അറിഞ്ഞോ ഈ മാറ്റങ്ങള്‍, ഇന്ന് മുതല്‍ മുതല്‍ ഇവ പ്രാബല്യത്തില്‍ വരും

സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചില സുപ്രധാന മാറ്റങ്ങള്‍ ഇന്ന് മുതല്‍ (ഒക്ടോബര്‍ ഒന്ന്) മുതല്‍ പ്രാബല്യത്തിലാകും. ആദായ നികുതിയില്‍ മുതല്‍ ചെറു സമ്പാദ്യ പദ്ധതികളില്‍ വരെ മാറ്റങ്ങളുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച മാറ്റങ്ങളില്‍ പലതും ഇതിനകം നടപ്പായി കഴിഞ്ഞു. എന്നാല്‍ ചില മാറ്റങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അതില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ നോക്കാം.

വിവാദ് സേ വിശ്വാസ് സ്‌കീം 2.0

തീര്‍പ്പാകാതെ കിടക്കുന്ന നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നികുതി ദായകര്‍ക്ക് അവസരം നല്‍കുന്ന വിവാദ് സേ വിശ്വാസ് പദ്ധതി 2.0 ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാകും, നികുതി, പലിശ, പിഴ, കോടതികളില്‍ അടയ്‌ക്കേണ്ട ഫീസ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 2024 ജൂലൈ 22 വരെ തീര്‍പ്പു കല്‍പ്പിക്കാത്ത തര്‍ക്കങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ പരിഹാരം കാണുക.

2.5 കോടി ഡയറക്ട് ടാക്‌സ് നോട്ടീസ് കുടിശികകളിലായി 35 ലക്ഷം കോടിയോളം രൂപയാണ് തര്‍ക്കത്തിന്റെ വിവിധ ഘട്ടങ്ങളിലായി കിടക്കുന്നത്. 2020ലാണ് ആദ്യമായി വിവാദ് വിശ്വാസ് പദ്ധതി അവതരിപ്പിച്ചത്. ഒരു ലക്ഷത്തോളം നികുതി ദായകര്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. 75,000 കോടിയോളം രൂപ സര്‍ക്കാരിന് ലഭിക്കുകയും ചെയ്തിരുന്നു.

ഓഹരി ബൈബാക്ക്

ഒക്ടോബര്‍ ഒന്നു മുതല്‍ ഓഹരി തിരിച്ചു വാങ്ങലുകളുടെ (Share Buyback) നിയമത്തില്‍ കാര്യമായൊരു മാറ്റം വരികയാണ്. ഓഹരികളുടെ ബൈബാക്ക് വരുമാനത്തിന് നികുതി അടയ്ക്കുന്നതിന് ഇനി മുതല്‍ ഓഹരി ഉടമകള്‍ക്കായിരിക്കും ഉത്തരവാദിത്തം. കമ്പനികളില്‍ നിന്ന് ഓഹരി ഉടമകളിലേക്ക് നികുതി ഭാരം കൈമാറ്റം ചെയ്യപ്പെടും.
നിലവില്‍ കമ്പനികളാണ് ബൈബാക്കുകള്‍ക്കുള്ള 20 ശതമാനം നികുതി അടയ്‌ക്കേണ്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തിഗത ടാക്‌സ് ബ്രാക്കറ്റ് അനുസരിച്ച് ലാഭ വിഹിത വരുമാനത്തിന്‍മേല്‍ ഓഹരിയുടമകളായിരിക്കും നികുതി അടയ്‌ക്കേണ്ടി വരിക.

ആധാര്‍ കാർഡ്

ഒക്ടോബര്‍ ഒന്നുമുതല്‍ ആധാര്‍ നമ്പറിന് പകരം ആധാര്‍ എൻറോൾമെന്റ് ഐ.ഡി നല്‍കുന്നത് അനുവദിക്കില്ല. പാന്‍ ദുരുപയോഗം, ഡ്യൂപ്ലിക്കേഷന്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചാണിത്. ഒക്ടോബര്‍ ഒന്നു മുതല്‍ പാന്‍ അലോട്ട്‌മെന്റിനായുള്ള അപേക്ഷ ഫോമിലും ആദായ നികുതി റിട്ടേണുകളിലും വ്യക്തകള്‍ക്ക് ആധാര്‍
എൻറോൾ
മെന്റ് ഐ.ഡി നല്‍കാനാകില്ല. ആധാര്‍ രജിസ്‌ട്രേഷന്‍ സമയത്ത് വ്യക്തികള്‍ക്ക് നല്‍കുന്ന താത്കാലിക ഐ.ഡിയാണ് ആധാര്‍ എൻറോൾമെന്റ് ഐ.ഡി.

ബോണസ് ഷെയറുകള്‍

ബോണസ് ഷെയറുകളുടെ വ്യാപാരത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് പുതിയ നിയമം കൊണ്ടു വന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ബോണസ് ഷെയറുകള്‍ ടി +2 രീതിയിലാകും ട്രേഡിംഗിന് ലഭ്യമാകുക.ഇത് റെക്കോഡ് ഡേറ്റും ഓഹരികള്‍ ക്രെഡിറ്റ് ചെയ്യുന്ന സമയവും വ്യാപാരം നടത്തുന്ന സമയവും തമ്മിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കും.

ചെറു സമ്പാദ്യ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് വഴി തുറന്നിട്ടുള്ള ദേശീയ ചെറുസമ്പാദ്യ പദ്ധതി (Small Savings Scheme) അക്കൗണ്ടുകള്‍ ക്രമപ്പെടുത്താന്‍ ധനമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തായാകാത്തവരുടെ പേരില്‍ തുടങ്ങിയിട്ടുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഒന്നിലധികമുള്ള പി.പി.എഫ് അക്കൗണ്ടുകള്‍, എന്‍.ആര്‍.ഐകളുടെ പേരിലുള്ള പി.പി.എഫ് അക്കൗണ്ടുകള്‍, കൂടാതെ മാതാപിതാക്കള്‍ക്ക് പകരം കൊച്ചുമക്കള്‍ക്കായി മുത്തശ്ശനോ മുത്തശ്ശിയോ അല്ലെങ്കില്‍ ഗാര്‍ഡിയനോ തുടങ്ങിയ സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ എന്നിവയാണ് റഗുലറൈസ് ചെയ്യുക.

സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്.ടി.ടി)

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വ്യാപാരത്തിനുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്.ടി.ടി) ഉയരും. ഡെറിവേറ്റീവ് വിപണിയിലെ ഊഹക്കച്ചവടം മിതപ്പെടുത്താനാണ് 2024 കേന്ദ്ര ബജറ്റില്‍ എസ്.ടി.ടി ഉയര്‍ത്തിയത്. എഫ് ആന്‍ഡ് ഒ നിരക്കുകള്‍ 0.02 ശതമാനം, 0.1 ശതമാനം എന്നിങ്ങനെയാണ് ഉയരുക.

ബോണ്ടുകള്‍ക്കുള്ള ടി.ഡി.എസ്

ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബോണ്ടുകളുടെ സ്രോതസില്‍ നിന്നുള്ള നികുതി കിഴിവിലും (ടി.ഡി.എസ്) മാറ്റം വന്നിട്ടുണ്ട്. ഈ ബോണ്ടുകള്‍ക്ക് 10 ശതമാനം ടി.ഡി.എസാണ് ഒക്ടോബര്‍ ഒന്നു മുതല്‍ ബാധകമാകുക.

ടി.ഡി.എസ് നിരക്ക്

സെക്ഷന്‍ 19 ഡിഎ (ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പേയ്‌മെന്റ്), 194എച്ച് (ബ്രോക്കറേജ് കമ്മീഷന്‍), 194-ഐബി (വ്യക്തികളുടെ അല്ലെങ്കില്‍ ഹിന്ദു അവിഭക്ത കുടുംബങ്ങളുടെ വാടക പേയ്‌മെന്റ്), 19എം (വ്യക്തികളുടെ ചില പേയ്‌മെന്റുകള്‍) എന്നിവയുടെ ടി.ഡി.എസ് 5 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി കുറച്ചത് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള ടി.ഡി.എസ് ഒരു ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായും കുറച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it