

ആദായ നികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബര്‍ 15ന് അവസാനിക്കും. അന്തിമ സമയപരിധി നീട്ടാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) തയാറാകുമോ? എല്ലാവരും ആകാംക്ഷയോടെ അന്വേഷിക്കുകയാണ്.
2024-25 സാമ്പത്തിക വര്‍ഷത്തെ (അസസ്‌മെന്റ് ഇയര്‍ 2025-26) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആദായ നികുതി വകുപ്പ് ജൂലൈ 31ല്‍ നിന്ന് സെപ്തംബര്‍ 15ലേക്ക് നീട്ടുകയായിരുന്നു. ഫയല്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ക്രമീകരണം സജ്ജമാകാന്‍ വൈകിയതിനെ തുടര്‍ന്നാണിത്. അക്കൗണ്ട് ഓഡിറ്റിന് വിധേയമാക്കേണ്ടതില്ലാത്ത നികുതിദായകരുടെയും വ്യക്തികളുടെയും കാര്യത്തിലാണ് സെപ്തംബര്‍ 15 അന്തിമ തീയതിയായി നിശ്ചയിച്ചത്.
അതനുസരിച്ച് ഇനി ഒരാഴ്ച സമയമാണ് ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ ബാക്കിയുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ മെല്ലെ മാത്രമാണ് ഫയലിംഗ് നടക്കുന്നതെന്നാണ് ഇന്‍കംടാക്‌സ് പോര്‍ട്ടലിലെ ഡാറ്റ സൂചിപ്പിക്കുന്നത്. സെപ്തംബര്‍ ഏഴു വരെയുള്ള കണക്ക് നോക്കിയാല്‍ വ്യക്തികളുടേതായി 2025-26 അസസ്‌മെന്റ് വര്‍ഷത്തില്‍ 4.89 കോടി ഐ.ടി.ആര്‍ റിട്ടേണ്‍ ആണ് സമര്‍പ്പിച്ചിട്ടുള്ളത്. 4.63 കോടി റിട്ടേണ്‍ വെരിഫൈ ചെയ്തിട്ടുണ്ട്. 3.35 കോടി വെരിഫൈ ചെയ്ത ഐ.ടി.ആറുകളില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്.
അന്തിമ തീയതി നീട്ടണമെന്ന ആവശ്യം ശക്തമാണ്. ഈ വര്‍ഷം ഉണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാന്‍ ബാക്കിയുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഐ.ടി.ആര്‍ ഫയലിംഗ് പോര്‍ട്ടല്‍ നവീകരിച്ച് പുറത്തിറക്കാന്‍ വൈകിയതിനാലും പോര്‍ട്ടലിലെ പലവിധ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും അന്തിമ തീയതി നീട്ടണമെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, സൂറത്തിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍, ബോംബെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സൊസൈറ്റി, ഭില്‍വാഡ ടാക്‌സ് ബാര്‍ അസോസിയേഷന്‍, ചണ്ഡീഗഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ടാക്‌സേഷന്‍ അസോസിയേഷന്‍, ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയവ ആവശ്യപ്പെട്ടു. എ.ഐ.എസ്, ടി.ഐ.എസ്, ഫോറം 26എഎസ് അപ്‌ഡേറ്റുകളില്‍ താമസമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തില്‍ ലോഗിന്‍ ചെയ്യുന്നതിലടക്കം പല വിഷയങ്ങളുമുണ്ട്.
അന്തിമ തീയതി നീട്ടണമെന്ന മുറവിളി ശക്തമാണെങ്കിലും സി.ബി.ഡി.ടി ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇപ്പോഴത്തെ നിലക്ക് സെപ്തംബര്‍ 15നകം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine