാരം, രണ്ട് കോടി രൂപക്ക് മുകളില്‍ തട്ടിപ്പ് നടന്നാല്‍ ജിഎസ്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിയെ നേരിട്ട് അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. ഇത്തരം അറസ്റ്റുകള്‍ക്ക് എഫ്‌ഐആറിന്റെ ആവശ്യം പോലുമില്ലെന്നതാണ് ഗൗരവം.

പാണ്ഡെ കേസ് നല്‍കുന്ന പാഠങ്ങള്‍

1. ഒടിപി തെളിവാണ്: നിങ്ങളുടെ ഫോണിലേക്ക് വരുന്ന ജിഎസ്ടി ഒടിപി ഉപയോഗിച്ച് ആരെങ്കിലും വ്യാജ ഫയലിങ് നടത്തിയാല്‍

നിങ്ങള്‍ ഒരു active participant ആണെന്ന് കോടതി കണക്കാക്കും.

2. 'മുതലാളി പറഞ്ഞു' എന്നത് രക്ഷയാകില്ല: നിയമവിരുദ്ധമായ നിര്‍ദേശം അനുസരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയില്ല; ഒത്താശ ചെയ്താല്‍ നിങ്ങളും പ്രതിയാകും.

3. ജാമ്യം ലഭിക്കില്ല: അഞ്ച് കോടി രൂപക്ക് മുകളില്‍ തട്ടിപ്പ് നടന്നാല്‍ ജാമ്യം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഉടന്‍ അറസ്റ്റും ഉണ്ടാകാം.

4. ബാങ്ക് ഇടപാടുകള്‍: സര്‍ക്കുലര്‍ ട്രേഡിങ്ങിനും വ്യാജ ഇ-വേ ബില്ലുകള്‍ക്കുമായി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാല്‍ നിങ്ങള്‍ കുടുങ്ങും.

5. രാജിവെച്ചാലും രക്ഷയില്ല: കുറ്റം നടക്കുമ്പോള്‍ നിങ്ങള്‍ ജോലിയില്‍ ഉണ്ടായിരുന്നെങ്കില്‍, പിന്നീട് രാജിവെച്ചാലും കേസ് നിലനില്‍ക്കും.

എന്ത് ചെയ്യണം?

ജീവനക്കാര്‍ക്കായി: എഴുതിനല്‍കാത്ത ഒരു നിര്‍ദേശവും അനുസരിക്കരുത്. സംശയാസ്പദമായ ബില്ലുകള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എച്ച്ആറിനോ, ഉയര്‍ന്ന ഉദ്യോഗസ്ഥനോ ഇ-മെയില്‍ അയച്ച് സംശയം രേഖപ്പെടുത്തുക. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്, ജിഎസ്ടി ലോഗിന്‍, ഒടിപി എന്നിവ ആര്‍ക്കും കൈമാറരുത്.

ഉടമകള്‍ക്കായി: സ്റ്റാഫിന് ജിഎസ്ടിനിയമങ്ങളെക്കുറിച്ച് കൃത്യമായ പരിശീലനം നല്‍കുക. പ്രതിമാസം ഏടഠഞ2 ആയും പര്‍ച്ചേസ് രജിസ്റ്ററും തമ്മില്‍ പൊരുത്തപ്പെടുത്തുക ചെയ്യുന്നതുള്‍പ്പെടെയുള്ള ഇന്റേണല്‍ ഓഡിറ്റ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.

ജിഎസ്ടി നിയമങ്ങളില്‍ അറിവില്ലായ്മഒരു ഒഴികഴിവല്ല. സംശയമുള്ള സാഹചര്യങ്ങളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയോ, ടാക്‌സ് അഡ്വക്കേറ്റിന്റെയോ നിയമോപദേശം തേടുക.

(കേരള ഹൈക്കോടതിയിലെ അഭിഭാഷകനും ജിഎസ്ടി ഉള്‍പ്പെടെയുള്ള ബിസിനസ് നിയമങ്ങളുടെ ഉപദേശകനുമാണ്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന K.S Hariharan & Asosciatesന്റെ സാരഥിയും 'GST നിയമങ്ങള്‍ മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ലേഖകന്‍. ജവ:98462 27555, 98950 69926).

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com