

വസീര്‍എക്‌സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ ഒമ്പതോളം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് (ഇഡി) അന്വേഷണം. ഈ എക്‌സ്‌ചേഞ്ചുകള്‍ ചൈനീസ് ഫണ്ടിംഗുള്ള ഫിന്‍ടെക്ക് (Financial Technology) കമ്പനികളെ നികുതി വെട്ടിച്ച് പണം കടത്താന്‍ സഹായിച്ചതായാണ് വിവരം. ക്രിപ്‌റ്റോ ആസ്തികള്‍ വഴിയാണ് ഫിന്‍ടെക്കുകള്‍ പണം വിദേശത്തേക്ക് കടത്തിയത്.
വേണ്ടവിധത്തിലുള്ള പരിശോധനകള്‍ ഇല്ലാതെ ഫിന്‍ടെക്കുകള്‍ക്ക് ക്രിപ്‌റ്റോ ആസ്തികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അനുമതി ഈ എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. വസീര്‍എക്‌സിന്റെ (WazirX) 64.67 കോടി രൂപയുടെ ബാങ്ക് നിക്ഷേപം ഇന്നലെ ഇഡി മരവിപ്പിച്ചിരുന്നു. വസീര്‍എക്‌സിന്റെ ക്രിപ്‌റ്റോ വാലറ്റ് വഴി ഫിന്‍ടെക്ക് കമ്പനികള്‍ വിദേശത്തേക്ക് പണം കടത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു.
മുപ്പത്തിയെട്ടോളം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുമായി (എന്‍ബിഎഫ്‌സി-NBFC) ബന്ധമുള്ള രാജ്യത്തെ മുന്നൂറോളം ഫിന്‍ടെക്ക് കമ്പനികള്‍ ഇഡിയുടെ നിരീക്ഷണത്തിലാണ്. ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പകള്‍ നല്‍കിയ ഫിന്‍ടെക്ക് കമ്പനികളുടെ നയത്തെ ഇന്‍സ്റ്റന്റ് ആപ് അടിസ്ഥാമാക്കിയുള്ള വായ്പ തട്ടിപ്പ് എന്നാണ് ഇഡി വിശേഷിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇതുവരെ 15 എന്‍ബിഎഫ്‌സികള്‍ക്കെതിരെയാണ് ഇഡി നടപടി സ്വീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine