നികുതിദായകയുടെ ശ്രദ്ധയ്ക്ക്, ആദായനികുതി റിട്ടേൺ ഫോമിലെ മാറ്റങ്ങൾ ഇവയാണ് 

2019 ഏപ്രിൽ മാസത്തിൽ കേന്ദ്ര റവന്യൂ വകുപ്പ് നോട്ടിഫൈ ചെയ്ത പുതിയ ഇൻകം ടാക്സ് റിട്ടേൺ (ITR) ഫോമുകളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അനുസരിച്ച് നികുതിദായകർ ചില അധിക വിവരങ്ങൾ നൽകേണ്ടതായുണ്ട്. ജൂലൈ 31 ആണ് 2019-20 അസസ്മെന്റ് വർഷത്തേക്കുള്ള ITR സമർപ്പിക്കേണ്ട അവസാന തീയതി.

താഴെപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ചാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്:

  1. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരി
  2. ക്യാപിറ്റൽ ഗെയ്ൻസ്
  3. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN)
  4. ഇമ്മൂവബിൾ പ്രോപ്പർട്ടി കൈമാറ്റം
  5. റെസിഡൻഷ്യൽ സ്റ്റാറ്റസ്
  6. വിദേശ ആസ്തികൾ
  7. കാർഷിക വരുമാനം, പലിശ വരുമാനം

ക്യാപിറ്റൽ ഗെയ്ൻസ്

ലിസ്റ്റഡ് ആയിട്ടുള്ള ഓഹരിയോ ഇക്വിറ്റി അധിഷ്ഠിതമായ മ്യൂച്ച്വൽ ഫണ്ട് യൂണിറ്റോ വില്പന നടത്തിയതിൽ നിന്നുള്ള ദീർഘകാല ക്യാപിറ്റൽ ഗെയ്ൻസ് (LTCG) 1 ലക്ഷം രൂപയിൽ കവിഞ്ഞാൽ നികുതി നൽകണമെന്ന വ്യവസ്ഥ അവതരിപ്പിച്ചത് 2018 ബജറ്റിലാണ്. ഇപ്പറഞ്ഞ LTCG നികുതി 2019-20 അസസ്‌മെന്റ് വർഷം മുതൽ നിലവിൽ വരും.

2018-19 സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ പുതിയ ITR ഫോമിൽ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN) നൽകണം. കൂടാതെ കമ്പനിയുടെ പേര്, പാൻ നമ്പർ കൈവശമുള്ള ഓഹരിയുടെ എണ്ണം, വിറ്റ ഓഹരിയുടെ എണ്ണം എന്നിവ നൽകണം.

മേൽപ്പറഞ്ഞ ഡയറക്ടർമാർ ITR 2 അല്ലെങ്കിൽ ITR 3 ഫോമുകളാണ് സമർപ്പിക്കേണ്ടത്. മുൻവർഷം ITR 1 (SAHAJ) സമർപ്പിച്ചാൽ മതിയായിരുന്നു. കള്ളപ്പണവും കടലാസു കമ്പനികളുടെ രുപീകരണവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റം.

ഇമ്മൂവബിൾ പ്രോപ്പർട്ടി

സ്ഥാവരജംഗമ വസ്തുക്കൾ (ഇമ്മൂവബിൾ പ്രോപ്പർട്ടി) കൈമാറ്റം ചെയ്യുമ്പോഴത്തെ ക്യാപിറ്റൽ ഗെയ്ൻസിനെക്കുറിച്ചുള്ള വിവരങ്ങൾ പുതിയ ഫോമിൽ വെളിപ്പെടുത്തണം. കൈമാറ്റം ചെയ്ത പ്രോപ്പർട്ടിയുടെ വിലാസം, ബയറുടെ പേര്, പാൻ നമ്പർ എന്നിവയും നൽകണം. ഇടപാടിൽ ഒന്നിലധികം ബയർമാരുണ്ടെങ്കിൽ, ഇടപാടിൽ ഒരോർത്തരുടേയും ഷെയറും വെളിപ്പെടുത്തണം.

റെസിഡൻഷ്യൽ സ്റ്റാറ്റസ്

വ്യക്തികൾ തങ്ങളുടെ വരുമാനം ബിസിനസിൽ നിന്ന് ലഭിക്കുന്നതാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ITR 2 അല്ലെങ്കിൽ ITR 3 സമർപ്പിക്കേണ്ടത്. ഈ രണ്ട് ഫോമിലും നികുതി ദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വെളിപ്പെടുത്താനുള്ള കോളമാണ് ആണ് മാറ്റങ്ങളിൽ ഒന്ന്.

ഇൻകം ടാക്സ് ആക്ട് പ്രകാരം, ഒരു വ്യക്തിയുടെ മേൽ ചുമത്തുന്ന നികുതി അയാളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.

'റസിഡന്റ്' ആയിരുന്നോ 'നോട്ട് ഓർഡിനറിലി റസിഡന്റ്' ആയിരുന്നോ 'നോൺ–റസിഡന്റ്' ആയിരുന്നോ എന്ന വിവരങ്ങളും എത്ര ദിവസം ഇന്ത്യയിലുണ്ടായിരുന്നു എന്ന വിവരങ്ങളും പുതിയ ഫോമിൽ നൽകേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വർഷം നികുതിദായകൻ 182 ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്നതാണ് ഫോമിൽ വ്യക്തമാക്കേണ്ടത്. അതല്ലെങ്കിൽ കഴിഞ്ഞ വർഷം 60 ദിവസവും കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 365 ദിവസവും രാജ്യത്ത് തങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണം.

അൺലിസ്റ്റഡ് ഇക്വിറ്റി ഷെയറുകൾ

പുതുക്കിയ ഫോമിൽ, കഴിഞ്ഞ സാമ്പത്തിക വർഷം തങ്ങൾ ഏതെങ്കിലും അൺലിസ്റ്റഡ് ഇക്വിറ്റി ഷെയറുകൾ കൈവശം വച്ചിരുന്നോ എന്ന കാര്യം നികുതിദായകർ വെളിപ്പെടുത്തേണ്ടതുണ്ട്. കമ്പനിയുടെ പേര്, പാൻ നമ്പർ, കൈവശമുള്ള ഓഹരിയുടെ എണ്ണം, വിറ്റ ഓഹരിയുടെ എണ്ണം, വാങ്ങിയ തുക, ഇഷ്യൂ തുക തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതായുണ്ട്.

വിദേശ ആസ്തികൾ

വിദേശ ഡെപ്പോസിറ്ററി, കസ്റ്റോഡിയൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വിദേശ ആസ്തികൾ നികുതി ദായകർ വെളിപ്പെടുത്തണം. ഏതെങ്കിലും വിദേശ ആസ്തികളിൽ നടത്തിയ നിക്ഷേപങ്ങളിൽ (ഇക്വിറ്റി, ഡെറ്റ് തുടങ്ങിയവ) നിന്നും ലഭിച്ച നേട്ടം ഉണ്ടെകിൽ അതും പുതുക്കിയ ഫോമിൽ രേഖപ്പെടുത്തണം. രാജ്യത്തിൻറെ പേര്, സ്ഥാപനത്തിന്റെ പേര്, സ്വഭാവം, ആസ്തി ഏറ്റെടുത്ത തീയതി തുടങ്ങിയ വിവരങ്ങൾ സഹിതമാണ് നൽകേണ്ടത്.

ഇൻകം ടാക്സ് ആക്ട് പ്രകാരം കാർഷിക വരുമാനത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ പുതുക്കിയ ഫോമിൽ, കൃഷി ഭൂമിയുടെ വലിപ്പം, ജില്ല, വർഷം 5 ലക്ഷം രൂപയിലധികം വരുമാനമുണ്ടോ, ലീസിനെടുത്ത ഭൂമിയാണോ അതോ സ്വന്തം ഭൂമിയാണോ, മഴയെ ആശ്രയിക്കുന്ന കൃഷിയാണോ അതോ ജനസേചന സൗകര്യമുണ്ടോ എന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കണം.

പലിശയിനത്തിലുള്ള വരുമാനം

നികുതി നൽകേണ്ടതായുള്ള മറ്റു വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ പുതുക്കിയ ഫോമിൽ വ്യക്തമാക്കേണ്ടതുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഡെറ്റ് ഫണ്ടിൽ നിന്നുള്ള പലിശ, ഏതെങ്കിലും സർക്കാർ ഇൻസ്ട്രുമെന്റിൽ നിന്നുള്ള പലിശ, ഏതെങ്കിലും ഇന്ത്യൻ സ്ഥാപനത്തിന്റെ ഫോറിൻ കറൻസി ഡെറ്റിന്മേലുള്ള പലിശ എന്നിങ്ങനെ പല വിഭാഗങ്ങളിലായി തരം തിരിച്ചാണ് വിവരങ്ങൾ നൽകേണ്ടത്.

കൂടാതെ 80 വയസിന് മുകളിൽ പ്രായമുള്ളവർ ഒഴികെ എല്ലാവരും ആദായ നികുതി റിട്ടേൺ ഇ-ഫയലിംഗ് ചെയ്യണം എന്നത് നിർബന്ധമാക്കി. കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിൽ കുറഞ്ഞ വരുമാനമുള്ളവരും റീഫണ്ട് ക്ലെയിം ഇല്ലാത്തവരും കടലാസിൽ റിട്ടേൺ സമർപ്പിച്ചാൽ മതിയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it