ചൈനയ്ക്ക് ബദലാകാന്‍ ഇന്ത്യ നികുതി കുറയ്ക്കണം

അമേരിക്കയും ചൈനയും ഏറ്റുമുട്ടലിന്റെ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നിങ്ങനെ കൂടുതല്‍ അറിവും വൈദഗ്ധ്യവും ആവശ്യമായ ലഘുവ്യവസായ നിര്‍മാണ മേഖലയില്‍ ഒരു ആയുഷ്‌ക്കാലത്തിനിടെ ലഭിക്കാവുന്ന ഏറ്റവും മികച്ച സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് മുന്നില്‍ വിലങ്ങുതടിയായി ഒന്നുണ്ട്. രാജ്യത്തെ ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി.

അമേരിക്കയെയും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് നികുതി നാല് ശതമാനത്തോളം അധികമാണ്. അതുകൊണ്ട് തന്നെ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇന്ത്യ അത്ര പ്രിയങ്കരമല്ലാത്ത രാജ്യമായി മാറുകയും ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്-പി.എല്‍.ഐ) പോലുള്ള പണമേറെ ചെലവിടേണ്ടി വരുന്ന നയങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടിയും വരുന്നു. ചൈന+1 നയത്തിന്റെ ഗുണങ്ങള്‍ നേടാനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടാകാനും പി.എല്‍.ഐ നയത്തിന് പകരമായി കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് കൊണ്ടുവരുകയാണ് വേണ്ടത്. രാജ്യം വികസന പാതയില്‍ കുതിക്കുന്നതിന് ആദ്യം വേണ്ടതും ഇതാണ്.
കോര്‍പ്പറേറ്റ് മൂലധന നിക്ഷേപം കൂടുന്നുണ്ടോ?​
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി താഴേക്ക് പോയിരുന്ന കോര്‍പ്പറേറ്റ് മൂലധന നിക്ഷേപം (കാപെക്‌സ്) തിരിച്ചുവരവിന്റെ ചെറിയ സൂചനകള്‍ കാണിക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള കാപെക്‌സ് തിരിച്ചുവരവ് പ്രതീക്ഷിച്ചതുപോലെ കരുത്തുറ്റതായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മൂലധന നിക്ഷേപത്തിലെ തിരിച്ചുവരവ് പതുക്കെയാണെങ്കിലും മറ്റ് ചില സൂചകങ്ങള്‍ വളരെ ഉയര്‍ന്നതാണ്.
രാജ്യത്തെ കമ്പനികളുടെ ശേഷി വിനിയോഗം ഉയര്‍ന്ന തലത്തിലാണ്. ശേഷി വിനിയോഗം സംബന്ധിച്ച ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അത് 74.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ശേഷി വിനിയോഗം 73 ശതമാനമായിരുന്നു.
ഏപ്രിലിലെ വൈദ്യുത ഉപഭോഗം കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ്.
വാര്‍ഷികാടിസ്ഥാനത്തില്‍ സിമന്റ് ഉല്‍പ്പാദനം 28 ശതമാനം കൂടി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും സിവില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തുനിന്നും ഡിമാന്റ് കൂടുതലാണ്.
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായ എല്‍&ടിയുടെ ഓര്‍ഡര്‍ ബുക്കിന്റെ വലുപ്പം 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3,865 ശതകോടി രൂപയാണ്. കോവിഡ് കാലത്തിന് മുമ്പുണ്ടായതിന്റെ 30 ശതമാനം അധികമാണിത്. എന്നിട്ടും കോര്‍പ്പറേറ്റ് മൂലധന നിക്ഷേപം ഗണ്യമായ തോതില്‍ ഉയരുന്നില്ല.
ജി.ഡി.പിയും ജി.എഫ്.സി.എഫും
മൊത്ത സ്ഥിര മൂലധന സൃഷ്ടി (ഏഎഇഎ- ഗ്രോസ് ഫിക്‌സഡ് ക്യാപ്പിറ്റല്‍ ഫോര്‍മേഷന്‍) യുടെ ജി.ഡി.പിയുമായുള്ള അനുപാതം, കഴിഞ്ഞ 15 വര്‍ഷത്തോളമായി 30-33 ശതമാനത്തിലാണ് നില്‍ക്കുന്നത്. ചൈന അതിന്റെ വളര്‍ച്ചാ പാതയില്‍ കുതിച്ചുമുന്നേറിയ 2003ന് ശേഷം ജി.എഫ്.സി.എഫ് ജി.ഡി.പി അനുപാതം 40 ശതമാനത്തിന് മുകളിലാണ്.
മൂലധന നിക്ഷേപം കൂട്ടാനും ജി.എഫ്.സി.എഫ് ജി.ഡി.പി അനുമാനം 30-33 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലെത്തിക്കാനും ഇന്ത്യ എന്താണ് ചെയ്യാന്‍ പോകുന്നത്? കോര്‍പ്പറേറ്റ് കാപ്പെക്‌സ് ഇഴകീറി പരിശോധിക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ കാപെക്‌സ് ആശങ്കയുണര്‍ത്തും വിധം മന്ദഗതിയിലാണ്.
(ഗ്രാഫ് പരിശോധിക്കാം)



അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാപെക്‌സ് കൂടി വരുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം, 2022ല്‍ 44 ശതമാനം, 2023ല്‍ 24 ശതമാനം 2024ല്‍ (എസ്റ്റിമേറ്റ്) 37 ശതമാനം എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. സ്വകാര്യ മേഖലയിലെ കാപെക്‌സിനേക്കാളും വിശാലമായ സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാളും കൂടുതലാണിത്.
എന്നിരുന്നാലും സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്ന കോര്‍പ്പറേറ്റ് നികുതി വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. രാജ്യത്തെ മൊത്തം മൂലധന നിക്ഷേപത്തിന്റെ വളരെ ചെറിയൊരു ശതമാനമാണ് പൊതുനിക്ഷേപം. പക്ഷേ രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള നിര്‍ണായക ചാലകശക്തിയായി ഇതിന് മാറാനുള്ള കരുത്തില്ല. സ്വകാര്യ മേഖലയില്‍ നിന്നുള്ള കോര്‍പ്പറേറ്റ് കാപെക്‌സിന് മാത്രമാണ് രാജ്യത്തെ സുസ്ഥിര വളര്‍ച്ചയിലേക്ക് നയിക്കാനുള്ള കെല്‍പ്പുണ്ടാവുകയുള്ളൂ.
സ്വകാര്യ മൂലധന നിക്ഷേപം പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ എന്തു ചെയ്യണം?
സാമ്പത്തിക തത്വപ്രകാരം ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി കമ്പനികളുടെ മൂലധന നിക്ഷേപ തോത് കുറയ്ക്കാനിടയാക്കും. അമേരിക്കയിലെയും ഇന്ത്യയിലെയും സ്റ്റീല്‍ വ്യവസായ മേഖലയെ താരതമ്യം ചെയ്യുമ്പോള്‍ ഈ തിയറി കൃത്യമായി മനസിലാകും.
സ്റ്റീല്‍ ഒരു ഉല്‍പ്പന്നമാണ്. അതിന്റെ വില നിര്‍ണയിക്കുന്നത് ഡിമാന്റും സപ്ലൈയുമാണ്. വിപണിയിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിക്കുപോലും അതിന്റെ വിലയെ സ്വാധീനിക്കാനും സാധിക്കില്ല. നല്ല രീതിയില്‍ പോകുന്ന ഇന്റഗ്രേറ്റഡ് സ്റ്റീല്‍ മാനുഫാക്ചറര്‍ ലക്ഷ്യം വെയ്ക്കുന്ന നികുതിക്ക് മുമ്പുള്ള ലാഭ മാര്‍ജിന്‍ ഏതാണ്ട് 18-20 ശതമാനമായിരിക്കും.
ഒരു ശതകോടി ഡോളര്‍ നിക്ഷേപം നടത്തിയാലാണ് പ്രതിവര്‍ഷം 1.3-1.4 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാവുക. 20 ശതമാനം മാര്‍ജിന്‍ ഇട്ടാല്‍ നികുതിക്കു മുമ്പുള്ള ലാഭം 200 ദശലക്ഷം ഡോളറെന്ന് അനുമാനിക്കാം. നികുതികള്‍ അടച്ച ശേഷമുള്ള ലാഭം അമേരിക്കയില്‍ 16 കോടി ഡോളറായിരിക്കും. ഇത് ഇന്ത്യയിലാണെങ്കില്‍ 15 കോടി ഡോളറാകും. കാരണം അമേരിക്കയില്‍ ഫലത്തില്‍ ചുമത്തപ്പെടുന്ന കോര്‍പ്പറേറ്റ് നികുതി 18 ശതമാനമാണ്. ഇവിടെ അതിലും 4-7 ശതമാനം കൂടുതലാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ സ്റ്റീല്‍ പ്ലാന്റ് ഉടമ അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം തിരിച്ചുപിടിക്കുമ്പോള്‍ ഇന്ത്യയില്‍ അതിന് ആറ് വര്‍ഷം വേണം.
വാസ്തവത്തില്‍ ലോകത്തിലെ ഒട്ടനവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ കുറഞ്ഞ നികുതി നിരക്കുകള്‍ കോര്‍പ്പറേറ്റ് കാപെക്‌സ് കൂട്ടുമെന്ന് പഠനങ്ങളിലൂടെ സമര്‍ത്ഥിച്ചിട്ടുണ്ട്. 2019ല്‍ ഇന്ത്യന്‍ ഭരണകൂടം കോര്‍പ്പറേറ്റ് നികുതി 35 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഇന്ത്യയിലെ കോര്‍പ്പറേറ്റ് നികുതി ലോകത്തിലെ രണ്ട് വന്‍ സാമ്പത്തിക ശക്തികളിലേതിനേക്കാള്‍ കൂടുതലാണ്.
(ഗ്രാഫ് പരിശോധിക്കാം)


ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി രാജ്യത്തെ കോര്‍പ്പറേറ്റ് കാപെക്‌സിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ചൈനയുമായി മത്സരിക്കാനുള്ള ക്ഷമതയെ കൂടി ബാധിക്കും. വ്യക്തമായി പറഞ്ഞാല്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നീ മേഖലകളില്‍ രാജ്യത്തിന് മികച്ചൊരു മത്സരാര്‍ത്ഥിയായി ഉയര്‍ന്നുവരാന്‍ കഴിവുണ്ടെങ്കിലും നികുതി നിരക്കിലെ വ്യത്യാസം അതിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു.
കോര്‍പ്പറേറ്റ് നികുതി കുറച്ചാല്‍ എന്ത് സംഭവിക്കും?
നിലവിലെ നികുതി നിരക്കായ 25 ശത മാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് താഴ്ത്തിയാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന നികുതി സമാഹരണത്തില്‍ നിന്ന് രണ്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. ഇത് ജി.ഡി.പിയുടെ 0.8 ശതമാനം വരും.
നികുതി കുറച്ചാല്‍ പിന്നെ പി.എല്‍.ഐ സ്‌കീം പോലെ സങ്കീര്‍ണമായ നയങ്ങള്‍ വേണ്ട. പി.എല്‍.ഐ സ്‌കീം നടപ്പാക്കാന്‍ ഖജനാവില്‍ നിന്ന് പണം ചെലവാകുന്നുണ്ട്. ജി.ഡി.പിയുടെ 0.2 ശതമാനം വരുന്ന തുകയാണ് ഇതിന് ചെലവാകുന്നത്. അപ്പോള്‍ നിരക്ക് താഴ്ത്തുന്നതുകൊണ്ട് ഫലത്തില്‍ വരുന്ന നികുതി സമാഹരണത്തിലെ കുറവ് 1.5 ലക്ഷം കോടി രൂപയാകും (ജി.ഡി.പിയുടെ 0.6 ശതമാനം).
കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുമ്പോള്‍ കോര്‍പ്പറേറ്റ് കാപെക്‌സ് കൂടും. അത് നികുതി സമാഹരണവും വര്‍ധിപ്പിക്കും. 2019ല്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിന് ശേഷം വെറും മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം സര്‍വകാല റെക്കോര്‍ഡില്‍ തൊട്ടിരുന്നു. അതായത് നികുതി കുറയുമ്പോള്‍ നികുതി സമാഹരണവും കൂടും.
മാർസലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമാണ് ലേഖകൻ സൗരഭ് മുഖർജി

(This story was published in the 31st May 2023 issue of Dhanam Magazine)

Related Articles

Next Story

Videos

Share it