കോര്‍പ്പറേറ്റ് നികുതിയെ കടത്തിവെട്ടി ഇന്ത്യയില്‍ വ്യക്തിഗത ആദായനികുതി പിരിവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ വ്യക്തിഗത ആദായ നികുതിദായകര്‍ അരക്കോടിയിലേറെ
Income Tax
Image : Canva
Published on

രാജ്യത്ത് വ്യക്തിഗത ആദായനികുതി (Personal Income Tax) പിരിവിലെ വളര്‍ച്ചാനിരക്ക് കമ്പനികള്‍ ഒടുക്കുന്ന കോര്‍പ്പറേറ്റ് ആദായ നികുതിയേക്കാള്‍ (Corporate Income Tax) ബഹുദൂരം മുന്നില്‍. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കണക്കുപ്രകാരം കോര്‍പ്പറേറ്റ് നികുതി പിരിവിലെ വളര്‍ച്ചാനിരക്ക് 12.39 ശതമാനമാണ്; ഇക്കാലയളവില്‍ വ്യക്തിഗത ആദായനികുതി പിരിവിലെ വളര്‍ച്ച 31.85 ശതമാനമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വ്യക്തമാക്കി.

അതേസമയം, വ്യക്തിഗത ആദായനികുതി ഇനത്തില്‍ 35 ലക്ഷം റീഫണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് അതിവേഗം തീര്‍പ്പാക്കുമെന്നും സി.ബി.ഡി.ടി അധികൃതര്‍ പറഞ്ഞു.

വളര്‍ച്ചയ്ക്ക് പിന്നില്‍

മൂന്ന് കാര്യങ്ങളാണ് വ്യക്തിഗത ആദായ നികുതി പിരിവ് കുതിച്ചുയരാന്‍ കാരണമായി സി.ബി.ഡി.ടി ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, നികുതി, നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണ്. രണ്ട്, ബോധവത്കരണങ്ങളുടെ ഫലമായി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന. മൂന്ന്, പുതിയ നികുതിദായകരുടെ വര്‍ധനയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) പുതുതായി 53 ലക്ഷം പേരാണ് ആദായനികുതി ദായകരായതെന്ന് സി.ബി.ഡി.ടി അധികൃതര്‍ പറഞ്ഞു.

ബജറ്റ് ലക്ഷ്യവും മറികടക്കും

നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 9 വരെയായി വ്യക്തിഗത, കോര്‍പ്പറേറ്റ് ആദായനികുതികള്‍ ഉള്‍പ്പെടുന്ന പ്രത്യക്ഷ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 11.07 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ റീഫണ്ടുകള്‍ കിഴിച്ചുള്ള നികുതി വരുമാനം 9.57 ലക്ഷം കോടി രൂപയാണ്.

റീഫണ്ടിന് മുമ്പ് 17.95 ശതമാനവും ശേഷം 21.82 ശതമാനവുമാണ് വളര്‍ച്ചാനിരക്ക്.

നടപ്പുവര്‍ഷം പ്രത്യക്ഷ നികുതിയായി ആകെ 18.23 ലക്ഷം കോടി രൂപ പിരിച്ചെടുക്കുകയാണ് ബജറ്റില്‍ കേന്ദ്രം ഉന്നമിട്ടിട്ടുള്ളത്. ഇതില്‍ 9.23 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിയും 9 ലക്ഷം കോടി രൂപ വ്യക്തിഗത ആദായ നികുതിയുമാണ്.

നിലവിലെ ട്രെന്‍ഡ് പരിഗണിച്ചാല്‍, നടപ്പുവര്‍ഷത്തെ മൊത്തം പ്രത്യക്ഷ നികുതി സമാഹരണം ബജറ്റ് ലക്ഷ്യവും മറികടക്കുമെന്ന് സി.ബി.ഡി.ടി ചെയര്‍മാന്‍ നിതിന്‍ ഗുപ്ത വ്യക്തമാക്കി. 16.61 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം (2022-23) സമാഹരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com