ജി.എസ്.ടി: ആംനസ്റ്റി പദ്ധതി പ്രശ്നങ്ങള്‍ പരിഹരിക്കുമോ?

ജി.എസ്.ടി (ചരക്ക് സേവന നികുതി) നടപ്പായിട്ട് അഞ്ചുവര്‍ഷം പിന്നിട്ടെങ്കിലും ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇതുവരെ മാറിയിട്ടില്ല. പലപ്പോഴും നികുതിദായകര്‍ക്ക് ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ജി.എസ്.ടി നിയമങ്ങള്‍ ബാധ്യതയായി മാറാത്ത തരത്തില്‍ ആംനസ്റ്റി സ്‌കീം നടപ്പാക്കുന്നത് നികുതിദായകര്‍ക്ക് വലിയ ആശ്വാസമായിരിക്കും. 2021 ല്‍ ഇത്തരത്തില്‍ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത് വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു.
അടിക്കടി മാറ്റങ്ങള്‍
നടപ്പായതിന് ശേഷം ജി.എസ്.ടി നിയമത്തില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് നികുതിദായകര്‍ക്കിടയില്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ ചെറുതല്ല. ഏകദേശം ആയിരത്തിലേറെ അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍ ഇതിനോടകം നിയമത്തില്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇ-ഇന്‍വോയ്സിംഗ് തുടക്കത്തില്‍ 500 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ബാധകമാക്കിയിരുന്നതെങ്കില്‍ പിന്നീട് 10കോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്കും ബാധകമാക്കി.
ഇത് അഞ്ചുകോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്കും ബാധകമാക്കുകയാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും ഇ-വേ ബില്‍ എടുക്കുമ്പോഴുമെല്ലാം പലവിധത്തിലുള്ള ബുദ്ധിമുട്ട് ഇപ്പോഴും നേരിടുന്നുണ്ട്.
ബില്‍ഡര്‍മാര്‍ക്ക് തിരിച്ചടി
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) എടുക്കാന്‍ അവസരമില്ല എന്നത് ബില്‍ഡര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ്. ജി.എസ്.ടി വരുന്നതിന് മുമ്പ് ഒരു കോമ്പൗണ്ടിംഗ് രീതി നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ സൗകര്യമില്ല. രണ്ട് തരത്തിലുള്ള നിരക്കാണ് ഇന്നുള്ളത്. റസിഡന്‍ഷ്യല്‍ പ്രോജക്റ്റ് നിര്‍മാണത്തില്‍ (പാര്‍പ്പിട പദ്ധതി) അഫോര്‍ഡബ്ള്‍ യൂണിറ്റിന് ഒരു ശതമാനവും നോണ്‍ അഫോര്‍ഡബ്ള്‍ യൂണിറ്റിന് അഞ്ച് ശതമാനവും ജി.എസ്.ടി നല്‍കുന്നു.
അതോടൊപ്പം അത്യാവശ്യ വസ്തുവായ സിമന്റ് 28 ശതമാനം ജി.എസ്.ടി നല്‍കി വാങ്ങിയാല്‍ അതിന്റെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ അവസരമില്ല. ഇത് ഫ്‌ളാറ്റിന്റെ വില കൂടാന്‍ കാരണമാകുകയും ആത്യന്തികമായി ഉപഭോക്താവിനെ ബാധിക്കുകയും ചെയ്യുന്നു. ഒന്നുകില്‍ ഐ.ടി.സി ഇല്ലാതെ ഒരു ശതമാനവും അഞ്ച് ശതമാനവും നികുതി ഈടാക്കുക. അല്ലെങ്കില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കി എല്ലാ തരത്തിലുമുള്ള ഐ.ടി.സിയും എടുക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് പ്രതിവിധി.
ഏകീകരണമില്ല
സെക്ഷന്‍ 97 എസ്.ജി.എസ്.ടി (സംസ്ഥാന ചരക്ക് സേവനനികുതി) പ്രകാരം അഡ്വാന്‍സ് റൂളിംഗില്‍ ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് സംശയമോ വിശദീകരണമോ ആവശ്യപ്പെട്ടാല്‍ പല സംസ്ഥാനങ്ങളും പല ഉത്തരങ്ങളാണ് നല്‍കുന്നത്. 2017 ല്‍ ജി.എസ്.ടി നടപ്പാക്കുന്ന സമയത്ത് ഐ.ടി.സി നികുതിദായകരെ സംബന്ധിച്ച് നാല് തരത്തിലുള്ള നിബന്ധനകളാണ് പാലിക്കപ്പെടേണ്ടിയിരുന്നതെങ്കില്‍ പിന്നീടത് അഞ്ചും ആറുമായി മാറി.
ഒരു മാസത്തെ വരവ് ഫയല്‍ ചെയ്യാന്‍ കഴിയാതെ പോയാല്‍ പിന്നെ പോര്‍ട്ടല്‍ നിശ്ചലമായിപ്പോകുന്ന സ്ഥിതിയാണ്. ഓഡിറ്റ്, നിരീക്ഷണം, വിലയിരുത്തല്‍ എന്നിവയുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ കാര്യക്ഷമമല്ലാത്ത വെബ്സൈറ്റിലൂടെ പിഴ, പലിശ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ കണക്ക് ലഭ്യമായിരുന്നില്ല. ഇപ്പോഴാണ് മാറ്റം വന്നത്. എത്ര അടയ്ക്കണം എന്ന് വ്യക്തമാകാത്തതിനാല്‍ അത് അടക്കാത്തവര്‍ക്ക് പിന്നീട് നോട്ടീസ് വരുന്നു.
ഐ.ടി.സി എടുത്തത് തെറ്റാണ്, റിവേഴ്സ് ടാക്സ് ഉപയോഗിച്ച രീതി ശരിയല്ല തുടങ്ങി നിരവധി കാരണങ്ങള്‍ കാട്ടി ഇപ്പോഴും നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. 2021ലെ ആംനസ്റ്റി പദ്ധതി അനുസരിച്ച് ലേറ്റ് ഫീസില്‍ ചെറിയ കിഴിവ് കൊണ്ടുവന്നിരുന്നു. എന്നാല്‍ പലിശയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പുതിയ ആംനസ്റ്റി പദ്ധതിയിലൂടെ നികുതിദായകര്‍ക്ക് ഉപകാരപ്പെടുന്ന തീരുമാനങ്ങള്‍ ഉണ്ടാകണം.
ഇ-വേ ബില്‍ എടുക്കുന്നതിലും 2എ, 3ബി ഫയല്‍ ചെയ്യുമ്പോഴും വരുന്ന നിസാര തെറ്റുകള്‍ക്ക് ശിക്ഷ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. 2017 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പലിശയും പിഴയും പൂര്‍ണമായോ ഭാഗികമായോ ഇതിലൂടെ ഒഴിവാക്കണം.ചരക്ക്/സേവനം നല്‍കി അതിന്റെ പണം ലഭിക്കാന്‍ 180 ദിവസത്തില്‍ കൂടുതലായാല്‍ അതിന്റെ നികുതി പലിശയോട് കൂടി റിവേഴ്സ് ചെയ്യണമെന്ന നിയമവും ആശങ്കയുണ്ടാക്കുന്നു. ഇത് ബിസിനസ് മേഖലയെ മുഴുവനായും ബാധിക്കുന്ന ഒന്നാണ്.
ലേഖനം തയ്യാറാക്കിയത്: സ്റ്റാന്‍ലി ജെയിംസ് (എച്ച് ആന്‍ഡ് എസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍, എംഡി Saju & co)