Begin typing your search above and press return to search.
ജി.എസ്.ടി തട്ടിപ്പില്‍ മുന്നില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും; കേരളത്തില്‍ താരതമ്യേന കുറവ്
രാജ്യത്ത് വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനിലൂടെ ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്ന സംസ്ഥാനം ഡല്‍ഹി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3,028 കോടി രൂപയുടെ തട്ടിപ്പുകള്‍ ഡല്‍ഹിയില്‍ നടന്നുവെന്നാണ് ചരക്ക്-സേവന നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2,201 കോടി രൂപയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയാണ് രണ്ടാമത്. ഉത്തര്‍പ്രദേശില്‍ 1,645 കോടി രൂപയുടെയും ആന്ധ്രയില്‍ 765 കോടി രൂപയുടെയും തട്ടിപ്പ് നടന്നു.
മറ്റുള്ളവരുടെ പേരിലെ ആധാറും പാന്‍ കാര്‍ഡും മറ്റും ഉപയോഗിച്ച് വ്യാജമായി ജി.എസ്.ടി രജിസ്‌ട്രേഷന്‍ നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം വ്യാജ കമ്പനികള്‍ എന്തെങ്കിലും ഉത്പന്നമോ സേവനമോ വിറ്റഴിക്കാതെയും നല്‍കാതെയും കൃത്രിമ ബില്ലുകള്‍ സൃഷ്ടിച്ചശേഷം, നികുതി മുന്‍കൂറായി അടച്ചെന്ന് കാട്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. രാജ്യത്താകെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4,153 വ്യാജ സ്ഥാപനങ്ങളിലൂടെ 12,036 കോടി രൂപയുടെ ഐ.ടി.സി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇതില്‍ 2,358 വ്യാജ സ്ഥാപനങ്ങളെ കേന്ദ്ര ജി.എസ്.ടി വകുപ്പ് കണ്ടെത്തുകയും 1,317 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ 152 കോടിയുടെ വെട്ടിപ്പ്
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസത്തിനിടെ 42 വ്യാജ സ്ഥാപനങ്ങളിലൂടെ 152 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് നടന്നത്. വ്യാജ കമ്പനികളെ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ ജി.എസ്.ടി വകുപ്പ് നടപടികളെടുക്കാറുണ്ട്. ഇത്തരം വ്യാജ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കുകയും പണം പിഴസഹിതം തിരികെപ്പിടിക്കുകയും ചെയ്യും. കേരളത്തില്‍ മൂന്നുമാസത്തിനിടെ തിരികെപ്പിടിച്ചത് 4 കോടി രൂപയാണ്.
Next Story
Videos