
കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി ആദായ നികുതിദായകര്‍ക്കായി പുതിയൊരു നികുതി സ്‌കീം കൂടി അവതരിപ്പിച്ചത്. എന്നാല്‍ ഇതുവരെ നികുതിദായകര്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള ആശയക്കുഴപ്പം ഒഴിവായിട്ടില്ല. പുതിയ നികുതി വ്യവസ്ഥ(New Tax Regime-NTR)യും പഴയ നികുതിവ്യവസ്ഥ(Old Tax Regime- O.T.R)യും തമ്മിലുള്ള വ്യത്യാസമെന്താണ്? ഏത് തെരഞ്ഞെടുക്കുന്നതാണ് ലാഭകരം? വ്യക്തികളുടെ ഇഷ്ടമനുസരിച്ച് ഏത് വേണമെന്ന് തീരുമാനിക്കാനാകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് പലര്‍ക്കും.
ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. ഈ മാസം തന്നെ എന്‍.ടി.ആറാണോ ഓ.ടി.ആറാണോ നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് തീരുമാനിക്കണം അല്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍ വലിയ വ്യത്യാസം വരും. ഇനിയും ഇത് തെരഞ്ഞെടുക്കാന്‍ പറ്റാത്തവര്‍ക്ക് ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം.
1. നിങ്ങളുടെ ശമ്പള വരുമാനം ഏഴ് ലക്ഷം രൂപ വരെയാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥയാണ് നിങ്ങള്‍ക്ക് അനുയോജ്യം. കാരണം ഏഴ് ലക്ഷം രൂപ വരെയുള്ള ശമ്പളത്തിന് പുതിയ നികുതി വ്യവസ്ഥയില്‍ നികുതിയില്ല. മാത്രമല്ല 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ലഭിക്കും.
2. എന്നാല്‍ ഏഴു ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ പഴയതില്‍ തന്നെ തുടരുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ലതാനും. കാരണ പലവിധ നിക്ഷേപങ്ങള്‍ക്കും എച്ച്.ആര്‍.എ പോലുള്ള ചെലവുകള്‍ക്കും അതില്‍ കഴിവു ലഭിക്കുന്നുണ്ട്.
3. ഇനി നിങ്ങള്‍ക്ക് കിഴിവിന് അര്‍ഹതയുള്ള നിക്ഷേപങ്ങളൊന്നുമില്ലെങ്കില്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാം. ഇതില്‍ നികുതി നിരക്കുകള്‍ കുറവാണ്. നിക്ഷേപങ്ങള്‍ക്ക് നികുതി കിഴിവുകള്‍ ലഭിക്കുന്നുമില്ല.
4. പുതിയ നികുതി വ്യവസ്ഥയില്‍ ലീവ് ട്രാവല്‍ അലവന്‍സ്, വീട്ടു വാടക അലവന്‍സ്, ട്യൂഷന്‍ ഫീസ്, ഭവന വായ്പയുടെ പലിശ എന്നിവയ്‌ക്കൊന്നും ഒഴിവാക്കല്‍ ലഭിക്കില്ല
5. മറ്റൊരു കാര്യം ഓര്‍മിക്കാനുള്ളത് പഴയ നികുതി സംവിധാനത്തിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അതില്‍ അനുവദിച്ചിട്ടുള്ള കിഴിവുകള്‍ വ്യക്തികള്‍ സ്വയം ക്ലെയിം ചെയ്യണം.
6.ഏഴ് ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ അവര്‍ ഏത് നികുതി സ്ലാബിന്റെ ഭാഗമാണെന്ന് കണക്കിലെടുത്ത് അനുയോജ്യമായ മാര്‍ഗത്തിലേക്ക് മാറണം.
7. ലഭിക്കാവുന്ന വിവിധ കിഴിവുകളും നികുതി വിഭാഗങ്ങളും പരിഗണിക്കുമ്പോള്‍ 10 ലക്ഷം രൂപ വരെ നികുതി വിധേയമായ വരുമാനമുള്ള വ്യക്തികള്‍ക്ക് പഴയ നികുതി സംവിധാനമാണ് മികച്ചത്.
8. ഒ.ടി.ആര്‍ അനുസരിച്ച് 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. അതേസമയം എന്‍.ടി.ആറില്‍ 10 ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിലുള്ള വരുമാനത്തിന് 15 ശതമാനവും 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 20 ശതമാനവുമാണ് നികുതി.
9. ഇനിയും നിങ്ങള്‍ക്ക് സംശയം തീരുന്നില്ലെങ്കില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടമെന്റ് ഒരു ടാക്‌സ് കാല്‍കുലേറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. വേണ്ട വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഏത് നികുതി വ്യവസ്ഥയാണ് നിങ്ങള്‍ക്ക് അനുഗുണമാകുക എന്ന് കണ്ടെത്തിത്തരും.
10. നികുതി വ്യവസ്ഥ തീരുമാനത്തിലെത്തും മുന്‍പ് സാമ്പത്തിക ഉപദേഷ്ടാവിനോടോ ടാക്‌സ് കണ്‍സള്‍ട്ടന്റിനോടോ ചോദിക്കാനും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine