ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ഉറപ്പായും അസാധുവെന്ന് ആദായനികുതി വകുപ്പ്

ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31.
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ഉറപ്പായും അസാധുവെന്ന് ആദായനികുതി വകുപ്പ്
Published on

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് 2023 ഏപ്രില്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. മാര്‍ച്ച് 31 2023 വരെയാണ് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി.

ബന്ധിപ്പിച്ചില്ലെങ്കില്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. പിഴയൊടുക്കിയാലും ബന്ധിപ്പിച്ചില്ലെങ്കില്‍ 2023-ല്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പിഴ അടച്ചാല്‍ വീണ്ടും പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

നേരത്തെ, 2017 ഓഗസ്റ്റ് 31ന് മുമ്പ് പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ തീയതി നിരവധി തവണ നീട്ടി 2021 ജൂണ്‍ 30 വരെയാക്കി. കൊവിഡ് വ്യാപനത്തോടെയാണ് തീയതി വീണ്ടും നീട്ടി നല്‍കിയത്.

ബന്ധിപ്പിച്ചിട്ടില്ലാത്ത പക്ഷം, ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാര്‍ഡുടമസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.

ലളിത മായ പ്രക്രിയയിലൂടെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും. https://incometaxindiaefiling.gov.in/ എന്ന ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പ്രൊഫൈല്‍ വിഭാഗത്തില്‍ ആധാറും പാനും ബന്ധപെടുത്താനുള്ള സൗകര്യം ഉണ്ട്.

പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരും മറ്റു വിവരങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് ഒ ടി പി മൊബൈലില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളാണ് തെറ്റ് എങ്കില്‍ അത് ആധാര്‍ കേന്ദ്രത്തില്‍ പോയി തിരുത്തിയ ശേഷം വീണ്ടും പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും.

എന്ത് കൊണ്ട് പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണം ?

2020 -21 കേന്ദ്ര ബജറ്റില്‍ 1961 ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234 എച്ച് ഉള്‍ പെടുത്തിയതോടെ പാന്‍ -കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ചുമത്താന്‍ ആദായ നികുതി വകുപ്പിന് സാധിക്കും. മാര്‍ച്ച് 31 ന് ശേഷം ആധാറുമായി ബന്ധിപ്പിക്കപെടാത്ത കാര്‍ഡുകള്‍ അസാധുവാകും.

കാര്‍, ഇരു ചക്ര വാഹനങ്ങള്‍ വാങ്ങാനോ, ബാങ്ക് അകൗണ്ട് തുടങ്ങാനോ, വസ്തുക്കള്‍ ക്രയ വിക്രയം ചെയ്യാനോ കഴിയാതെ വരും. ഇത് കൂടാതെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണോ, ഡീമാറ്റ് അകൗണ്ട് തുടങ്ങാനോ, 2 ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണം വാങ്ങാനോ കഴിയില്ല.

ഹോട്ടലില്‍ താമസിക്കുന്നതിന് 50,000 രൂപക്ക് മുകളില്‍ പണമായി നല്കാന്‍ കഴിയില്ല, വിദേശ യാത്ര ആവശ്യങ്ങള്‍ക്കും അത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com