വിദേശത്തു നിന്ന് എത്ര പവന്‍ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും?
സഹോദരിയുടെ വിവാഹം ഒക്കെയല്ലേ, അറബിക് ഫാഷനിലെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി എയര്‍പോര്‍ട്ടില്‍ എത്തിയതാണ് സുബൈര്‍. എന്നാലോ എയര്‍പോര്‍ട്ടിലെ ചെക്കിംഗില്‍ എട്ടിന്റെ പണി കിട്ടി. 'പേപ്പര്‍' ഇല്ലാത്തതിന് കസ്റ്റംസ് തടഞ്ഞുവെച്ചു.
നാട്ടില്‍ നിന്നും വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പങ്കാളിക്കൊപ്പം പോയ ലക്ഷ്മിക്കും ഇതേ പണി തന്നെ കിട്ടി. കസ്റ്റംസ് ഇവരോട് ചോദിച്ചത് ഇങ്ങനെയാണ്, ''നിയമങ്ങളെപ്പറ്റി വലിയ ധാരണയൊന്നുമില്ലല്ലേ...''
സംഭവം സിനിമയിലേത് പോലെ ഒക്കെയുണ്ടെങ്കിലും സ്വര്‍ണവുമായി പറക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ശരിക്കും 'പണി' കിട്ടും.
എത്ര പവന്‍ സ്വര്‍ണം വിദേശത്തു നിന്നും നാട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയും? നാട്ടില്‍ നിന്നും വിദേശത്തേക്ക് സ്വര്‍ണം അണിഞ്ഞ് പോകുന്നതോടൊപ്പം കയ്യില്‍ കരുതാന്‍ കഴിയുമോ?
ഉത്തരം:
കസ്റ്റംസ് നിയമപ്രകാരം, പുരുഷന്മാര്‍ക്ക് 50,000 രൂപയുടെ സ്വര്‍ണം, സ്ത്രീകളെങ്കില്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണം എന്നിങ്ങനെയാണ് കൊണ്ടുവരാൻ കഴിയുക. കുട്ടികള്‍ക്കും ആൺ, പെൺ വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന, ഇതേ തുകയിലുള്ള സ്വര്‍ണം ആഭരണമായി കയ്യിൽ കരുതുന്നതിൽ തെറ്റില്ല.
ധരിച്ചിട്ടുള്ള സ്വര്‍ണം ഉള്‍പ്പെടെയുള്ള കണക്കാണിത്. എന്നാൽ ഇന്ത്യക്കാരുടെ നിത്യോപയോഗ ആഭരണങ്ങളിൽ സ്വർണം പ്രധാന ഘടകമായതിനാൽ താലി മാല, കാലിൽ അണിയുന്ന ചെയിൻ, ഒന്നോ രണ്ടോ വളകൾ,മോതിരങ്ങൾ എന്നിവയൊക്കെ പലപ്പോഴും പ്രശ്നമാകാറില്ലെന്നു അധികൃതർ പറയുന്നു.
പക്ഷെ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ കസ്റ്റംസ് വിഭാഗത്തിന് ചോദ്യം ചെയ്യാനും അധികമായി കയ്യിൽ വച്ചിട്ടുള്ള സ്വർണം പിടിച്ചെടുക്കാനും അധികാരമുണ്ട്. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ തുകയിൽ കൂടുതൽ സ്വർണം കയ്യില്‍ വച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് ഹെവി ഡ്യൂട്ടി, പിഴ എന്നിവയോടൊപ്പം ചിലപ്പോള്‍ വലിയ ശിക്ഷ എന്നിവ നേരിടേണ്ടി വരും.
ഡ്യൂട്ടി ഫീസ് എങ്ങനെ ?
50,000, 1,00,000 രൂപ എന്നിങ്ങനെ മുകളിൽ പറഞ്ഞിട്ടുള്ള മൂല്യത്തിൽ കൂടുതലായുള്ള സ്വര്‍ണം കയ്യിൽ വയ്‌ക്കേണ്ട സാഹചര്യം പലപ്പോഴും വന്നേക്കാം. അവ ഉപയോഗിക്കേണ്ടതായി ആവശ്യമുള്ള ആഭരണമാണെങ്കിൽ അത് നിങ്ങൾക്ക് കസ്റ്റംസിനെ അറിയിക്കാം.
അങ്ങനെ തൂക്കം കൂടുതലുള്ള നിത്യോപയോഗ ആഭരണങ്ങൾക്ക് 'അപ്പ്രൈസൽ സർട്ടിഫിക്കറ്റ്'(appraisal certificate) കയ്യിൽ സൂക്ഷിച്ചാൽ മതി. അംഗീകൃത ജൂവൽറികളിൽ നിന്നും ഇത് ലഭിക്കും. യാത്ര ചെയ്യും മുൻപ് ഇത് എടുത്തു വയ്ക്കണം. യാത്രയ്ക്ക് മുൻപുള്ള ദിവസമോ യാത്ര ചെയ്യുന്ന സമയത്തിനു വളരെ മുൻപോ എയർപോർട്ടിൽ എത്തി ഇത് കസ്റ്റംസ് കൗണ്ടറില്‍ സമർപ്പിക്കണം.
വിദേശത്തേക്ക് പോയ തീയതി, തിരികെ വരുന്ന തീയതി എന്നിവ കാണിക്കണം. കൂടുതൽ സ്വർണം ഉണ്ടെങ്കിൽ വിദേശ കറന്‍സിയിലാണ് ഡ്യൂട്ടി അടയ്‌ക്കേണ്ടത്. ഏത് വിദേശ കറന്‍സിയും ഇതിനായി സ്വീകരിക്കുന്നതാണ്.
ഒരു കിലോ സ്വർണം
മറ്റൊന്ന് ഡ്യൂട്ടി നല്‍കി ഒരു കിലോ സ്വർണം വരെ വിദേശത്തു നിന്ന് നാട്ടിലേക്ക് കൊണ്ടുവരാം എന്നതാണ്. ഇങ്ങനെ ചെയ്യണമെങ്കിൽ ഒരു വർഷമോ അതിനു മുകളിലോ കാലയളവിൽ വിദേശത്ത് താമസിച്ചവർക്ക് 16.5% ഡ്യൂട്ടിയും അല്ലാത്തവർക്ക് 44% ഡ്യൂട്ടിയും നല്കണം.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കൊണ്ടു പോകുമ്പോള്‍
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് സ്വര്‍ണം കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ നിന്നും എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. സമയമെടുക്കുന്ന പ്രക്രിയ ആയതിനാല്‍ തലേ ദിവസമേ ഇത് എടുത്ത് സൂക്ഷിക്കാവുന്നതാണ്. തിരിച്ചു വരുമ്പോഴും സര്‍ട്ടിഫിക്കേറ്റ് കയ്യില്‍ വയ്ക്കണം. നിങ്ങൾ കൊണ്ട് പോകുന്ന ആഭരണത്തിന്റെ ചിത്രമടങ്ങുന്നതായിരിക്കും ഈ രേഖ. അതിൽ കൂടുതൽ തിരികെ കൊണ്ട്വി വന്നാലും പണി കിട്ടും. വിദേശ രാജ്യത്ത് ഇത് വിറ്റിട്ടുണ്ടെങ്കില്‍ അതിനുള്ള രേഖയും കയ്യിൽ ഉണ്ടാകണം.
യാത്ര ചെയ്യുമ്പോൾ ആഭരണത്തിന്റെ തൂക്കം, രേഖകള്‍ എന്നിവ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കാനും, അധികമെങ്കില്‍ ഡ്യൂട്ടി അടയ്ക്കാനും വ്യക്തികള്‍ക്ക് ബാധ്യത ഉണ്ട്.