ആദായനികുതി ഇളവ്: മാര്‍ച്ച് 31നകം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31നകം ഈ 5 കാര്യങ്ങള്‍ ചെയ്യണം.

തുറക്കാം എന്‍.പി.എസ് അക്കൗണ്ട്
സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതിയിളവ് നേടാനുള്ള പദ്ധതികളില്‍ നിങ്ങള്‍ നേരത്തേതന്നെ ചേര്‍ന്നിട്ടുണ്ടാകും. എന്നാല്‍, സെക്ഷന്‍ 80സി.സി.ഡി (1ബി) പ്രകാരം അധികമായി 50,000 രൂപയുടെ കൂടി ഇളവ് ലഭിച്ചാലോ!! അതിനായി ഇപ്പോള്‍ തന്നെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍.പി.എസ്) അക്കൗണ്ട് ആരംഭിക്കൂ.
നിങ്ങളുടെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ 10-15 മിനിട്ടിനകം എന്‍.പി.എസ് തുറക്കാം. അതിനായി എന്‍.പി.എസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ശ്രദ്ധിക്കാം മൂലധന നേട്ടനികുതി
ഓഹരിവിപണി ഇപ്പോള്‍ കനത്ത ചാഞ്ചാട്ടത്തിലാണ്. ഓഹരിയില്‍ നിന്നുള്ള ഒരുലക്ഷം രൂപയ്ക്കുമേലുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതിയുണ്ട്. അതുകൊണ്ട്, മാര്‍ച്ച് 31നകം ഈ പരിധിക്കുള്ളില്‍ വരുന്ന ഓഹരികള്‍ വിറ്റഴിച്ച് ലാഭമെടുക്കുക. ഇത് നികുതിയില്‍ നിന്ന് സംരക്ഷിക്കും. തൊട്ടടുത്തദിവസം തന്നെ നിങ്ങള്‍ക്ക് ആ ഓഹരികള്‍ തിരികെ വാങ്ങാനാകും.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഓഹരിയില്‍ നിന്ന് നഷ്ടമാണുള്ളതെങ്കില്‍ അതും നേട്ടമാക്കാം. എങ്ങനെയെന്നാല്‍, ഇപ്പോഴത് നഷ്ടത്തോടെ വിറ്റൊഴിഞ്ഞാല്‍ പിന്നീട് ഓഹരിയിന്മേലുണ്ടാകുന്ന നേട്ടത്തില്‍ നിന്ന് ആ നഷ്ടം കിഴിച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടച്ചാല്‍ മതി.
നേടാം ലൈഫ് ഇന്‍ഷ്വറന്‍സ്
അഞ്ചുലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക പ്രീമിയമുള്ള ലൈഫ് ഇന്‍ഷ്വറന്‍സുകളുടെ മെച്യൂരിറ്റി നടപടിക്രമങ്ങള്‍ക്ക് ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ നികുതി ഒഴിവാക്കിയിരുന്നു. ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. അതുകൊണ്ട്, നിങ്ങള്‍ ഇന്‍ഷ്വറന്‍സ് എടുക്കാനുദ്ദേശിക്കുന്നെങ്കില്‍ അത് ഇപ്പോള്‍ തന്നെ വാങ്ങുക.
നിക്ഷേപിക്കാം ഡെറ്റ് ഫണ്ടുകളില്‍
കുറഞ്ഞത് മൂന്നുവര്‍ഷം കൈവശം വയ്ക്കുന്ന ഡെറ്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 'ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം' ലഭിക്കും. അതായത്, റിട്ടേണും പണപ്പെരുപ്പവും തമ്മില്‍ കിഴിച്ചുള്ള നേട്ടത്തിന് നികുതിയടച്ചാല്‍ മതി. കൂടുതല്‍ വര്‍ഷത്തേക്ക് നിക്ഷേപം കൈവശം വച്ചാല്‍ ആനുകൂല്യവും ഉയരും. അതിനാല്‍, മാര്‍ച്ച് 31നകം നിക്ഷേപം വിറ്റൊഴിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
ബന്ധിപ്പിക്കാം പാനും ആധാറും
പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 31 ആണ്. അതിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഓഹരി വ്യാപാരം, ബാങ്ക് ഇടപാട് തുടങ്ങി ഒട്ടേറെക്കാര്യങ്ങളില്‍ നിങ്ങള്‍ പ്രതിസന്ധി നേരിടും. പാന്‍ അസാധുവുമാകും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it