ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടച്ചില്ലെങ്കില്‍ പിഴ മാത്രമല്ല, നിങ്ങളുടെ ഈ സാമ്പത്തിക കാര്യങ്ങളെല്ലാം അവതാളത്തിലാകും

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന തീയതി അടുക്കാന്‍ മൂന്നോ നാലോ ദിവസം ബാക്കി നില്‍ക്കുമ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഐ-ടി നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കിയേക്കാമെന്നത് അറിയണം.

അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികള്‍ ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണം. ഇല്ല എങ്കില്‍ ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങള്‍ നടത്താനോ, ലോണ്‍ എടുക്കാനോ, ബിസിനസ് വരുമാനം രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല. വിദേശത്തേക്ക് പോകാനും തടസ്സമാകും.
നിങ്ങള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?
രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്ത വരുമാനമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. അറുപത് വയസിനും എണ്‍പത് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളില്‍ മൊത്ത വരുമാനമുള്ള വ്യക്തികള്‍, അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ തീര്‍ച്ചയായും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് / പാന്‍ നമ്പര്‍ കൊടുക്കണം. തൊഴിലുടമയില്‍ നിന്നുള്ള ഫോം-16, വീട് വാടക രസീതുകള്‍, ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍, ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പാസ്ബുക്ക്, ലോട്ടറി വരുമാനം, ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ ഇളവുകളോടെ ഫയല്‍ ചെയ്യാം.


Related Articles
Next Story
Videos
Share it