Begin typing your search above and press return to search.
140 കോടി ഇന്ത്യക്കാരില്‍ കോടിപതികള്‍ 2.3 ലക്ഷം; നികുതിദായകരുടെ എണ്ണത്തില്‍ വന്‍വര്‍ധന
ഇന്ത്യയില്‍ കോടിപതികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരു കോടി രൂപക്കു മേല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ 5 മടങ്ങ് വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 44,078 കോടിപതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023-24 ൽ ഇത് 2.3 ലക്ഷമായാണ് വർധിച്ചത്. പൗരന്മാരുടെ ഉയർന്ന വരുമാനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ വ്യക്തികള്‍ മികച്ച രീതിയില്‍ നികുതി അടയ്ക്കുന്ന പ്രക്രിയയില്‍ ഭാഗമാകുന്നതിന്റെ സൂചന കൂടിയായി ഈ വർദ്ധനയെ കാണാവുന്നതാണ്.
കഴിഞ്ഞ പതിറ്റാണ്ടില്‍ വ്യക്തിഗത നികുതി റിട്ടേണുകൾ ഫയൽ ചെയ്തവരുടെ എണ്ണത്തില്‍ 2.2 മടങ്ങ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 3.3 കോടി വ്യക്തികളാണ് നികുതി സമര്‍പ്പിച്ചത് എങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 കോടിയിലധികം പേരാണ് നികുതി നല്‍കിയതെന്നും ആദായ നികുതി വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോടിപതികളായ ശമ്പളക്കാരില്‍ വര്‍ധന
ഒരു കോടി രൂപയിൽ കൂടുതലുളള ശമ്പളക്കാരായ വ്യക്തികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 52 ശതമാനമായും ഉയർന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 54.6 ശതമാനം പേരാണ് 1.5 മുതല്‍ 3.5 ലക്ഷം രൂപ വരെയുളള വിഭാഗത്തില്‍ നികുതി സമര്‍പ്പിച്ചത്. അതേസമയം 2023-24 ൽ 4.5 ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെ വരുമാന പരിധിയില്‍ നികുതി റിട്ടേണ്‍ സമർപ്പിച്ച വ്യക്തികളുടെ എണ്ണം 52 ശതമാനമാണ് എന്നതും ശ്രദ്ധേയമാണ്.
10-15 ലക്ഷം രൂപ വരുമാന പരിധിയിലുളളവര്‍ 12 ശതമാനത്തിലധികമാണ്. 25-50 ലക്ഷം രൂപ പരിധിയിൽ 10 ശതമാനം ആളുകളാണ് ഉളളത്. 500 കോടിയിലധികം വാർഷിക വരുമാനം പ്രഖ്യാപിച്ച 23 വ്യക്തികളിൽ ആരും തന്നെ ശമ്പളം വാങ്ങുന്നവരില്ല. ബിസിനസുകാരാണ് ഈ വിഭാഗത്തില്‍ കൂടുതലായും ഉളളത്. അതേസമയം, 100-500 കോടി വിഭാഗത്തിലെ 262 പേരിൽ 19 പേർ ശമ്പളക്കാരാണ്.
2024 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് ഇന്ത്യയില്‍ 334 ശതകോടീശ്വരന്മാരാണ് ഉളളത്. ഇന്ത്യയില്‍ സമ്പത്ത് സൃഷ്ടിക്കുന്ന പ്രക്രിയ കൂടുതൽ വികേന്ദ്രീകൃതമായിട്ടുണ്ട്. രാജ്യത്ത് സമ്പന്നര്‍ പ്രതിനിധീകരിക്കുന്ന നഗരങ്ങളുടെ എണ്ണം 97 ആയാണ് ഉയർന്നിരിക്കുന്നത്.
Next Story
Videos