ഹിമാചലില്‍ മദ്യത്തിന് 'പശു സെസ്'; കുപ്പി ഒന്നിന് 10 രൂപ
മദ്യത്തിന് 'പശു സെസ്' (Cow cess) ഏര്‍പ്പെടുത്താന്‍ ഹിമാചല്‍ പ്രദേശ്. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഒരു കുപ്പി മദ്യത്തിന് 10 രൂപ പശു സെസ് ചുമത്തും. 100 കോടി രൂപ വരുമാനം സമാഹരിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് ഇന്ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചു. പ്രസ്തുത ബജറ്റിലാണ് മദ്യവില്‍പ്പനയ്ക്ക് പശു സെസ് ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ജിഡിപി വളര്‍ച്ച മന്ദഗതിയില്‍
സംസ്ഥാനത്തെ 12 ല്‍ അധികം ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ള ഗോശാലകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണങ്ങള്‍ക്കുമായി ധനം സമാഹരിക്കുന്നതിന് ഒരു കുപ്പി മദ്യത്തിന് പശു സെസായി സംസ്ഥാന എക്‌സൈസ് വകുപ്പ് ഇതിനകം 2 രൂപ ഈടാക്കുന്നുണ്ട്. 2022-23 കാലയളവില്‍ സംസ്ഥാനത്തിന്റെ ജിഡിപി വളര്‍ച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് ഈ സെസ് വര്‍ധന. 2021-22 ലെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി കുറഞ്ഞിരുന്നു.
മറ്റ് പ്രഖ്യാപനങ്ങളും
2026 മാര്‍ച്ച് 31-നകം സംസ്ഥാനത്തെ ഒരു 'ഹരിത ഊര്‍ജ സംസ്ഥാനമായി' വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മത്സ്യക്കുളങ്ങള്‍ നിര്‍മിക്കാന്‍ 80 ശതമാനം സബ്‌സിഡി നല്‍കും. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 212 രൂപയില്‍ നിന്ന് 240 രൂപയിലേക്ക് ഉയര്‍ത്തുക, 25,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ 25,000 രൂപ എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.