ജി.എസ്.ടി മന്ത്രിതല സമിതിക്ക് പുതിയ ചെയര്‍മാനെ വേണം; കെ.എന്‍. ബാലഗോപാലിനും സാദ്ധ്യത

നിരക്കുകളും സ്ലാബുകളും പരിഷ്‌കരിക്കാനായി ജി.എസ്.ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ഓണ്‍ റേറ്റ് റാഷണലൈസേഷന്‍) പുതിയ ചെയര്‍മാന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുകയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവയ്ക്കുകയും ചെയ്തിരുന്നു. ചെയര്‍മാനായിരുന്ന ബൊമ്മൈയ്ക്ക് പകരക്കാരനെയാണ് സമിതി തേടുന്നത്.

കെ.എന്‍. ബാലഗോപാലിനും സാദ്ധ്യത
ചെയര്‍മാനടക്കം ഏഴ് അംഗങ്ങളാണ് ജി.എസ്.ടി മന്ത്രിതല സമിതിയിലുള്ളത്. കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഗോവ ഗതാഗത മന്ത്രി രാജ് ഗൊഡീഞ്ഞോ, രാജസ്ഥാന്‍ തദ്ദേശവകുപ്പ് മന്ത്രി ശാന്തികുമാര്‍ ധാരീവാല്‍, ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, ബംഗാള്‍ നഗരകാര്യ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ എന്നിവരാണ് നിലവില്‍ സമിതിയിലുള്ളത്. സമിതി അംഗമായിരുന്ന ബിഹാര്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് 2022 ഓഗസ്റ്റില്‍ പദവിയൊഴിഞ്ഞെങ്കിലും പകരക്കാരനെ നിയമിച്ചിട്ടില്ല.
സമിതി അംഗങ്ങളില്‍ നിന്ന് തന്നെ പുതിയ ചെയര്‍മാനെ നിശ്ചയിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിക്കുന്നതെങ്കില്‍ ധനമന്ത്രിയെന്ന നിലയില്‍ കെ.എന്‍. ബാലഗോപാലിനാണ് സാദ്ധ്യത. എന്നാല്‍, ഏതെങ്കിലും സംസ്ഥാനത്ത് നിന്നുള്ള അംഗം പദവിയൊഴിഞ്ഞാല്‍ ആ സംസ്ഥാനത്ത് നിന്ന് തന്നെ പുതിയ അംഗത്തെ നിയമിക്കാറുണ്ട്.
ഉദാഹരണത്തിന് ബംഗാള്‍ ധനമന്ത്രി അമിത് മിത്രയ്ക്ക് പകരമാണ് ചന്ദ്രിമ ഭട്ടാചാര്യ എത്തിയത്. എന്നാല്‍, കര്‍ണാടകയില്‍ അധികാരത്തിലേറുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കീഴ്‌വഴക്കം പാലിക്കുന്നില്ലെങ്കിലോ സമിതിയില്‍ ചേരുന്നില്ലെന്ന് തീരുമാനിച്ചാലോ ചെയര്‍മാനായി ബാലഗോപാലിന് നറുക്കുവീഴാനാണ് സാദ്ധ്യതയേറെ. അടുത്തമാസം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
സമിതിയുടെ പ്രവര്‍ത്തനോദ്ദേശ്യം
5, 12, 18, 28 എന്നിങ്ങനെ സ്ലാബുകളാണ് ഔദ്യോഗികമായി ജി.എസ്.ടിയിലുള്ളത്. നിത്യോപയോഗ വസ്തുക്കളാണ് പ്രധാനമായും 5 ശതമാനം സ്ലാബിലുള്ളത്. 28 ശതമാനം സ്ലാബില്‍ ആഡംബര ഉത്പന്ന/സേവനങ്ങളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളുമാണുള്ളത്. 28 ശതമാനം സ്ലാബ് കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ വേണ്ടതുണ്ടോ, 12, 18 ശതമാനം സ്ലാബുകള്‍ ലയിപ്പിച്ച് 15 ശതമാനമെന്ന ഒറ്റ സ്ലാബ് ആക്കണോ, ഏതെങ്കിലും ഉത്പന്ന/സേവനങ്ങളുടെ സ്ലാബില്‍ മാറ്റം വരുത്തണോ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദേശം സമര്‍പ്പിക്കുകയാണ് മന്ത്രിതല സമിതിയുടെ ദൗത്യം.
നിലവില്‍ ജി.എസ്.ടിയിലെ റവന്യു ന്യൂട്രല്‍ റേറ്റ് 11.5 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നികുതി വരുമാന നഷ്ടം ഉണ്ടാകാതെ സാമ്പത്തിക ഭദ്രത നിലനിര്‍ത്താനുള്ള ശരാശരി നികുതിയാണ് റവന്യു ന്യൂട്രല്‍ റേറ്റ്. ജി.എസ്.ടിക്ക് മുമ്പ് ഇത് 16 ശതമാനമായിരുന്നു. റവന്യു ന്യൂട്രല്‍ റേറ്റ് തിരികെ 16 ശതമാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രവും ജി.എസ്.ടി കൗണ്‍സിലും നികുതി പരിഷ്‌കാരം ആലോചിച്ചത്.
നികുതികള്‍ മാറുമോ?
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കേ ജി.എസ്.ടി നിരക്കുകളിലും സ്ലാബുകളിലും പൊളിച്ചടുക്കലിന് കേന്ദ്രം തയ്യാറാകില്ലെന്നാണ് സൂചനകള്‍. ബി.ജെ.പിക്ക് ഏറെ നിര്‍ണായകമായ രാജസ്ഥാനിലടക്കം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കേ സാമ്പത്തികരംഗത്ത് വലിയ ഉലച്ചിലുകൾക്ക് ഇടയാക്കുന്ന നിര്‍ണായക തീരുമാനങ്ങളുണ്ടാകാന്‍ സാദ്ധ്യത വിരളമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it