31നകം റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ പതിയിരിക്കുന്നത് പുതിയ കുരുക്ക്

ആദായ നികുതി റിട്ടേണ്‍ ജൂലൈ 31നകം സമര്‍പ്പിച്ചില്ലെങ്കില്‍ നികുതിദായകനെ കാത്ത് പുതിയ പ്രശ്‌നക്കുരുക്ക്. പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറേണ്ടി വരും.

2023-24 സാമ്പത്തിക വര്‍ഷത്തെ (അസസ്‌മെന്റ് ഇയര്‍ 2024-25) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ജൂലൈ 31. അതിനു ശേഷം ഡിസംബര്‍ 31 വരെയുള്ള സമയത്തും റിട്ടേണ്‍ സമര്‍പ്പിക്കാം. എന്നാല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ പുതിയ നികുതി സമ്പ്രദായത്തിനു കീഴിലേക്ക് സ്വാഭാവികമായി മാറുമെന്നാണ് ആദായനികുതി വകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ ചട്ടം പറയുന്നത്.

പഴയ സമ്പ്രദായത്തിലോ പുതിയ സമ്പ്രദായത്തിനു കീഴിലോ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നികുതി ദായകന് അവസരമുണ്ട്. എന്നാല്‍ നിശ്ചിത തീയതിക്ക് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഈ തെരഞ്ഞടുപ്പിനുള്ള അവസരം നഷ്ടപ്പെടുകയും പുതിയ നികുതി സമ്പ്രദായം സ്വീകരിക്കേണ്ടി വരുകയും ചെയ്യും.

2020ലാണ് പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അതില്‍ പുതിയ നികുതി സ്ലാബുകളും ഇളവു നിരക്കുകളുമാണ് ഉള്ളത്. ചില ഇളവുകള്‍ക്കും കിഴിവുകള്‍ക്കും നിയന്ത്രണമുണ്ട്. പഴയ സമ്പ്രദായം പ്രത്യേകമായി തെരഞ്ഞെടുത്തില്ലെങ്കില്‍ നികുതി ദായകന്‍ സ്വാഭാവികമായും പുതിയ നികുതി സമ്പ്രദായത്തിനു കീഴിലാവും.

പുതിയ സമ്പ്രദായത്തിനു കീഴില്‍ അടിസ്ഥാന നികുതിയൊഴിവ് രണ്ടര ലക്ഷം രൂപയില്‍ നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളത്തില്‍ നിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വീണ്ടും കൊണ്ടുവന്നു. ഏഴു ലക്ഷം വരെ വരുമാനമുള്ള വ്യക്തികള്‍ക്ക് 87-എ പ്രകാരം 100 ശതമാനം റിബേറ്റ് അനുവദിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it