ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസാന മണിക്കൂറുകള്‍; നികുതി ദായകര്‍ ശ്രദ്ധിക്കുക

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. അതായത്, അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള പിഴ കൂടാതെയുള്ള അവസാന തീയതിയാണ് ഇന്ന്. ഓഡിറ്റ് ചെയ്യേണ്ടവര്‍ക്ക് ഐ.ടി.ആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

ഇന്ന് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഫീസോടു കൂടി ഡിസംബര്‍ 31 വരെ റിട്ടേണ്‍ അടയ്ക്കാം.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടിവരും. ഇന്ന് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ ഒന്നിലധികം നേട്ടങ്ങളുണ്ട്. ഇത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിന് മാത്രമല്ല, നേരത്തെ റീഫണ്ട് ലഭിക്കാനും സഹായിക്കുന്നു. നിരവധി നികുതിദായകര്‍ക്ക് ഈ വര്‍ഷം ഇതിനകം തന്നെ റീഫണ്ട് ലഭിച്ചിട്ടുണ്ട്.

കൂടാതെ, നേരത്തെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍, പിശകുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനും സമയബന്ധിതമായി പുതിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും നികുതിദായകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. മാത്രമല്ല, നിശ്ചിത തീയതിക്ക് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്ന നികുതിദായകര്‍ക്ക് ബാധകമായ ലേറ്റ് ഫീസും പിഴ ചാര്‍ജുകളും ഒഴിവാക്കാം.

ഓണ്‍ലൈന്‍ വഴി നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവസാന ദിവസമെങ്കിലും അത് പൂര്‍ത്തിയാക്കുക.

എങ്ങനെ ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാം?

അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെയും അക്കൗണ്ട് വഴിയും നികുതി അടയ്ക്കാം

ലോഗിന്‍ ചെയ്യാതെ അടയ്‌ക്കേണ്ടത് ഇങ്ങനെ:

1 : ഐടിആര്‍ പോര്‍ട്ടല്‍ തുറക്കുക

2 : 'ക്വിക്ക് ലിങ്ക്‌സ്' എന്നതില്‍ 'ഇ-പേ ടാക്‌സ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3 : പാന്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കി Continue ക്ലിക്ക് ചെയ്യുക. രജിസ്‌റ്റേഡ് മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപി നല്‍കി സബ്മിറ്റ് ക്ലിക്ക് ചെയ്യുക

4 : New Payment ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

5 : New Payment ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പുതിയ വെബ്‌പേജ് തുറക്കും. ഇതിന് വിവിധ തരത്തിലുള്ള നികുതി അടയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ടിയിരിക്കും

6 : ഡയലോഗ് ബോക്‌സില്‍ നിന്ന് പേയ്‌മെന്റ് തിരിഞ്ഞെടുക്കാം

7 : Continue ക്ലിക്ക് ചെയ്ത ശേഷം ഒരു വെബ്‌പേജ് തുറന്നുവരും. ആദായ നികുതി, സര്‍ചാര്‍ജ്, സെസ് തുടങ്ങിയ നികുതി പേയ്‌മെന്റ് നല്‍കണം. അന്തിമ നികുതി ബാധ്യത തുക നല്‍കാം

നികുതിദായകര്‍ക്ക് സൗകര്യപ്രദമായ പേയ്‌മെന്റ് രീതി എങ്ങനെയും തെരഞ്ഞെടുക്കാം. ആര്‍ടിജിഎസ്/ എന്‍ഇഎഫ്ടി എന്നിവ ഉപയോഗിക്കുന്നതിന് ഇടപാട് നിരക്കുകള്‍ ബാധകമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ നിരക്കുകള്‍ അവരുടെ ബാങ്കുമായി പരിശോധിക്കേണ്ടതുണ്ട്. നികുതിദായകര്‍ക്ക് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവ വഴി പേയ്മെന്റ് നടത്താം.

അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ചെയ്യുന്നവർ ഇങ്ങനെ ചെയ്യുക:

ഈ ഫയലിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം, 'ഇ-ഫയല്‍' ക്ലിക്ക് ചെയ്ത് 'ഇ-പേ' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന്, സ്റ്റെപ്പ് 5 മുതല്‍ ഓണ്‍ലൈനായി നികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമം മുകളില്‍ സൂചിപ്പിച്ചതുപോലെ തന്നെ തുടരുക.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍

* ആധാര്‍ നമ്പര്‍/എന്റോള്‍മെന്റ് ഐഡി

* പാന്‍ കാര്‍ഡ് / പാന്‍ നമ്പര്‍

* തൊഴിലുടമയില്‍ നിന്നുള്ള ഫോം-16

* വീട് വാടക രസീതുകള്‍

* ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍

* ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം

* പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പാസ്ബുക്ക്

* ലോട്ടറി വരുമാനം

*മറ്റ് വരുമാനങ്ങള്‍


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐ-ടി നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എ യിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

Related Articles
Next Story
Videos
Share it