
മിക്ക മാതാപിതാക്കളുടെയും ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ചെലവുകളിൽ ഒന്നാണ് മക്കള്‍ക്കായുളള വിദ്യാഭ്യാസം. സ്കൂൾ/ കോളേജ് ഫീസ്, കോച്ചിംഗ് ഫീസ്, ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍/ താമസ ചെലവുകൾ തുടങ്ങി നിരവധി ചെലവുകളാണ് ഇത്തരത്തില്‍ ഉളളത്. ഈ ചെലവുകളിൽ ചിലതിന് നികുതി കിഴിവ് ലഭ്യമാണ് എന്നത് മിക്കവരും അവഗണിക്കുന്ന കാര്യമാണ്. പഴയ നികുതി സമ്പ്രദായത്തിനു (Old Tax Regime) കീഴിലാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. നികുതി കിഴിവിന് യോഗ്യതയുള്ളത് എന്താണെന്ന് അറിയാമെങ്കിൽ മാതാപിതാക്കള്‍ക്ക് അത് ക്ലെയിം ചെയ്യാന്‍ സാധിക്കും.
പഴയ നികുതി വ്യവസ്ഥയിൽ ആദായനികുതി നിയമം (1961) സെക്ഷൻ 80സി പ്രകാരമാണ് ഏറ്റവും പ്രധാനപ്പെട്ട കിഴിവ് ലഭ്യമാകുന്നത്. കുട്ടികള്‍ക്ക് പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ ട്യൂഷൻ ഫീസ് ചെലവായി മാതാപിതാക്കൾക്ക് ഇളവ് ലഭിക്കും. ഇന്ത്യയിലെ സ്കൂളുകളിലോ കോളേജുകളിലോ സർവകലാശാലകളിലോ മുഴുവൻ സമയ വിദ്യാഭ്യാസത്തിനാണ് കിഴിവ് നൽകുന്നത്. അതേസമയം വിദ്യാഭ്യാസത്തിനായുള്ള എല്ലാ ചെലവുകള്‍ക്കും കിഴിവ് ലഭിക്കുമെന്നത് തെറ്റിദ്ധാരണയാണ്. കോച്ചിംഗ് ക്ലാസുകൾക്കുള്ള ഫീസ്, യൂണിഫോം, സ്കൂള്‍ വികസന ഫീസ്, സംഭാവനകൾ, ഗതാഗത ചാർജുകൾ തുടങ്ങിയവയ്ക്ക് കിഴിവ് ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കുക.
ശമ്പളക്കാരായ ജീവനക്കാർക്ക് അവരുടെ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ചില അലവൻസുകൾ ഒരു നിശ്ചിത പരിധി വരെ നികുതി രഹിതമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2024 ജനുവരി 1 മുതൽ കുട്ടികളുടെ വിദ്യാഭ്യാസ അലവൻസും ഹോസ്റ്റൽ സബ്‌സിഡിയും നൽകുന്നു. കുട്ടിയുടെ ഉന്നത പഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്ന മാതാപിതാക്കൾക്ക് പഴയ നികുതി വ്യവസ്ഥയിലെ സെക്ഷൻ 80ഇ പ്രകാരം അടച്ച പലിശയ്ക്ക് കിഴിവ് അവകാശപ്പെടാവുന്നതാണ്. നിങ്ങളുടെ കുട്ടിക്ക് പഠനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ, അത് നികുതി നൽകേണ്ട വരുമാനമായി കണക്കാക്കില്ല. വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിനായി നൽകുന്ന എല്ലാ സ്കോളർഷിപ്പുകളെയും സെക്ഷൻ 10(16) ഒഴിവാക്കുന്നു.
ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, നിങ്ങൾ രേഖകൾ ശരിയായി സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണമായി ട്യൂഷൻ കിഴിവ് ആവശ്യപ്പെടുന്നതിന് കോളേജ് ഫീസ് രസീതുകൾ ആവശ്യമാണ്. അപൂർണമായതോ തെറ്റായതോ ആയ രേഖകൾ ക്ലെയിമുകൾ നിരസിക്കുന്നതിന് കാരണമാകുമെന്ന് ശ്രദ്ധിക്കുക.
കുറഞ്ഞ നികുതി നിരക്കുകളുള്ള പുതിയ നികുതി വ്യവസ്ഥയിൽ മുകളിൽ പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ നികുതി ബില്ലുകൾ താരതമ്യം ചെയ്ത് വേണം പഴയതും പുതിയതുമായ നികുതി വ്യവസ്ഥയില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍. നിങ്ങളുടെ വരുമാനം, നിക്ഷേപങ്ങൾ, ചെലവുകൾ തുടങ്ങിയവ അടിസ്ഥാനമാക്കി ഏത് നികുതി വ്യവസ്ഥ വേണമെന്ന തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾക്ക് ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുകയോ നികുതി വിദഗ്ധരിൽ നിന്ന് ഉപദേശം തേടുകയോ ചെയ്യാവുന്നതാണ്.
Under the old tax regime, parents can claim deductions on specific education expenses of children with proper documentation.
Read DhanamOnline in English
Subscribe to Dhanam Magazine