എന്‍ആര്‍ഐ ഇരട്ട നികുതി ഒഴിവാക്കാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ ഇന്ത്യക്കാരെ ഇരട്ട നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനെ വേണ്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഗൗരവ് ബെയ്ദ് ആണ് ഇക്കാര്യത്തില്‍ വീണ്ടും സുപ്രീം കോടതിയില്‍ പുതിയ പരാതി അല്ലെങ്കില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ കോടതിയുടെ പരിഗണനയിലുള്ള കേസ്സില്‍ പുതിയ അപേക്ഷ നല്‍കുവാന്‍ ഒരുങ്ങുന്നത്. ബെയ്ദ് നേരത്തെ നല്‍കിയ കേസ്സില്‍ ഇരട്ടനികുതി ഒഴിവാക്കുന്ന കാര്യത്തില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് (സിബിഡിറ്റി) അപേക്ഷ നല്‍ക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

'ഉചിതമായ ആശ്വാസം തേടി ബെയ്ദ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ട പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ല' ബയ്ദിന്റെ അഭിഭാഷകന്‍ അമീഷ് തണ്ഡന്‍ പറഞ്ഞതായി ദ എക്കണോമിക് പത്രം റിപോര്‍ട് ചെയ്തു. ഇക്കാര്യത്തില്‍ സിബഡിറ്റി അടുത്തിടെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്നതാണെന്നും, അദ്ദേഹം പറഞ്ഞു.
ഇരട്ട നികുതി ചുമത്തില്ല എന്നു സിബിഡിറ്റി സര്‍ക്കുലര്‍ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ബെയ്ദിനെ പോലുള്ളവര്‍ ഉന്നയിച്ച ആവശ്യം സിബിഡിറ്റി പരിഗണനയില്‍ എടുത്തിട്ടില്ല. ഇരട്ട നികുതി ഒഴിവാക്കുവാന്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ള മാനദണ്ഡങ്ങള്‍ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് സിബിഡിറ്റി സര്‍ക്കുലര്‍ നടത്തുന്നതെന്നും ദുബായ് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന NRI ക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നുമാണ് പ്രധാന ആക്ഷേപം.

ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇ തുടങ്ങിയ ആദായ നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സിബിഡിറ്റി-യുടെ സര്‍ക്കുലറിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല. ഇന്ത്യയിലെ താമസ പദവി നിര്‍ണ്ണയിക്കുന്ന പ്രധാന മാനദണ്ഡം തുടര്‍ച്ചയായി എത്ര ദിവസം ഇന്ത്യയില്‍ വസിച്ചുവെന്നതിനെ കണക്കാക്കിയാണ്. അതായത് 182-ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ വസിക്കുകയോ അല്ലെങ്കില്‍ 120 ദിവസത്തെ താമസത്തിനിടയില്‍ ഇന്ത്യയില്‍ നിന്നും 15 ലക്ഷം രൂപയുടെ വരുമാനം നേടുകയോ ചെയ്താല്‍ ഇന്ത്യയിലെ താമസക്കാരനായി ഗണിക്കപ്പെടും.
ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്ക് ബാധകമായ നികുതി നിയമം NRI-കള്‍ക്ക് ബാധകമല്ല. NRI-കള്‍ ഇന്ത്യയില്‍ നിന്നും സമ്പാദിക്കുന്ന വരുമാനത്തിനല്ലാതെ വിദേശത്തു നിന്നും സമ്പാദിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. NRI-കള്‍ എല്ലാം അതിനാല്‍ അവരുടെ ഇന്ത്യാ സന്ദര്‍ശനം 182 അല്ലെങകില്ഡ 120 ദിവസങ്ങളുടെ പരിധിയില്‍ ചുരുക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കും.

കോവിഡിനെ തുടര്‍ന്ന് ഈ ദിവസങ്ങളുടെ പരിധി കടന്ന് ഇന്ത്യയില്‍ താമസിക്കുവാന്‍ നിര്‍ബന്ധിതരായവര്‍ക്കും ഇരട്ട നികുതി ചുമത്തരുതെന്നാണ് ബെയ്ദിനെ പോലുള്ളവരുടെ വാദം. സിബിഡിറ്റി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഇരട്ടനികുതി സാധ്യത നേരിടുന്നവര്‍ അത് ഒഴിവാക്കുന്നതിനായി മാര്‍ച്ച് 31-നകം അപക്ഷേ സമര്‍പ്പിക്കണം എന്നു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ സര്‍ക്കുലറില്‍ കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിലെ താമസം ദീര്‍ഘിപ്പിയ്ക്കുവാന്‍ നിര്‍ബന്ധിതമായവരുടെ കാര്യത്തില്‍ പ്രത്യേകമായ പരാമര്‍ശം ഇല്ല.
കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിലെ താമസം 182, 120 ദിവസങ്ങളില്‍ കൂടുതലായി ദീര്‍ഘിപ്പിക്കാന്‍ നിര്‍ബന്ധിതമായവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാവും എന്ന ആശങ്കയാണ് NRI-കളെ അലട്ടുന്നത്, അഡ്വ. തണ്ഡന്‍ പറഞ്ഞു.


Related Articles

Next Story

Videos

Share it