ബില്‍ അപ്‌ലോഡ് ചെയ്താല്‍ ജി.എസ്.ടി വക വമ്പന്‍ സമ്മാനം

ദീര്‍ഘകാലമായി കാത്തിരിക്കുന്ന 'മേരാ ബില്‍ മേരാ അധികാര്‍' പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്‍വോയ്‌സ് പ്രോത്സാഹന പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ഇന്‍വോയ്‌സ് അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനം.

ചില്ലറ വ്യാപാരികളില്‍ നിന്നോ മൊത്തക്കച്ചവടക്കാരില്‍ നിന്നോ സ്വീകരിച്ച ഇന്‍വോയ്‌സ് ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന വ്യക്തികള്‍ക്ക് പ്രതിമാസം അല്ലെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ സമ്മാനം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അപ്‌ലോഡ് ചെയ്യേണ്ടത് ഇവയെല്ലാം

ആപ്പില്‍ അപ്‌ലോഡ് ചെയ്ത ഇന്‍വോയ്സില്‍ വില്‍പ്പനക്കാരന്റെ ജി.എസ്.ടി.ഐ.എന്‍ (GSTIN), ഇന്‍വോയ്സ് നമ്പര്‍, അടച്ച തുക, നികുതി തുക എന്നിവ ഉണ്ടായിരിക്കണം. ഒരു വ്യക്തിക്ക് ഒരു മാസത്തിനുള്ളില്‍ പരമാവധി 25 യഥാര്‍ത്ഥ ഇന്‍വോയ്സുകള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും, ഇന്‍വോയ്സിന് കുറഞ്ഞത് 200 രൂപയുടെ വാങ്ങല്‍ മൂല്യം ഉണ്ടായിരിക്കണം. ഓരോ മാസവും 500-ലധികം കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് നടത്തും.

ഒരു പാദത്തില്‍ രണ്ട് ഭാഗ്യ നറുക്കെടുപ്പുകള്‍ നടത്തുമെന്നും അതില്‍ ഒരു കോടി രൂപ സമ്മാനത്തുക ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. ഐ.ഓ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ 'മേരാ ബില്‍ മേരാ അധികാര്‍' മൊബൈല്‍ ആപ്പ് ലഭിക്കും. പദ്ധതി അന്തിമഘട്ടത്തിലാണ്, ഈ മാസം ആദ്യം തന്നെ ഇത് ആരംഭിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ലക്ഷ്യം നികുതി വെട്ടിപ്പ് തടയല്‍

ജിഎസ്ടി വെട്ടിപ്പ് തടയാനാണ് ഈ നീക്കം. വാര്‍ഷിക വിറ്റുവരവ് 5 കോടി രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം ഇലക്ട്രോണിക് ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 'മേരാ ബില്‍ മേരാ അധികാര്‍' പദ്ധതി ഇലക്ട്രോണിക് ഇന്‍വോയ്‌സ് ഉറപ്പാക്കും. വില്‍പ്പനക്കാരനില്‍ നിന്ന് യഥാര്‍ത്ഥ ഇന്‍വോയ്സുകള്‍ ആവശ്യപ്പെടാന്‍ പൗരന്മാരെയും ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it