10 ലക്ഷത്തിന് മുകളില്‍ സ്വര്‍ണത്തിന് ഇ-വേ ബില്‍; ഉത്തരവ് നാലു ദിവസത്തിനുള്ളില്‍ നടപ്പാക്കണം; പ്രതിഷേധവുമായി വ്യാപാരികള്‍

സ്വര്‍ണ വ്യാപാരികള്‍ സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടു പോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ജനുവരി ഒന്നു മുതല്‍ പുതിയ നിയമം നടപ്പാക്കാനാണ് നിര്‍ദേശം. തിരക്കിട്ട് നടപ്പാക്കുന്ന ഈ ഉത്തരവിനെതിരെ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ രംഗത്തെത്തി. ഇന്നലെയാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ പുതിയ ഉത്തരവിറക്കിയത്. വില്‍പ്പനയുമായി ബന്ധപ്പെട്ടും വില്‍പ്പനക്കല്ലാതെയും, അണ്‍ റജിസ്‌റ്റേഡ് വ്യക്തികളില്‍ നിന്നും വാങ്ങി കൊണ്ടു പോകുന്ന സ്വര്‍ണത്തിന് 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുണ്ടെങ്കില്‍ ഇ വേ ബില്‍ വേണമെന്നാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ കൊണ്ടു പോകുന്ന സ്വര്‍ണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ കാണിച്ചാണ് ഇ വേ ബില്‍ എടുക്കേണ്ടത്.

തിരക്കിട്ട് നിയമം നടപ്പാക്കരുതെന്ന് വ്യാപാരികള്‍

ഏറെ സുപ്രധാനമായ ഇത്തരമൊരു കാര്യത്തില്‍ തിരക്കിട്ടാണ് നിയമം നടപ്പാക്കുന്നതെന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇ വേ ബില്‍ അവതരിപ്പിക്കുമ്പോള്‍ കാര്യങ്ങളില്‍ കൃത്യത വരുത്തുന്നതിനു വേണ്ടി എസ്.ജി എസ്.ടി നിയമത്തില്‍ വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറപ്പെടുവിക്കേണ്ടതുണ്ട്. കേരളത്തില്‍ മാത്രമായി ഇ വേ ബില്‍ നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള 10 ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തണമെന്നും അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ് അബ്ടുള്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണം കൈവശം വെക്കാം എന്നുള്ള നിയമം നിലനില്‍ക്കുമ്പോള്‍ 10 ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. 300 ഗ്രാം സ്വര്‍ണ്ണമടങ്ങുന്ന ബാഗുമായി ഒരാൾ പോയാല്‍ അത് വ്യാപാര ആവശ്യത്തിന് ഉള്ളതാണോ, സ്വന്തം ആവശ്യത്തിനുള്ളതാണോ എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക? ഉദ്യോഗസ്ഥര്‍ക്ക് നിയമം ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ട്. അതിനാല്‍ 500 ഗ്രാമിന് മുകളില്‍ സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന് മേല്‍ ഇത്തരമൊരു നിയന്ത്രണം വരുന്നത് സാധാരണക്കാരായ ജനങ്ങളെ പോലും ബാധിക്കുമെന്ന് നികുതി വിദഗ്ധനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കെ.എസ്. ഹരിഹരന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ജനങ്ങള്‍ വായ്പാ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൈമാറ്റങ്ങളെ പുതിയ നിയമം ബാധിച്ചാല്‍ അത് വലിയ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. കൂടുതല്‍ വ്യക്തത വരുത്തി സമയമെടുത്ത് നടപ്പാക്കേണ്ടതാണ് ഇത്തരം നിയമങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോബ് വര്‍ക്കുകള്‍ പ്രതിസന്ധിയിലാകും

സ്വര്‍ണം ആഭരണമാക്കി കടകളില്‍ വില്‍ക്കുന്നതിനു മുമ്പായി ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്നും ഡൈ വര്‍ക്ക് നടത്തുന്നതിനും, കളര്‍ ചെയ്യുന്നതിനും, പല പണിശാലകളിലേക്കും കൊണ്ടു പോകേണ്ടി വരുന്നു. ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തെക്കാണ് കൊണ്ടു പോകേണ്ടത്. ഹോള്‍സെയില്‍ വ്യാപാരികള്‍ സെലക്ഷന് വേണ്ടി അവരുടെ സ്ഥാപനത്തില്‍ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് ആഭരണങ്ങള്‍ കൊണ്ടു പോകേണ്ടതായും വരാറുണ്ട്. ഇതിനെല്ലാം എങ്ങനെയാണ് രേഖകള്‍ സൂക്ഷിക്കേണ്ടതെന്നും അവര്‍ ചോദിച്ചു. ജനുവരി ഒന്നിന് തന്നെ ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവെക്കണം. വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവു. പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it