
നിലവിലെ ജിഎസ്ടി സംവിധാനത്തില്‍ ചില ന്യൂനതകള്‍ ഉണ്ടായേക്കാമെന്നും അത് മികച്ചതാക്കാന്‍ നികുതി പ്രൊഫഷണലുകളുള്‍പ്പെടയുള്ളവര്‍ സഹകരിക്കണമെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരോക്ഷനികുതിയിലെ ഏറ്റവും വലിയ പരിഷ്‌കാരമായി കണക്കാക്കപ്പെടുന്ന ചരക്ക് സേവന നികുതി സംവിധാനത്തെ ശപിക്കരുതെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പൂനെയില്‍ സംരംഭകരും വ്യവസായികളും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമടങ്ങുന്ന സദസ്സുമായി സംവദിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. അശാസ്ത്രീയമായി നടപ്പിലാക്കിയ ജി.എസ്.ടിയെപ്പറ്റി പരാതി പറഞ്ഞ വ്യവസായിക്കു നേരെ സ്വരമുമുയര്‍ത്തി അവര്‍. കോസ്റ്റ് അക്കൗണ്ടിങ് അസോസിയേഷന്റെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍, ജി.എസ്.ടിയിലെ പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ തുനിഞ്ഞപ്പോഴാണ് മന്ത്രി ഇടപെട്ടത്.
'വ്യവസായികളും പൊതുജനങ്ങളുമെല്ലാം ജി.എസ്.ടിയെ പ്രതീക്ഷിക്കുന്നത് നല്ലതും ലളിതവുമായ നികുതി ആയിട്ടാണ്. വ്യാപാരം നടത്തുന്നതിന്റെ സങ്കീര്‍ണതകള്‍ ഇല്ലാതാവാനും അഴിമതി ഒഴിവാക്കാനും ഭരണപ്രക്രിയ ലളിതമാവാനും വരുമാനം വര്‍ധിക്കാനും ജി.എസ്.ടി സഹായിക്കും എന്നാണ് കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല. ജി.എസ്.ടിയില്‍ അഞ്ച് മാറ്റങ്ങള്‍ ഞങ്ങള്‍ക്ക് നിര്‍ദേശിക്കാനുണ്ട്. ഡല്‍ഹിയില്‍ വന്ന് അങ്ങയെ കാണാന്‍ അവസരം നല്‍കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ജി.എസ്.ടി നല്ലതും ലളിതവുമായ നികുതി ആയിമാറും. ഇപ്പോള്‍ എല്ലാവരും സര്‍ക്കാരിനെ ശപിക്കുകയാണ്; വ്യവസായികളും കണ്‍സള്‍ട്ടന്റുമാരും ഓഡിറ്റര്‍മാരുമെല്ലാം.' ഇപ്രകാരമായിരുന്നു പരാതി ഉയര്‍ന്നത്.
'നിങ്ങള്‍ക്ക് അഞ്ചല്ല അമ്പത് പേരുമായി ഡല്‍ഹിയില്‍ വരാം; അഞ്ചോ അമ്പതോ നിര്‍ദേശങ്ങള്‍ നല്‍കാം. പക്ഷേ, ക്ഷമിക്കണം. അത് നടപ്പിലാക്കാന്‍ കഴിയില്ല. ഈ രാജ്യത്ത്, വളരെ കാലത്തിനു ശേഷം, പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളും എല്ലാ സംസ്ഥാന സര്‍ക്കാരുകളും ചര്‍ച്ച ചെയ്താണ് ഈ കാര്യം തീരുമാനിച്ചത്. എന്തൊരു മോശം രീതിയാണിത് എന്ന് പെട്ടെന്ന് പറയാന്‍ പാടില്ല. രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ഒന്നാം ദിവസം മുതല്‍ക്കേ ജി.എസ്.ടി നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ ആവാത്തതില്‍ ക്ഷമിക്കണം. പാര്‍ലമെന്റും സംസ്ഥാനങ്ങളും പാസാക്കിയ നിയമമാണിത്. അതിനെ ശപിക്കാന്‍ പാടില്ല.' നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച പരാതികള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാനുമാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും നിയമത്തെ നിന്ദിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine