നികുതി കുടിശിക ഇളവുകളോടെ തീര്‍ക്കാന്‍ അവസരം; ആംനെസ്റ്റി പദ്ധതി 30 ന് അവസാനിക്കും

നാലു വിഭാഗങ്ങളിലാണ് നികുതി കുടിശിക തീര്‍ക്കാന്‍ അവസരമുള്ളത്
GST
GST
Published on

നികുതി കുടിശിക ഇളവുകളോടെ തീര്‍ക്കാന്‍ അവസരമൊരുക്കുന്ന സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ആംനെസ്റ്റി പദ്ധതി ജൂണ്‍ 30 ന് അവസാനിക്കും. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം ജനറല്‍ ആംനെസ്റ്റി, ഫ്‌ളഡ് സെസ് ആംനെസ്റ്റി, ബാര്‍ ഹോട്ടലുകള്‍ക്കായുള്ള ആംനെസ്റ്റി, ഡിസ്റ്റിലറി അരിയര്‍ സെറ്റില്‍മെന്റ് സ്‌കീം എന്നീ നാല് വിഭാഗങ്ങളിലാണ് ഇളവുകള്‍ ഉള്ളത്.

വിവിധ വിഭാഗങ്ങളിലെ ഇളവുകള്‍

ജി.എസ്.ടി നിയമം നിലവില്‍ വരുന്നതിനു മുന്‍പുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശികകള്‍ തീര്‍പ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറല്‍ ആംനെസ്റ്റി പദ്ധതി 2025. പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് കുടിശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും, പിഴയിലും പലിശയിലും പൂര്‍ണ്ണ ഒഴിവും ലഭിക്കും. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി അടച്ച് രേഖകള്‍ സഹിതം ജൂണ്‍ 30 നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായwww.keralataxes.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

2019 ആഗസ്റ്റ് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലെ ഫ്‌ളഡ് സെസ് ഒടുക്കുവാന്‍ ബാക്കിയുള്ളവര്‍, 30 നുള്ളില്‍ ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി കുടിശിക വന്ന സെസ് തുക അടച്ച് അസസിംഗ് അതോറിട്ടിയെ അറിയിച്ചാല്‍ പലിശയും പിഴയും പൂര്‍ണമായി ഒഴിവാക്കും.


ബാര്‍ ഹോട്ടലുകള്‍ക്ക് 2005-06 മുതല്‍ 2020-21 വര്‍ഷം വരെയുള്ള എല്ലാ ടേണ്‍ഓവര്‍ ടാക്‌സ് കുടിശികകളും അടച്ചു തീര്‍ക്കുന്നതിനാണ് അവസരം. നികുതി കുടിശികയും സെസും പലിശയുടെ 50 ശതമാനവുമാണ് അടക്കേണ്ടത്. തുക അടച്ച ശേഷം അസസിംഗ് അതോറിട്ടിക്ക് അപേക്ഷ നല്‍കിയാല്‍ ബാക്കി പലിശയും പിഴയും ഒഴിവാക്കും. ആംനെസ്റ്റി പദ്ധതികള്‍ നികുതിദായകര്‍ പ്രയോജനപ്പെടുത്തണമെന്നും കുടിശിക തീര്‍പ്പാക്കത്തവര്‍ക്കെതിരെ കര്‍ശനമായ റിക്കവറി നടപടികള്‍ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com