ആദായനികുതിയില്‍ കര്‍ശന നിലപാട്, വരുമാനം മറച്ചുവെച്ചാല്‍ 200% പിഴ, ഇടത്തരക്കാര്‍ക്ക് ആശ്വാസം നാമമാത്രം

പുതിയ ടാക്‌സ് വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളക്കാര്‍ക്ക് ഇത്തവണയും ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ട്
Income Tax
Image courtesy: Canva
Published on

നികുതി നിബന്ധനകള്‍ ലഘൂകരിക്കുമ്പോഴും നികുതി വെട്ടിപ്പിനെതിരെ കര്‍ശന നിലപാടുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയോ (Misreporting) മറച്ചുവെക്കുകയോ ചെയ്താല്‍ നികുതിയുടെ 200 ശതമാനം വരെ പിഴ ചുമത്താന്‍ പുതിയ ആദായനികുതി നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.

മോദി 3.0 സര്‍ക്കാരിന്റെ ഒമ്പതാം ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നോക്കാം.

12.75 ലക്ഷം രൂപ വരെ നികുതിയില്ല

പുതിയ ടാക്‌സ് വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളക്കാര്‍ക്ക് ഇത്തവണയും ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയായി ഉയര്‍ത്തി. കൂടാതെ സെക്ഷന്‍ 87A റിബേറ്റ് 60,000 രൂപ വരെ ലഭിക്കും. ഇതോടെ 12.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ നികുതി നല്‍കേണ്ടി വരില്ല. നികുതി സ്ലാബുകള്‍ കൂടുതല്‍ ലഘൂകരിച്ചെങ്കിലും, റിബേറ്റ് പരിധി 15 ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന ശമ്പളക്കാരുടെ വലിയ ആവശ്യം ഭാഗികമായി മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ.

പഴയ വ്യവസ്ഥയ്ക്ക്‌ അന്ത്യം?

പുതിയ ടാക്‌സ് വ്യവസ്ഥയെ (New Tax Regime) കൂടുതല്‍ ആകര്‍ഷകമാക്കുമ്പോഴും പഴയ വ്യവസ്ഥയെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു. 80C പ്രകാരമുള്ള നിക്ഷേപ പരിധി ഉയര്‍ത്തുമെന്നോ ഭവനവായ്പ പലിശയിലെ ഇളവ് വര്‍ധിപ്പിക്കുമെന്നോ കരുതിയവര്‍ക്ക് മാറ്റങ്ങളൊന്നുമില്ല. നിക്ഷേപങ്ങളിലൂടെയുള്ള നികുതിയിളവ് രീതിയില്‍ നിന്ന് ആളുകളെ പൂര്‍ണമായും പുതിയ വ്യവസ്ഥയിലേക്ക് മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ വ്യക്തമായ ലക്ഷ്യം.

200 ശതമാനം പിഴ; ജാഗ്രത വേണം

നികുതി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് നിയമങ്ങള്‍ ലളിതമാക്കുമ്പോള്‍ തന്നെ, വരുമാനം മറച്ചുവെക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആദായനികുതി നിയമത്തിലെ പുതിയ ഭേദഗതികള്‍ പ്രകാരം വരുമാനം കുറച്ചു കാണിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ അടയ്‌ക്കേണ്ട നികുതിയുടെ 200 ശതമാനം വരെ പിഴ ഈടാക്കാം.

സാധാരണയായി അശ്രദ്ധ മൂലമോ വിട്ടുപോക്കോ കാരണം സംഭവിക്കുന്ന വരുമാനം കുറച്ചു കാണിക്കലിന് (Underreporting), നികുതി തുകയുടെ 50 ശതമാനമാണ് പിഴ ഈടാക്കുക. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ മനഃപൂര്‍വം വരുമാനം മറച്ചുവെക്കുകയോ ചെയ്യുന്ന 'മിസ് റിപ്പോര്‍ട്ടിംഗിന്' (Misreporting) നികുതി തുകയുടെ 200 ശതമാനം വരെ കനത്ത പിഴ ചുമത്തും.

ഓട്ടോമേറ്റഡ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് (AIS) വഴിയുള്ള നിരീക്ഷണം ശക്തമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആസ്തി വെളിപ്പെടുത്താന്‍ ഒറ്റത്തവണ പദ്ധതി

2026-ലെ ബജറ്റില്‍ ചെറുകിട നികുതിദായകര്‍ക്കായി സര്‍ക്കാര്‍ ഒരു പ്രത്യേക ഒറ്റത്തവണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനത്തെക്കുറിച്ചോ ആസ്തികളെക്കുറിച്ചോ തുറന്നുപറയാന്‍ ഈ പദ്ധതി അവസരം നല്‍കുന്നു. ഒരു കോടി രൂപ വരെ മൂല്യമുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്ത നികുതിദായകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആസ്തിയുടെ നിലവിലെ വിപണി മൂല്യത്തിന്റെയോ അല്ലെങ്കില്‍ വെളിപ്പെടുത്താത്ത വരുമാനത്തിന്റെയോ 30 ശതമാനം അടയ്ക്കേണ്ടി വരും. നികുതിയും പിഴയും ഈ ഒറ്റത്തവണ പേയ്മെന്റില്‍ ഉള്‍പ്പെടും. തുക അടച്ചു കഴിഞ്ഞാല്‍, നിയമനടപടികളില്‍ നിന്നും പ്രോസിക്യൂഷനില്‍ നിന്നും സംരക്ഷണം ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com