ജി.എസ്.ടി ആംനസ്റ്റി; 50,000 രൂപ വരെയുള്ള കുടിശിക എഴുതിത്തള്ളും

സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക നിവാരണത്തിനായി നടപ്പാക്കാനിരിക്കുന്ന ആംനസ്റ്റി പദ്ധതിയില്‍ 50,000 രൂപ വരെയുള്ള കുടിശിഖ എഴുതിത്തള്ളും. കുടിശികയുള്ളവരില്‍ ഏറ്റവും കുറവ് തുക അടക്കാനുള്ളവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. അമ്പതിനായിരത്തില്‍ കൂടുതലുള്ള കുടിശിക തുകകളെ മൂന്നു സ്ലാബുകളാക്കി തിരിച്ചാണ് ഇളവ് നല്‍കുന്നത്. ഏഴു വര്‍ഷം മുമ്പ് ദേശീയ തലത്തില്‍ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍, വാറ്റ്, കെ.ജി.എസ്.ടി സംവിധാനങ്ങളിലെ നികുതിയടവ് കുടിശിഖയായിരുന്നു. 2022 ല്‍ ആംനസ്റ്റി പ്രഖ്യാപിച്ചെങ്കിലും കുടിശിക നിവാരണം പൂര്‍ണ്ണമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാരിന് വരുമാനമുണ്ടാക്കുകയെന്നതിനേക്കാള്‍ പഴയ ഫയലുകള്‍ തീര്‍പ്പാക്കി വകുപ്പിന്റെ പ്രവര്‍ത്തനം സുഗമമാക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ജി.എസ്.ടി വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഇളവ് എഴുപത് ശതമാനം വരെ

കുടിശിക നിവാരണത്തിന് ഇത്തവണ നാല് സ്ലാബുകള്‍ ആണ് ഉള്ളത്. 50,000 രൂപയില്‍ താഴെയുള്ള സ്ലാബിലാണ് എല്ലാ കുടിശികയും എഴുതി തള്ളുന്നത്. ഈ വ്യാപാരികള്‍ ഒന്നും അടക്കേണ്ടതില്ല. ഏതാണ്ട് 20,000 വ്യാപാരികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രണ്ടാമത്തെ സ്ലാബ് 50,001 രൂപ മുതല്‍ പത്തു ലക്ഷം വരെ കുടിശികയുള്ളവര്‍ക്കുള്ളതാണ്. ഇതില്‍ നികുതി കുടിശികയുടെ ഏഴുപത് ശതമാനം ഇളവ് ലഭിക്കും. അടക്കാനുള്ള നികുതിയുടെ മുപ്പത് ശതമാനം അടച്ചാല്‍ മതിയാകും. പത്തു ലക്ഷം മുതല്‍ ഒരു കോടി വരെ കുടിശികയുള്ളവരുടെ മൂന്നാമത്തെ സ്ലാബില്‍ അറുപത് ശതമാനം ഇളവാണ് ലഭിക്കുക. ഇതേ സ്ലാബില്‍ തന്നെ കോടതിയില്‍ കേസുകളുള്ള അകൗണ്ടുകളാണെങ്കില്‍ ഇളവ് അമ്പത് ശതമാനമാണ്. ഒരു കോടി രൂപക്ക് മുകളിലുള്ള കുടിശികകള്‍ക്ക് മുപ്പത് ശതമാനമാണ് ഇളവ്. ഇതില്‍ തന്നെ നിയമത്തര്‍ക്കം ഉള്ളവയില്‍ ഇരുപത് ശതമാനം ഇളവ് മാത്രമാണ് ലഭിക്കുക.

ആംനസ്റ്റി ഓഗസ്റ്റ് ഒന്നുമുതല്‍

ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ആംനസ്റ്റി പദ്ധതി നിലവില്‍ വരുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ വ്യാപാരികള്‍ കുടിശിക നിവാരണത്തിന് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ നല്‍കണം. ഡിസംബര്‍ 31 നുള്ളില്‍ ആംനസ്റ്റി നടപടികള്‍ അവസാനിക്കും. രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ ഒന്നിന് മുമ്പുള്ള ഫയലുകളിലെ കുടിശികയാണ് ഇത്തവണ പരിഗണിക്കുന്നത്. അമ്പതിനായിരത്തോളം ഫയലുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1961 മുതല്‍ കുടിശികയായ ഫയലുകളും ഇതിലുണ്ട്. ഒപ്ഷന്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യാപാരികള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി സഹായം ലഭിക്കും.

Related Articles
Next Story
Videos
Share it