
ജിഎസ്ടി നിയമം നിലവില്‍ വന്നിട്ട് എട്ട് വര്‍ഷം പിന്നിടുകയാണ്. 2017 ജൂലൈ ഒന്ന് മുതല്‍ ഇതുവരെ 55 ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നു. തുടര്‍ന്ന് ജിഎസ്ടി നിയമത്തില്‍ ആയിരക്കണക്കിന് നോട്ടിഫിക്കേഷനുകള്‍, സര്‍ക്കുലറുകള്‍, വിശദീകരണക്കുറിപ്പുകള്‍ തുടങ്ങിയവ സംരംഭകര്‍ക്കായി ഇറക്കിയിട്ടുണ്ട്. ഓരോ ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗുകളും കൂടുന്ന മുറയ്ക്ക് പത്തിലധികം നോട്ടിഫിക്കേഷനുകളും അതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും പുറത്തിറക്കി. മുന്‍ കാലങ്ങളില്‍ ബജറ്റിന് ശേഷമാണ് ഓരോ സാമ്പത്തിക വര്‍ഷവും നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നത്. ജിഎസ്ടിയുടെ വരവിന് ശേഷം ഓരോ കൗണ്‍സില്‍ മീറ്റിംഗുകളിലും മാറ്റം വരുത്തിത്തുടങ്ങി. ഇതെല്ലാം സംരംഭകര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
സര്‍ക്കാര്‍ കരാറുകാര്‍ സങ്കീര്‍ണമായ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ ബില്‍ ഡിസ്‌കൗണ്ട് സിസ്റ്റം (BDS)എന്ന സംവിധാനം വഴിയാണ് കരാറുകാര്‍ക്ക് കരാറിന്റെ തുക ലഭിക്കുന്നത്. സര്‍ക്കാര്‍ അധികാരികള്‍ വന്ന് അളവ് തിട്ടപ്പെടുത്തി ഇ-ബുക്ക് വഴി പിന്നീട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് മാത്രമേ കരാറുകാര്‍ക്ക് ഇന്‍വോയ്സ് വാല്യു അറിയാന്‍ സാധിക്കുകയുള്ളൂ. ജിഎസ്ടി നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി സിസ്റ്റം മാറ്റാത്തത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 51, 52 പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ പ്രകാരമുള്ള വിതരണത്തിന്റെ ആകെ മൂല്യം 2,50,000 രൂപയില്‍ കൂടുതലാകുമ്പോള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും രണ്ട് ശതമാനം/ഒരു ശതമാനം എന്നിങ്ങനെ ടിഡിഎസ്/ടിസിഎസ് പിടിക്കേണ്ടതാണ്. അധികാരികള്‍ ഈ നികുതി സമയബന്ധിതമായി GSTR 7 പ്രകാരം ഉചിതമായ ജിഎസ്ടി അക്കൗണ്ടിലേക്ക് അടയ്ക്കുകയും വേണം. ഇതില്‍ വരുന്ന കാലതാമസം കരാറുകാരുടെ ITC ക്രെഡിറ്റിനെ ദോഷകരമായി ബാധിക്കുന്നു. ജിഎസ്ടിയുടെ തുടക്കത്തില്‍ സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബാധകമായിരുന്ന 12 ശതമാനം ജിഎസ്ടി നിരക്ക് 2022ല്‍ 18 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കരാര്‍ മേഖലയില്‍ സര്‍ക്കാര്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്ക് ഒരു പരിധിവരെ റീഫണ്ട് ലഭിച്ചിരുന്നത് ഈ നിരക്ക് വര്‍ധന വന്നതോടെ നഷ്ടപ്പെടുന്ന സ്ഥിതിയായി.
ഒരു രാജ്യം ഒരു നികുതി എന്ന തത്വം ആയിരുന്നു ജിഎസ്ടി വിഭാവനം ചെയ്തതെങ്കില്‍ നിലവില്‍ 7,8 വ്യത്യസ്ത നിരക്കുകാളാണ് ഉള്ളത്. മറ്റൊരു പ്രധാന വിഷയം അഡ്വാന്‍സ് തുക ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ചരക്ക് വിതരണമാണെങ്കില്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ലെന്നും സേവനം ആണെങ്കില്‍ തുക ലഭിക്കുന്ന സമയത്ത് തന്നെ ജിഎസ്ടി അടക്കണം എന്നുള്ളതുമാണ്. ഇതിന്റെ ഏകീകരണവും അനിവാര്യമാണ്.
ജിഎസ്ടി ഓഡിറ്റ് കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ഓഫീസര്‍മാര്‍ വിവിധ രീതിയിലാണ് നടത്തിവരുന്നത്. ചില ഉദ്യോഗസ്ഥര്‍ അസസ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഷങ്ങളിലേയും കൂടി വീണ്ടും ഓഡിറ്റിന് നോട്ടീസ് തരുന്നത് സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുന്നു. ഇതിനു പുറമെ ബുക്കുകള്‍ കൃത്യമായി സൂക്ഷിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് സെക്ഷന്‍ 74 പ്രകാരമുള്ള തട്ടിപ്പ് കേസുകളായി കണക്കാക്കി നോട്ടീസുകള്‍ അയയ്ക്കുന്നതും തെറ്റായപ്രവണതയാണ്. നിരവധി കോടതി ഉത്തരവുകള്‍ ഇതിന് വിരുദ്ധമായിട്ടാണ് നിരീക്ഷണം നടത്തിയിട്ടുള്ളത്.
റിട്ടേണ്‍ പരിശോധന, ഓഡിറ്റ് തുടങ്ങിയ സന്ദര്‍ഭത്തില്‍ ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 73 പ്രകാരം നോട്ടീസുകള്‍ അയച്ചാല്‍ ബാധ്യതയുള്ള കൂട്ടര്‍ക്ക് ജിഎസ്ടി നിയമത്തിലെ ആംനെസ്റ്റി സ്‌കീം (2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍) പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിപ്പോയ കൂട്ടര്‍ക്ക് പോലും ആംനെസ്റ്റിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. ജിഎസ്ടിയുടെ തുടക്കത്തില്‍ ചെറിയ തെറ്റുകളും കുറവുകളും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മാപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും അത് ജലരേഖയായി. അഞ്ച് വര്‍ഷ കാലാവധിക്ക് ശേഷവും ഉദ്യോഗസ്ഥര്‍ 2018-19 കാലഘട്ടത്തിലെ നികുതിയും 18 ശതമാനം പലിശയും 100 ശതമാനം പിഴയും ഈടാക്കുന്നതും പുനഃപരിശോധിക്കേണ്ടതാണ്.
ഒരു വ്യാപാരിക്ക് റീഫണ്ട് കൊടുക്കാന്‍ താമസം വരുന്ന സമയത്ത് ആറ് ശതമാനം പലിശ മാത്രം സര്‍ക്കാര്‍ കൊടുക്കുകയും, എന്നാല്‍ വ്യാപാരികള്‍ക്ക് എതിരായുള്ള ഡിമാന്‍ഡുകള്‍ക്ക്18 ശതമാനം പലിശ കൊടുക്കേണ്ടി വരുന്നതും പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
-കരാര്‍ മേഖലയില്‍ ജിഎസ്ടിക്ക് മുമ്പ് ഉണ്ടായിരുന്ന കോംപൗണ്ടിംഗ് നികുതി (ഇന്‍പുട്ട് ടാക്സ് എടുക്കാതെ) കൊണ്ടുവരിക. നിലവിലുള്ള 18 ശതമാനം നികുതി ഇന്‍പുട്ട് (ITC) ആനുകൂല്യത്തോട് കൂടി തുടരുക.
- കേന്ദ്ര ബജറ്റിന്റെ സമയത്ത് മാത്രം നികുതി നിരക്കിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക.
- കരാറുകാരുടെ ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം ഒഴിവാക്കി സ്വന്തമായി റണ്ണിംഗ് അക്കൗണ്ട് ബില്ലുകള്‍ പ്രാബല്യത്തിലാക്കുക.
- ടിഡിഎസ്, ടിസിഎസ് എന്നിവ കിഴിവ് ചെയ്യുന്ന മുറയ്ക്ക് തന്നെ അധികാരികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുക.
- ജിഎസ്ടിആര്‍- 1 ഫയലിംഗില്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ നിലവില്‍ ഒമ്പത് ദിവസത്തെ സാവകാശം മാത്രമേ (GSTR 1A) ലഭിക്കുന്നുള്ളു. ഇത് കുറഞ്ഞത് മൂന്ന് മാസമാക്കുക.
* ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
(എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ജി.എസ്.ടി കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ യൂട്യൂബറും (ജി.എസ്.ടി ടോക്ക്) Saju&Co യിലെ മാനേജിംഗ് പാര്‍ട്ണറുമാണ്. Mob: 98471 48622)
Read DhanamOnline in English
Subscribe to Dhanam Magazine