
അധിക നികുതി ചുമത്തുന്നതിന് അമേരിക്ക അനുവദിച്ച കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യ-യുഎസ് വ്യാപാര കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവം. ജൂലൈ ഒമ്പതിന് മുമ്പ് തന്നെ കരാര്‍ ഒപ്പുവെക്കുന്നതിനുള്ള നീക്കങ്ങളാണ് ഇരുഭാഗത്തും നടക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ യുദ്ധം വ്യാപാര ചര്‍ച്ചകളെ ബാധിക്കുമെന്ന ആശങ്കകളുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂലൈ ഒമ്പതിനുള്ളില്‍ ഒരു ഇടക്കാല കരാറിലെങ്കിലും എത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ പകരചുങ്കം ചുമത്തി എപ്രില്‍ രണ്ടിനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്ത്യക്ക് നിലവിലുള്ള 10 ശതമാനം നികുതിക്ക് പുറമെ 26 ശതമാനം അധിക നികുതിയാണ് ചുമത്തിയത്. പിന്നീട് ഇത് നടപ്പാക്കുന്നത് മൂന്ന് മാസം വരെ നീട്ടിവെക്കാന്‍ യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ത്യ നേരത്തെ തന്നെ യുഎസുമായി വ്യാപാര കരാറിന് ശ്രമം നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ജൂലൈ ഒമ്പതിന് മുമ്പ് തന്നെ കരാര്‍ വ്യവസ്ഥകളില്‍ തീരുമാനത്തിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. അധികമായി ചുമത്തുന്ന 26 ശതമാനം നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏതാനും വ്യാപാരമേഖലകളില്‍ പൂര്‍ണ നികുതി ഇളവിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ടെക്‌സ്റ്റൈല്‍സ്, രത്നം , ജുവലറി, തോല്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, കെമിക്കല്‍, മുന്തിരി, ഏത്തപ്പഴം, ചെമ്മീന്‍ എന്നിവക്ക് പൂര്‍ണമായും നികുതി ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം, വൈദ്യുതി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍, ആപ്പിള്‍, വൈന്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി ചുങ്കം കുറക്കണമെന്ന ആവശ്യം അമേരിക്കയും മുന്നോട്ടു വെച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine