2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികള്‍ക്ക് ലഭ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകള്‍ (ചാപ്റ്റര്‍ 6A)
2022- 2023 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി സ്‌റ്റേറ്റ്‌മെന്റ് ഫെബ്രുവരി മാസം ബന്ധപ്പെട്ട ഡിഡിഓയ്ക്ക് (DDO) സമര്‍പ്പിക്കുമ്പോള്‍ എന്തെല്ലാം കിഴിവുകളാണ് (ചാപ്റ്റര്‍ 6A) ക്ലെയിം ചെയ്യാന്‍ സാധിക്കുന്നത്. ഒരു പ്രധാനപ്പെട്ട സംശയമാണ്. ഈ വര്‍ഷം എന്തെല്ലാം മാറ്റങ്ങളാണ് ആദായ നികുതി ഘടനയില്‍ വന്നിരിക്കുന്നത്. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കാഴ്ച്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു.
(1) വകുപ്പ് 80 C
ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ച് പരമാവധി 150000/- രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇന്‍ഷുറന്‍സ് പ്രീമിയം, പിഎഫ് കോണ്‍ട്രിബ്യൂഷന്‍ ഉള്‍പ്പടെയുള്ളതിനാണ് മേല്‍പ്രകാരം 150000/ രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുക.
(2) വകുപ്പ് 80 CCD
ഇന്ത്യാ ഗവണ്‍മെന്റിന്റെ പെന്‍ഷന്‍ സ്‌കീമിലേക്കുള്ള കോണ്‍ട്രിബ്യൂഷന്‍ വകുപ്പ് 80 CCD അനുസരിച്ച് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. വകുപ്പ് 80 CCD (1) അനുസരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്കുള്ള കോണ്‍ട്രിബ്യൂഷന്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. വകുപ്പ് 80 C, വകുപ്പ് 80 CCD 1 പ്രകാരം പരമാവധി 150,000/- ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
വകുപ്പ് 80 CCD (2) അനുസരിച്ച് പരമാവധി 50,000 രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇങ്ങനെയുള്ള കിഴിവ് നേരത്തെ പറഞ്ഞ 150,000 രൂപ്ക്ക് പുറമെയാണ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നത് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിക്ഷേപിച്ചവര്‍ക്ക് മാത്രം)
(3) വകുപ്പ് 80 D
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ ക്ലെയിം ചെയ്യാവുന്ന ഒരു വകുപ്പാണ് 80 D. സാധാരണ പരിധി 25000/. എന്നാല്‍ പരമാവധി 100,000/ രൂപ വരെ ഈ വകുപ്പനുസരിച്ച് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ് (രക്ഷകര്‍ത്താക്കളുടെ വയസ്സ് കൂടി പരിഗണിച്ചിട്ട്). കൂടാതെ 60 വയസ്സ് തികഞ്ഞ രക്ഷകര്‍ത്താക്കള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലെങ്കില്‍ മെഡിക്കല്‍ ചെലവുകള്‍ വന്നിട്ടുണ്ടെങ്കില്‍ പരമാവധി 50,000 രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(4) വകുപ്പ് 80 DD
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ബന്ധുക്കളായ ആശ്രിതര്‍ക്ക് വേണ്ടി എന്തെങ്കിലും തുക ചെലവാക്കിയിട്ടുണ്ടെങ്കില്‍ പരമാവധി 75000 രൂപ (കടുത്ത ബുദ്ധിമുട്ടുള്ളവര്‍ക്ക് 1,25,000 രൂപ) ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(5) വകുപ്പ് 80 U
ഒരു വ്യക്തി ഡിസബിലിറ്റി ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ വകുപ്പനുസരിച്ച് പരമാവധി 75,000 രൂപയും സിവിയര്‍ ഡിസബിലിറ്റി ആണെങ്കില്‍ പരമാവധി 1,25,000 രൂപയും ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(6)വകുപ്പ് 80 DDB
വകുപ്പ് 80 DDB അനുസരിച്ച് പരമാവധി 40,000 രൂപ (റൂള്‍ 11DD അനുസരിച്ചുള്ള രോഗങ്ങള്‍ക്ക് സ്വയം തന്നെയൊ, ആശ്രിതരായ ബന്ധുക്കള്‍ക്ക് വേണ്ടിയോ തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. അതുപോലെ പ്രസ്തുത വകുപ്പനുസരിച്ച് 60 വയസ്സ് തികഞ്ഞ വ്യക്തികളുടെ രോഗങ്ങള്‍ക്ക് തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 100,000/- രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ് (റൂള്‍ 11DD അനുസരിച്ചുള്ള രോഗങ്ങള്‍ക്ക് സ്വയം തന്നെയൊ ആശ്രിതരായ ബന്ധുക്കള്‍ക്ക് വേണ്ടിയോ തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍).
(7)വകുപ്പ് 80 EEA
1/4/2019 നും 3/3/2021 നും ഇടയ്ക്ക് അനുവദിക്കപ്പെട്ട ഹൗസിംഗ് ലോണിന്റെ പലിശ പരമാവധി 150,000/- രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(8)വകുപ്പ് 80 EEB
1/4/2019 നും 3/3/2023 നും ഇടയ്ക്ക് അനുവദിക്കപ്പെട്ട ഇലക്ട്രിക് വാഹന വായ്പയുടെ പലിശയ്ക്ക് പരമാവധി 1,50,000 രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(9)വകുപ്പ് 80 G
ചില ഫണ്ടുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലേക്ക് സംഭാവന ക്യാഷ് ഒഴികെയുള്ള രീതിയില്‍ (സംഭാവന 2000/ രൂപയില്‍ കൂടുമ്പോള്‍) കൊടുത്താല്‍ ഈ വകുപ്പ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(10) വകുപ്പ് 80 GG
എച്ച് ആര്‍ എ കിട്ടുന്നില്ലെങ്കില്‍ ജീവനക്കാരന് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്ന കിഴിവാണ് വകുപ്പ് 80 GG (വീട്ടുവാടക കൊടുക്കുന്ന ജീവനക്കാര്‍ക്ക്)
(10) വകുപ്പ് 80 GGA
ശാസ്ത്രീയ പരീക്ഷണങ്ങള്‍ സംഭാവന കൊടുക്കുമ്പോള്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(10) വകുപ്പ് 80 TTA,80 TTB
ബാങ്ക്, സഹകരണ സംഘം, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് (സ്ഥിര നിക്ഷേപങ്ങള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍ എന്നിവ ഒഴികെ) പലിശ ലഭിക്കുകയാണെങ്കില്‍ മുതിര്‍ന്ന പൗരന്‍ ഒഴികെയുള്ളവര്‍ക്ക് പരമാവധി 10,000/- രൂപ വരെ കിഴിവിനായി ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. താങ്കള്‍ ഒരു മുതിര്‍ന്ന പൗരന്‍ ആണെങ്കില്‍ എല്ലാ നിക്ഷേപങ്ങളുടെയും പലിശ വകുപ്പ് 80 TTB അനുസരിച്ച് പരമാവധി 50,000/- രൂപ വരെ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.