ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? ബാധ്യത നികുതിദായകന്റേതാണെന്ന് കോടതി

ആദായ നികുതി അടയ്ക്കുകയും എന്നാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക്കയും ചെയ്യുന്നതിന്റെ ബാധ്യത നികുതി ദായകന്റേതാണെന്ന് മദ്രാസ് ഹൈക്കോടതി. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കാന്‍ മനഃപൂര്‍വമായ ഉദ്ദേശ്യമില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത നികുതി ദായകനുണ്ടെന്നാണ് ഇതു സംബന്ധിച്ച കേസില്‍ മദ്രാസ് ഹൈക്കോടതി സിംഗ്ള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശശി എന്റര്‍പ്രൈസസും ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറും തമ്മിലുണ്ടായ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് സിംഗ്ള്‍ ബെഞ്ച് പുതിയ ഉത്തരവ് നല്‍കിയത്.

നിശ്ചിതവും നിര്‍ബന്ധവുമായ കാലയളവിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് നികുതി ദായകന്റെ കടമയാണെന്നാണ് കോടതി പറയുന്നത്.
ഈ കേസില്‍, തൊഴിലുടമ ഫോം 16 ലും ഫോം 26 എഎസിലും നല്‍കിയ വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചെങ്കിലും തുടര്‍നടപടികളൊന്നും എടുക്കേണ്ടതില്ലെന്ന ബോധ്യത്തിലായിരുന്നു ഹരജിക്കാരന്‍.
നികുതിദായകന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥനാണെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സെക്ഷന്‍ 139(1) പ്രകാരം ഫയല്‍ ചെയ്യണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. എല്ലാ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെന്നും മുന്‍ തൊഴിലുടമയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാറുണ്ടായിരുന്നെന്നും കാണിച്ച് ഒരാള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും നികുതി ദായകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിന് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ പുതിയ വിധി വലിയ പ്രാധാന്യമുള്ളതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. നികുതി അടച്ചാല്‍ നടപടികളില്‍ നിന്ന് ഒഴിവാകാം എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതും നികുതി ദായകന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വിധി ഓര്‍മിപ്പിക്കുന്നു.



Related Articles
Next Story
Videos
Share it