നികുതി ലാഭിക്കാന്‍ ഈ മണ്ടത്തരങ്ങള്‍ ചെയ്യാതിരിക്കൂ...

സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴാകും പലരും നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങളെ കുറിച്ച് ബോധവാന്മാരാകുന്നത്. നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങളെന്നത് ഒരു വര്‍ഷം കൊണ്ട് നടത്തേണ്ടതാണ്. അവസാന നിമിഷം തിരക്കു പിടിച്ചു നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമാകുകയും ചെയ്യും. അതിന് ഒഴിവാക്കേണ്ട ചില അബദ്ധങ്ങളിതാ...

ആവശ്യത്തിലേറെ നിക്ഷേപിക്കുന്നു
നിങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിന് എത്രമാത്രം നിക്ഷേപം നടത്തണമെന്നതിനെ കുറിച്ച് ധാരണ വേണം. ഈ വര്‍ഷത്തെ നിങ്ങളുടെ പ്രതീക്ഷിത വരുമാനം കണക്കാക്കി എത്രമാത്രം നിക്ഷേപിക്കണമെന്ന് കണക്കാക്കുക. നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങളും നികുതി ലാഭിക്കാന്‍ പ്രാപ്തമാണോയെന്ന് പരിശോധിച്ച ശേഷം മതി പുതിയ നിക്ഷേപം തുടങ്ങാന്‍. ആവശ്യത്തിലധികം നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകാതെ പോകും.
ഇന്‍ഷുറന്‍സ് കം ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതികള്‍
നികുതി ലാഭിക്കാനുള്ള നിക്ഷേപ പദ്ധതികളായി മിക്കയാളുകളും എളുപ്പത്തില്‍ കാണുന്നത് ഇന്‍ഷുറന്‍സിനെയാണ്. എന്നാല്‍ നേട്ടത്തിന്റെ കാര്യത്തില്‍ ഇഎല്‍എസ്എസ്, പിപിഎഫ് എന്നിവയേക്കാളെല്ലാം കുറവാണ് ഇത്തരം പോളിസികള്‍ നല്‍കുന്നത്. ഏറെ കാലം നിക്ഷേപം നടത്തിക്കൊണ്ടിരിക്കണം എന്നതാണ് മറ്റൊരു പോരായ്മ. നേരത്തെ പിന്‍വലിച്ചാല്‍ വലിയ നഷ്ടം ഉണ്ടാകുകയും ചെയ്യും. നിക്ഷേപവും ഇന്‍ഷുറന്‍സും വെവ്വേറെയായി കാണുകയാണ് വേണ്ടത്. നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നേട്ടം തരുന്ന ഇഎല്‍എസ്എസും വിപിഎഫും ഒക്കെ പരിഗണിക്കാം. അതേസമയം ഇന്‍ഷുറന്‍സ് ആവശ്യത്തിനായി ടേംപ്ലാനുകളും ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കുന്നതാകും നല്ലത്.
കടം വാങ്ങി നിക്ഷേപിക്കല്‍
നികുതി ലാഭിക്കല്‍ പ്രധാനം തന്നെ, പക്ഷേ സാമ്പത്തിക സ്ഥിതി അറിഞ്ഞു മതി നിക്ഷേപം നടത്തല്‍. താങ്ങാവുന്നതിലധികം നിക്ഷേപം നടത്തുന്നത് അനാവശ്യമായ കടം വാങ്ങലിലേക്കു നയിക്കുകയും നിങ്ങളുടെ സ്ഥിതി മോശമാക്കുകയും ചെയ്യും. കോവിഡിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നികുതി ലാഭിക്കുന്നതിനൊപ്പം ലിക്വിഡിറ്റിയും പ്രധാനമാണ്. കടം വാങ്ങിയായാലും നികുതി ലാഭിക്കുന്നതിന് നിക്ഷേപിക്കാം എന്നു കരുതുന്നത് ബുദ്ധിയല്ല.
എന്നാല്‍ താത്കാലിക സാമ്പത്തിക ബുദ്ധിമുട്ടാണ് നിങ്ങള്‍ നേരിടുന്നതെങ്കില്‍, ഉദാഹരണത്തിന് ശമ്പളം വൈകല്‍, അടുത്ത 10-15 ദിവസത്തിനുള്ള ഒരു പേമെന്റ് ലഭിക്കാനുണ്ട് തുടങ്ങിയ സ്ഥിതിയില്‍ തല്‍ക്കാലം കടം വാങ്ങി നിക്ഷേപിക്കുന്നതിലും തെറ്റില്ല. എന്നാല്‍ വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പിന്‍വലിച്ചോ അത് നടത്താതിരിക്കുക. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കൈവായ്പയോ സ്ഥിര നിക്ഷേപത്തിന്മേലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമോ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല. ഏതെങ്കിലും നിക്ഷേപം കാലാവധി പൂര്‍ത്തിയായതുണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്താം.
സാമ്പത്തിക ലക്ഷ്യം പരിഗണിക്കാതിരിക്കല്‍
നികുതി ലാഭിക്കാനുള്ള നിക്ഷേപം നടത്തുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തെ കുറിച്ചുള്ള ബോധ്യം വേണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തമാക്കുന്നതാവണം നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങളും. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ലക്ഷ്യം വെച്ച് ഇത്തരം നിക്ഷേപം നടത്താനാവില്ല. നികുതി ലാഭിക്കുന്നതിനുള്ള മിക്ക നിക്ഷേപങ്ങള്‍ക്കും മൂന്നു മുതലുള്ള ലോക്ക് ഇന്‍ പിരീഡ് ഉണ്ടായിരിക്കും. അതിനു ശേഷം മാത്രമേ പിന്‍വലിക്കാനാവൂ. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ചിലപ്പോള്‍ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പാളിപ്പോകാനിടവരും.
എല്ലാം ഒന്നില്‍ തന്നെ നിക്ഷേപിക്കല്‍
നികുതി ലാഭിക്കുന്നതിനുള്ള നിക്ഷോപം ആയാലും സാധാരണ നിക്ഷേപമായാലും നിക്ഷേപത്തിലെ വൈവിധ്യവത്കരണം അത്യാവശ്യമാണ്. അത് നഷ്ടസാധ്യത കുറയ്ക്കാനും ഉപകരിക്കും. എന്നാല്‍ അവസാന നിമിഷം തിരക്കു പിടിച്ച് നടത്തുന്ന നിക്ഷേപം എല്ലാം ഒന്നില്‍ തന്നെയായേക്കാം. അതിനു പകരം വിവിധ അസറ്റ് ക്ലാസുകളിലോ ഒരേ അസറ്റ് ക്ലാസിലെ വിവിധ പദ്ധതികളിലോ നിക്ഷേപിക്കാം. ഉദാഹരണത്തിന്, എല്ലാ നിക്ഷേപവും ഇഎല്‍എസ്എസില്‍ മാത്രം നിക്ഷേപിക്കുന്നതിന് പകരം എന്‍പിഎസ്, ടാക്‌സ് സേവര്‍ സ്ഥിരനിക്ഷേപം, പിപിഎഫ്, സ്വര്‍ണം തുടങ്ങിയവയില്‍ നിക്ഷേപിക്കാം.


Related Articles
Next Story
Videos
Share it