6 കോടി കവിഞ്ഞ് ആദായനികുതി റിട്ടേണുകള്‍

2023 സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളുടെ (ഐ.ടി.ആര്‍) എണ്ണം ജൂലൈ 30 വരെ 6 കോടി കവിഞ്ഞതായി കേന്ദ്ര ആദായനികുതി വകുപ്പ്. ഇത് കഴിഞ്ഞ വര്‍ഷം ജൂലൈ 31 വരെ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളേക്കാള്‍ കൂടുതലാണ്. ഞായറാഴ്ച മാത്രം വൈകിട്ട് 6.30 വരെ 26.76 ലക്ഷം ഐ.ടി.ആറുകള്‍ ഫയല്‍ ചെയ്തു. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 1.30 കോടിയിലധികം ലോഗിനുകള്‍ നടന്നു.

അവസാന തീയതി

അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ് (ജൂലൈ 31). വെള്ളപ്പൊക്കവും കനത്ത മഴയും കണക്കിലെടുത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം നീട്ടിനല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാന്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സഹായത്തിനായി ആദായനികുതിവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിസംബര്‍ 31 വരെ

ഇന്ന് കഴിഞ്ഞു സമര്‍പ്പിക്കുന്ന റിട്ടേണ്‍ വൈകി സമര്‍പ്പിക്കുന്നവയുടെ വിഭാഗത്തിലാണ് പരിഗണിക്കുക. ഇവര്‍ക്ക് ഡിസംബര്‍ 31 വരെ പിഴയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനാകും. അഞ്ച് ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 5,000 രൂപയും അതില്‍ത്താഴെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നികുതി അധികമായി അടയ്ക്കാനുണ്ടെങ്കില്‍ അതിന് പിഴപ്പലിശയും നല്‍കേണ്ടിവരും.

Related Articles
Next Story
Videos
Share it