ആദായ നികുതി കണക്കുകള്‍ (ITR) ഫയല്‍ ചെയ്യേണ്ട സമയമായി, ആദ്യം അറിയേണ്ട 10 കാര്യങ്ങള്‍

നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഔപചാരികത മാത്രമല്ല, സാമ്പത്തിക ജീവിതത്തിന്റെ വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ്
image: @canva
image: @canva
Published on

ഇന്‍കം ടാക്സ് റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നത് പലര്‍ക്കും ഇപ്പോഴും ഒരു സങ്കീര്‍ണ പ്രക്രിയയായി തോന്നുന്നു. 'എന്റെ കമ്പനിയില്‍ നിന്ന് TDS പിടിച്ചല്ലോ, ഇനി എന്തിന് ITR?' എന്ന ചോദ്യവും സാധാരണമാണ്. എന്നാല്‍, വാര്‍ഷിക വരുമാനം ഒരു നിശ്ചിത പരിധിക്ക് മുകളിലാണെങ്കില്‍ നികുതി അടയ്ക്കാനില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നികുതി അടച്ചുകഴിഞ്ഞാലും, നികുതി കുടിശ്ശിക ഇല്ലെങ്കിലും, സാമ്പത്തിക രേഖകള്‍ ശരിയായി നിലനിര്‍ത്താന്‍ ITR സമര്‍പ്പിക്കല്‍ അത്യാവശ്യമാണ്.

ഐടിആര്‍ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഓരോ നികുതിദായകനും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ വിശദീകരിക്കാം.

ആദ്യം മനസിലാക്കേണ്ടത്: ITR എന്താണ്?

ഇന്‍കം ടാക്സ് റിട്ടേണ്‍ എന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ എല്ലാ വരുമാനങ്ങളും, അതിന്മേല്‍ അടച്ച നികുതികളും, ലഭിക്കേണ്ട ഇളവുകളും, അടയ്ക്കാനുള്ള ബാക്കി നികുതിയും സര്‍ക്കാരിനെ അറിയിക്കുന്ന ഔദ്യോഗിക രേഖയാണ്.

ശമ്പളം, ബാങ്ക് പലിശ, വാടക വരുമാനം, ഓഹരി നിക്ഷേപ ലാഭം, മ്യൂച്വല്‍ ഫണ്ട് നേട്ടം, ഫ്രീലാന്‍സ് വരുമാനം തുടങ്ങി വിവിധ വരുമാന സ്രോതസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണം.

ആരൊക്കെയാണ് ITR ഫയല്‍ ചെയ്യേണ്ടത്?

സാധാരണയായി വാര്‍ഷിക വരുമാനം 4 ലക്ഷത്തിന് മുകളിലാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. ചില പ്രത്യേക സാഹചര്യങ്ങളില്‍ വരുമാനം ഇതിലും കുറവാണെങ്കിലും ഫയലിംഗ് നിര്‍ബന്ധമാകാം. അതിനാല്‍ 'ടാക്സ് അടയ്ക്കാനില്ല, അതിനാല്‍ ITR വേണ്ട' എന്ന ധാരണ തെറ്റാണ്.

സാമ്പത്തിക വര്‍ഷവും അസസ്മെന്റ് വര്‍ഷവും

ITR ഫയല്‍ ചെയ്യുമ്പോള്‍ പലരെയും കുഴക്കുന്ന വിഷയമാണിത്.

Financial Year (FY): വരുമാനം സമ്പാദിച്ച കാലയളവ്.

Assessment Year (AY): ആ വരുമാനത്തിന് നികുതി കണക്കാക്കി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വര്‍ഷം.

ഉദാഹരണത്തിന് FY 2024-25 എന്നത് 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവാണ്. ഈ വരുമാനത്തിനുള്ള റിട്ടേണ്‍ AY 2025-26-ലാണ് ഫയല്‍ ചെയ്യുക.

പഴയ ടാക്സ് സംവിധാനമോ പുതിയതോ? എങ്ങനെ തിരഞ്ഞെടുക്കാം?

ഇന്ത്യയില്‍ നിലവില്‍ രണ്ട് നികുതി സംവിധാനങ്ങളുണ്ട്.

Old Regime: വിവിധ ഇളവുകളും ഡിഡക്ഷനുകളും ലഭിക്കും. 80C, HRA, Home Loan Interest തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്

New Regime: നികുതി നിരക്കുകള്‍ താരതമ്യേന കുറവാണ്. എന്നാല്‍ മിക്ക ഇളവുകളും ലഭിക്കില്ല

എന്ത് സംവിധാനം തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ നിക്ഷേപ ശീലങ്ങള്‍, ഹോം ലോണ്‍, ഇന്‍ഷുറന്‍സ്, PF സംഭാവനകള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും.

ടാക്സ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണ്?

ITR ഫയല്‍ ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്ന രേഖകള്‍ ശേഖരിക്കണം:

ശമ്പളക്കാര്‍ക്ക്

Form 16, Salary Slip, ബാങ്ക് ഇടപാടുകളില്‍ Interest Certificate, Bank Statement, നിക്ഷേപകര്‍ക്കായി Capital Gain Statement, Mutual Fund Statement, ലാഭവിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍

മറ്റ് വരുമാനങ്ങള്‍ക്ക്

Rent Income Details, Freelance Income Records, Business Income Statements. ഇവ ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പിന്നീട് നോട്ടീസുകള്‍ ലഭിക്കാനുള്ള സാധ്യത കൂടും.

ഫോം 16 മാത്രം മതിയോ?

പല ശമ്പളക്കാരും ചെയ്യുന്ന വലിയ തെറ്റാണിത്. തൊഴിലുടമ നല്‍കുന്ന Form 16-ല്‍ നിങ്ങളുടെ ശമ്പള വരുമാനവും പിടിച്ച നികുതിയും മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. എന്നാല്‍ താഴെ പറയുന്ന വരുമാനങ്ങള്‍ വേറെയും ചേര്‍ക്കേണ്ടതാണ്:

ബാങ്ക് FD പലിശ, സേവിംഗ്‌സ് അക്കൗണ്ട് പലിശ, ഓഹരി ലാഭം, മ്യൂച്വല്‍ ഫണ്ട് ലാഭം, വാടക വരുമാനം, മറ്റ് അധിക വരുമാനങ്ങള്‍. അതിനാല്‍ Form 16 ഒരു തുടക്ക രേഖ മാത്രമാണ്, അന്തിമ രേഖയല്ല.

ശരിയായ ITR ഫോം

എല്ലാവര്‍ക്കും ഒരേ ഫോം ഉപയോഗിക്കാന്‍ കഴിയില്ല.

ITR-1

ശമ്പളം

പലിശ വരുമാനം, ഒരു വീടിന്റെ വാടക വരുമാനം, മൊത്തം വരുമാനം 50 ലക്ഷം വരെ

ITR-2

ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിന്നുള്ള Capital Gains ഉള്ളവര്‍, ബിസിനസ് വരുമാനം ഇല്ലാത്തവര്‍

ITR-3

ബിസിനസ് വരുമാനം, ട്രേഡിംഗ് വരുമാനം, ഫ്രീലാന്‍സ് വരുമാനം

Capital Gains + Business Income ഉള്ളവര്‍

ITR-4

Presumptive Taxation Scheme ഉപയോഗിക്കുന്ന ചില ബിസിനസുകാര്‍ക്ക്

തെറ്റായ ഫോം തിരഞ്ഞെടുക്കുന്നത് റിട്ടേണ്‍ അസാധുവാകാന്‍ വരെ കാരണമാകാം.

നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം

ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം പലപ്പോഴും പ്രീ-ഫില്‍ഡ് ഡാറ്റയില്‍ പൂര്‍ണമായി കാണണമെന്നില്ല. അതുകൊണ്ട് Short Term Capital Gain, Long Term Capital Gain, Dividend Income എന്നിവ പ്രത്യേകം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണം. നഷ്ടമുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം. ഭാവിയില്‍ ലാഭത്തോട് സെറ്റ് ഓഫ് ചെയ്യാന്‍ ഇത് സഹായിക്കും.

സര്‍ക്കാര്‍ ഒരുക്കിയ AI സഹായി

ITR ഫയലിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സഹായം നല്‍കുന്ന AI അധിഷ്ഠിത സംവിധാനവും ഇന്‍കം ടാക്സ് വകുപ്പിനുണ്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാനും പ്രക്രിയ മനസിലാക്കാനും ഇത് സഹായകരമാണ്.

റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

ITR ഫയല്‍ ചെയ്യാതിരിക്കുന്നത് വെറും പിഴയുടെ കാര്യമല്ല. അതിലൂടെ: ബാങ്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട്, വിസ അപേക്ഷകളില്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക രേഖകളുടെ അഭാവം, നഷ്ടം Carry Forward ചെയ്യാനാകാതിരിക്കുക, നികുതി വകുപ്പിന്റെ നോട്ടീസുകള്‍ എന്നിവയെല്ലാം ഉണ്ടാകാം.

അവസാന നിമിഷത്തിലേക്ക് മാറ്റരുത്

പലരും ജൂലൈ അവസാന ആഴ്ചയിലോ അവസാന ദിവസങ്ങളിലോ മാത്രമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, Form 16, Capital Gain റിപ്പോര്‍ട്ടുകള്‍, TDS വിവരങ്ങള്‍ എന്നിവ മുന്‍കൂട്ടി പരിശോധിച്ചാല്‍ പിഴവുകള്‍ ഒഴിവാക്കാനും റീഫണ്ട് വേഗത്തില്‍ ലഭിക്കാനും കഴിയും.

ITR ഫയല്‍ ചെയ്യുന്നത് നികുതി അടയ്ക്കാനുള്ള പ്രക്രിയ മാത്രമല്ല; നിങ്ങളുടെ സാമ്പത്തിക ജീവിതത്തിന്റെ വാര്‍ഷിക ഓഡിറ്റാണ്. ശമ്പളക്കാരനായാലും നിക്ഷേപകനായാലും ഫ്രീലാന്‍സറായാലും, നിങ്ങളുടെ വരുമാനം എവിടെ നിന്ന് വരുന്നു, ഏത് ഫോം ഉപയോഗിക്കണം, എന്തെല്ലാം രേഖകള്‍ വേണം, ഏത് ടാക്സ് സംവിധാനം തിരഞ്ഞെടുക്കണം എന്നിവ മനസിലാക്കിയ ശേഷമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com