തൊഴില്‍ നികുതിയില്‍ വന്‍ വര്‍ധന; കുറഞ്ഞ ശമ്പളക്കാര്‍ക്ക് കൂടുതല്‍ ഭാരം, പുതിയ നിരക്കുകള്‍ ഇങ്ങനെ


കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന തൊഴില്‍ നികുതിയില്‍ (പ്രൊഫഷണല്‍ ടാക്‌സ്) വന്‍ വര്‍ധന. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നതോടെ കുറഞ്ഞ ശമ്പളക്കാര്‍ക്ക് കനത്ത തിരിച്ചടി. ചില സ്ലാബുകളില്‍ 200 ശതമാനത്തിലേറെയാണ് വര്‍ധന. ഇത് കൂടുതല്‍ ബാധിക്കുന്നത് കുറഞ്ഞ ശമ്പളക്കാരെയാണ്. ആറു മാസത്തെ ശമ്പളം 12,000 രൂപ മുതല്‍ 17,999 രൂപ വരെ ലഭിക്കുന്നവരുടെ ആറുമാസത്തെ നികുതി 120 രൂപയില്‍ നിന്ന് 320 രൂപയായാണ് ഉയര്‍ന്നത്. ഇതിന് തൊട്ടുമുകളിലുള്ള സ്ലാബുകളിലും വലിയ വര്‍ധനയാണുള്ളത്. കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ സ്ലാബുകളില്‍ നികുതി നിരക്കില്‍ മാറ്റമില്ല. സംസ്ഥാന ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരണം കൊണ്ടു വന്നത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നികുതി പിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അംഗീകൃത തൊഴിലാളികള്‍, സ്ഥാപനങ്ങള്‍ എന്നിവരാണ് നികുതി നല്‍കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ പിരിക്കാവുന്ന പരമാവധി തൊഴില്‍ നികുതി 2,500 രൂപയാണ്. ഉയര്‍ന്ന ശമ്പളക്കാരില്‍ നിന്ന് നിലവില്‍ 2,000 രൂപയാണ് ഈടാക്കുന്നത്.

പുതിയ നിരക്കുകള്‍ ഇങ്ങനെ

11,999 രൂപ ആറുമാസം ശമ്പളം ലഭിക്കുന്നവര്‍ക്ക് നികുതി ഇല്ല. അതിലേറെ ശമ്പളം വാങ്ങുന്നവര്‍ക്ക് അഞ്ചു സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. 12,000 രൂപ മുതല്‍ 17,999 രൂപ വരെയുള്ളവരുടെ നികുതിയാണ് 120 രൂപയില്‍ നിന്ന് 320 രൂപയായി വര്‍ധിപ്പിച്ചത്. 18,000 മുതല്‍ 29,999 രൂപ വരെ നികുതി 450 രൂപയാണ്. നേരത്തെ ഇത് 180 രൂപയായിരുന്നു. 30,000 രൂപ മുതല്‍ 44,999 രൂപ വരെ ശമ്പളമുള്ളവര്‍ ഇന്ന് മുതല്‍ 600 രൂപയാണ് നല്‍കേണ്ടത്. നേരത്തെ ഇത് 300 രൂപയായിരുന്നു. 45,000 രൂപ മുതല്‍ 99,999 രൂപവരെയുള്ള ശമ്പളക്കാരുടെ നികുതിയില്‍ വര്‍ധനയില്ല. 750 രൂപയാണ് ഈ വിഭാഗത്തിലെ നികുതി. 1,00,000 രൂപ മുതല്‍ 1,24,999 രൂപവരെയുള്ളവരുടെ വിഭാഗത്തിലും നികുതി വര്‍ധനയില്ലാതെ 1,000 രൂപയായി തന്നെ തുടരും.

Related Articles
Next Story
Videos
Share it