
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ പുരോഗമിക്കുന്നതിനിടെ ലോക വ്യാപാര സംഘടന വഴി ഇന്ത്യയുടെ പുതിയ നീക്കം. വാഹന നികുതി കുറക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ ഗാട്ട് കരാര്‍ പ്രകാരം നല്‍കി വരുന്ന ഇളവുകള്‍ ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നുള്ള വാഹനങ്ങളുടെ ഇറക്കുമതിക്ക് അധിക നികുതി ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് തിരിച്ചടിയാണ് ഈ നീക്കം. നിലവില്‍ അമേരിക്കക്ക് നല്‍കുന്ന ഇറക്കുമതി ഇളവുകള്‍ റദ്ദാക്കുമെന്ന് ലോക വ്യാപാര സംഘടനയെയാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ജൂലൈ ഒമ്പതിന് മുമ്പ് വ്യാപാര കരാര്‍ തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
1994 ല്‍ ഒപ്പുവെച്ച ഗാട്ട് കരാറിനെ അമേരിക്ക മാനിക്കണമെന്നാണ് ലോകവ്യാപാര സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യക്കും അവകാശമുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ അമേരിക്കയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ അധിക നികുതി ചുമത്തേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. ലോകവ്യാപാര സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയുടെ ഉയര്‍ന്ന നികുതി കുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വിഫലമാകുന്നതായാണ് സൂചനകള്‍. 25 ശതമാനം നികുതി ചുമത്താനാണ് അമേരിക്കയുടെ തീരുമാനം. ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിക്കും. അമേരിക്ക ആഭ്യന്തര താല്‍പര്യങ്ങളുടെ പേരില്‍ ചുമത്തുന്ന നികുതി അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ ബാധിക്കുന്നതല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതിനിടെ, പുതിയ വ്യാപാര കരാര്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ദിവസങ്ങളായി നടത്തുന്ന ചര്‍ച്ചകള്‍ നീണ്ടു പോകുകയാണ്. ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്ന ധാരണകള്‍ക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. സമയ പരിധി നിശ്ചയിച്ചുള്ള ചര്‍ച്ചയല്ല ഇന്ത്യ നടത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം അംഗീകരിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine