'നികുതി വളര്‍ച്ചയില്‍ രാജ്യത്ത് ഏറ്റവും പിന്നില്‍ കേരളം'

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നികുതി വളര്‍ച്ചയില്‍ രാജ്യത്ത് ഏറ്റവും പിന്നിലായി കേരളമെത്തിയെന്ന് റിപ്പോര്‍ട്ട്. മറ്റ് പ്രധാന സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ 32 പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ വെളിവാകുന്നു. പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തായിരുന്നു പഠനം.

നികുതി സമാഹരണത്തിലെ വന്‍വീഴ്ചയാണ് റിപ്പോര്‍ട്ടിലുള്ളത്. 2016 - 2021 കാലത്ത് കേരളം കൈവരിച്ച വളര്‍ച്ച 2 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്.

കേന്ദ്ര ഗ്രാന്റ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിലായി. കേരളം 16ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഹരിയാനയും, ജാര്‍ഖണ്ഡും, ഛത്തിസ്ഗഢും വരെ കേരളത്തെക്കാള്‍ മുന്നിലാണ്. അതേ സമയം, മദ്യം, ലോട്ടറി അടക്കം നികുതിയേതര വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായിട്ടുമില്ല. ഈ ഇനത്തില്‍ 22 ശതമാനം വളര്‍ച്ച നേടി കേരളം നാലാം സ്ഥാനത്തെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കിന്റെയും, സി.എ.ജിയുടെയും ജി.എസ്.ടി വകുപ്പിന്റെയും കണക്കുകള്‍ താരതമ്യം ചെയ്താണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്.

5 വര്‍ഷത്തെ കടം

നികുതി വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടുവെങ്കിലും ചെലവുകള്‍ക്ക് കുറവൊന്നുമില്ല. റവന്യൂ ചെലവില്‍ രാജ്യത്ത് ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യൂ ചെലവ്. ബംഗാളാണ് കേരളത്തിന് തൊട്ടുപിന്നില്‍. സാമ്പത്തിക പ്രതിസന്ധിയിലും ഒന്നാം ഇടതുപക്ഷ സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിക്ക് കൂടുതല്‍ തുക നീക്കി വച്ചിരുന്നു. എന്നാല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തില്‍ ഇക്കാര്യത്തില്‍ 2016-21 വരെ 19 സംസ്ഥാനങ്ങളില്‍ കേരളം 17ാമതാണ്.

ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികള്‍ക്ക് കേരളത്തെക്കാള്‍ വിഹിതം നീക്കിവച്ചു. 2016ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കടം 1,89,768 കോടിയാണ്. എന്നാല്‍ 2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കടം 3,08,386 കോടിയായെന്നാണ് കണക്കുകള്‍ പറയുന്നത്.

തുടരുന്ന ധൂര്‍ത്ത്

ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെപ്പോലെ രണ്ടാം ഭരണ തുടര്‍ച്ചയുടെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ധൂര്‍ത്തിന് കുറവില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചെലവില്‍ കുതിപ്പാണ്. ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ പുതിയ തസ്തികകളുണ്ടാക്കി. കഴിവുള്ള ഉദ്യോഗസ്ഥരെ അവഗണിച്ച് വിരമിച്ച ഇഷ്ടക്കാരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി വിവിധ തലങ്ങള്‍ നിയമിച്ചു.

ആര്‍.ബി.ഐ പറയുന്നു, വളര്‍ച്ചയില്ല

2021-22 വര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് മടങ്ങാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കും പറയുന്നു. ബാങ്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സംസ്ഥാനങ്ങളില്‍ കേരളം ഏറ്റവും വലിയ ഇടിവാണ് (2.94 ശതമാനം) രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടും തെലങ്കാനയും യഥാക്രമം 7.51 ശതമാനം, 4.69 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് സൂചിക ഇപ്പോഴും ഇടിവിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it