
കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വ്യക്തികള്‍ക്ക് ആദായനികുതിയും ചുമത്താന്‍ ഒമാന്‍ ഭരണകൂടം. നികുതി ഇളവ് ആകര്‍ഷകമായിരുന്ന ഒമാനില്‍ ഇനി മുതല്‍ ഉയര്‍ന്ന വരുമാനക്കാര്‍ ആദായ നികുതി നല്‍കണം. 2028 ജനുവരി മുതലാണ് പുതിയ നിയമം നടപ്പാക്കുന്നത്. ആദ്യമായാണ് ഒമാനില്‍ ആദായനികുതി ഏര്‍പ്പെടുത്തുന്നത്. രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ നിയമം കര്‍ശനമാക്കി വരികയാണ്.
42,000 ഒമാന്‍ റിയാലില്‍ (94.76 ലക്ഷം രൂപ) കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനി മുതല്‍ അഞ്ച് ശതമാനം ആദായ നികുതി അടക്കേണ്ടി വരും. ഉയര്‍ന്ന വരുമാനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നിയമം ഇടത്തരക്കാരെ ബാധിക്കില്ല. അതേസമയം, സര്‍ക്കാരിലേക്ക് വന്‍ തുക നികുതിനത്തില്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒമാന്‍ ജനസംഖ്യയുടെ 99 ശതമാനം പേരെയും പുതിയ നികുതി ബാധിക്കില്ലെന്ന് ഒ്മാന്‍ നികുതി വകുപ്പ് വ്യക്തമാക്കി.
പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി മറ്റു മേഖലകളെ കൂടി വരുമാന സ്രോതസുകളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2040 ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 18 ശതമാനം പെട്രോളിയം ഇതര മേഖലകളില്‍ നിന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പണം കണ്ടെത്താനാണ് ആദായനികുതിയെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നികുതി ബാധകമായ വരുമാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുന്ന പുതിയ നിയമം അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സംഭാവനകള്‍ തുടങ്ങിയ ചെലവുകളെ വ്യക്തികളുടെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി പിരിവ് കുറ്റമറ്റതാക്കാന്‍ പുതിയ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തും. 2024 ല്‍ ഒമാന്‍ കോര്‍പ്പറേറ്റ് നികുതി എര്‍പ്പെടുത്തിയതിന് ശേഷം സര്‍ക്കാരിലേക്ക് 140 കോടി റിയാലിന്റെ അധിക വരുമാനമാണ് ഉണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine