ആദായ നികുതി റിട്ടേണ്‍: ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നികുതിദായകര്‍. മുന്‍വര്‍ഷത്തേതില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ ഐ.ടി.ആര്‍ ഫോമില്‍ വരുത്തിയിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കും മുന്‍പ് ആ മാറ്റങ്ങള്‍ ഒന്നു ശ്രദ്ധിക്കണം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഐ.ടി.ഐര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസരമുണ്ട്. ജൂലൈ 31 വരെ നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാം.

പ്രധാനമായും മൂന്നു മാറ്റങ്ങളാണ് ഐ.ടി.ആര്‍ ഫോമില്‍ വരുത്തിയിട്ടുള്ളത്.

1. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍(Virtual Digital Assets /VDAs) നിന്നുള്ള വരുമാനം റിപ്പോര്‍ട്ട് ചെയ്യണം: - 2022 ഏപ്രില്‍ ഒന്നു മുതല്‍ ആദായ നികുതി നിയമത്തില്‍ വി.ഡി.എ അനുബന്ധ വരുമാനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക പ്രൊവിഷന്‍സ് അവതരിപ്പിച്ചിരുന്നു. സെഷന്‍ 194 എസ് പ്രകാരം ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് ടി.ഡി.എസ് ബാധകമാണ്. വി.ഡി.എയില്‍ നിന്നുള്ള വരുമാനം ചേര്‍ക്കാനായി ഐ.ടി.ആര്‍ ഫോമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമായാണോ അതോ മൂലധന നേട്ടമായാണോ കണക്കാക്കേണ്ടതെന്ന് നികുതി ദായകര്‍ സൂചിപ്പിക്കണം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ക്രിപ്‌റ്റോകറന്‍സിയില്‍ നിന്ന് വരുമാനം നേടിയുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട രേഖകള്‍ കൂടി കൈയില്‍ കരുതുക. അതായത് വാങ്ങിയ ദിവസം, കൈമാറ്റം നടന്ന ദിവസം, ഏറ്റെടുക്കാനുള്ള ചെലവ്, വില്‍പ്പന കരാര്‍ തുടങ്ങിയ രേഖകള്‍.
സെഷന്‍ 194 എസ് പ്രകാരം വി.ഡി.എയില്‍ നിന്നുള്ള വരുമാനത്തിന് നികുതി കിഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഫോം 26 എ.എസ്, എ.ഐ.എസ് എന്നിവ പരിശോധിക്കുകയും വേണം.
2. സെഷന്‍ 80 ജി പ്രകാരം സംഭാവനകള്‍ക്ക് ഇളവ് നേടുന്നുണ്ടെങ്കില്‍ ഡൊണേഷന്‍ റഫറന്‍സ് നമ്പര്‍(ARN) വെളിപ്പെടുത്തണം: -
2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെഷന്‍ 80 ജി പ്രകാരം ഇളവ് ലഭിക്കുന്ന സംഭാവനകള്‍(Donation) നല്‍കിയിട്ടുണ്ടോ? എന്നാല്‍ സംഭാവന രസീത് മാത്രം കൊണ്ട് കിഴിവ് ക്ലെയിം ചെയ്യാനാകില്ല. ഐ.ടി.ആര്‍ ഫോമില്‍ നികുതിദായകര്‍ ഡൊണേഷന്‍ റഫറന്‍സ് നമ്പര്‍ (ARN എന്നാണ് ഐ.ടി.ആര്‍ ഫോമില്‍ സൂചിപ്പിക്കുന്നത്) രേഖപ്പെടുത്തണം. സംഭാവന സ്വീകരിക്കുന്ന വ്യക്തികള്‍ 10 ബി.ഇ ഫോമില്‍ ഇഷ്യു ചെയ്യുന്ന യൂണീക്ക് റഫറന്‍സ് നമ്പറാണ് എ.ആര്‍.എന്‍.
3. മറ്റു മാറ്റങ്ങള്‍: - ചില സാഹചര്യങ്ങളില്‍ നികുതി ദായകരില്‍ നിന്ന് ഉറവിടത്തില്‍ നികുതി (Tax Collected at Source /TCS) ശേഖരിക്കാറുണ്ട്. ഉദാഹരണത്തിന് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം(LRS) വഴി പണമയക്കുമ്പോള്‍ ബാങ്ക് നികുതി പിടിക്കും. നികുതി ദായകന് ഐ.ടി.ആര്‍ ഫോമില്‍ ടി.സി.എസിന് എതിരായി ക്രെഡ്റ്റ് ക്ലെയിം ചെയ്യാവുന്നതാണ്.

ഓണ്‍ലൈനായി ഐ.ടി.ആര്‍ ഫയല്‍ ചെയ്യാം

നികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.incomtaxgov.in വഴി നികുതിദായകര്‍ക്ക് ഓണ്‍ലൈനായി ഐ.ടി.ആര്‍ ഫയല്‍ ചെയ്യാം. ഐ.ടി.ആര്‍ ഫയലിംഗിന്റെ ആദ്യ പടി ഏത് ഫോം വേണമെന്നുള്ളത് തീരുമാനിക്കുകയാണ്. അതത് സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ ഉറവിടം അനുസരിച്ചാണ് ഫോം തീരുമാനിക്കേണ്ടത്. പുതിയ നികുതിദായകനാണെങ്കില്‍ നികുതി വകുപ്പിന്റെ പോര്‍ട്ടല്‍ തന്നെ ഏത് ഫോം തെരഞ്ഞെടുക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ഐ.ടി.ആര്‍ ഫോം തിരഞ്ഞെടുത്തശേഷം ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഫോം പൂരിപ്പിക്കാം. അല്ലെങ്കില്‍ നികുതി വകുപ്പ് പുറത്തിറക്കിയിട്ടുള്ള എക്‌സെല്‍/ജാവ ഫോമുകള്‍ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യാം.

നികുതി വകുപ്പിന്റെ പക്കല്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് മുന്‍കൂറായി ഫോം പൂരിപ്പിക്കാനുള്ള സൗകര്യമുണ്ട്. പൊതുവായ വിവരങ്ങള്‍ കൂടാതെ വരുമാന സംബന്ധമായ വിവരങ്ങള്‍, ഉറവിടത്തില്‍ നിന്നുള്ള നികുതി കിഴിവ്, ഡിവിഡന്റ് വരുമാനം, ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പലിശ തുടങ്ങിയവയും പൂരിപ്പിക്കും. ഡേറ്റ എന്‍ട്രി ജോലികള്‍ കുറച്ച് ടാക്‌സ് റിട്ടേണ്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇതു വഴി സാധിക്കും. സ്വയം പൂരിപ്പിക്കപ്പെടുന്ന ഇത്തരം വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ മറക്കരുത്.

Related Articles

Next Story

Videos

Share it