ഹോട്ടലുകളില്‍ ടോക്കൺ തിരിച്ചു നല്‍കാതെ തട്ടിപ്പ്; പിടിമുറുക്കി നികുതി വകുപ്പ്

ഭക്ഷണത്തിന് മുമ്പ് പണം നല്‍കി വാങ്ങുന്ന ടോക്കണുകള്‍ ഉപഭോക്താവിന് തിരിച്ചു നല്‍കാതെ ഹോട്ടലുകള്‍ നടത്തുന്ന തട്ടിപ്പിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മൂക്കു കയറിടുന്നു. ജി.എസ്.ടി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തെ ചില ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം തട്ടിപ്പ് കണ്ടെത്തിയിട്ടുള്ളത്. കൊച്ചി നഗരത്തിലെ ഒരു പ്രധാന റസ്റ്റോറന്റില്‍ ടോക്കണ്‍ സംവിധാനത്തിന്റെ മറവില്‍ അഞ്ചു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ടോക്കണ്‍ തിരിച്ചു നല്‍കാത്തതിലൂടെ ഉപഭോക്താവിന് ബില്ല് നല്‍കുന്നില്ലെന്ന് മാത്രമല്ല, നികുതി വെട്ടിപ്പും നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത്തരം തട്ടിപ്പുകളെ കുറിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

ബില്ല് ഉപഭോക്താവിന്റെ അവകാശം

സംസ്ഥാനത്തെ റസ്റ്റോറന്റുകളില്‍, പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഉച്ചഭക്ഷണത്തിന് ടോക്കന്‍ സംവിധാനമുണ്ട്. മുന്‍കൂട്ടി ഉപഭോക്താവ് നല്‍കുന്ന പണത്തിനുള്ള ബില്ലാണ് ഈ ടോക്കണ്‍. ഭക്ഷണം വിളമ്പാനെത്തുന്ന സപ്ലെയര്‍ ഈ ടോക്കണ്‍ വാങ്ങുകയാണ് പതിവ്. പിന്നീട് ഇത് ഉപഭോക്താവിന് തിരിച്ചു നല്‍കില്ല. ഇതോടെ ഉപഭോക്താവിന് നഷ്ടപ്പെടുന്നത് ബില്ലാണ്. ഭക്ഷണത്തിന്റെ വില സംബന്ധിച്ചോ മറ്റോ വല്ല പരാതികളുമുണ്ടെങ്കില്‍ തെളിവായി നല്‍കാനുള്ള ബില്ലാണ് ഇതോടെ നഷ്ടമാകുന്നത്. ബില്ല് പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കാന്‍ റസ്റ്റോറന്റുകള്‍ തയ്യാറാകാറുണ്ട്. എന്നാല്‍ ആവശ്യപ്പെടുന്നവര്‍ വിരളം.

റെയ്ഡില്‍ കണ്ടെത്തിയത്

എറണാകുളം നഗരത്തിലെ ഒരു പ്രധാന റസ്റ്റോറന്റ് ശൃംഖലയില്‍ സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍,ടോക്കണ്‍ സംവിധാനത്തില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ആദ്യം ഉപഭോക്താവെന്ന നിലയില്‍ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം ടോക്കണ്‍ സംവിധാനത്തിന്റെ ഇടപാടുകള്‍ മനസ്സിലാക്കുകയായിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നുള്ള നികുതി വരുമാനം യഥാര്‍ത്ഥ വിറ്റുവരവിനെ അപേക്ഷിച്ച് കുറവാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടലുകളിലും ഉടമകളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏതാണ്ട് അഞ്ചു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട രണ്ടര ലക്ഷവും കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷവും ചേര്‍ത്താണിത്. റെയ്ഡിനെ തുടര്‍ന്ന് റസ്റ്റോറന്റ് ഉടമ നികുതി ഇനത്തില്‍ മൂന്നു ലക്ഷത്തോളം രൂപ അടച്ചു. എന്നാല്‍ ബാക്കിയുള്ള നികുതി കൂടി പിരിച്ചെടുക്കുന്നതിനുള്ള നടപടികളിലേക്ക് നികുതി വകുപ്പ് നീങ്ങുകയാണ്. ഹോട്ടല്‍ ഉടമ പിഴ അടക്കേണ്ടതായും വരും.

Related Articles

Next Story

Videos

Share it