നികുതി നല്‍കേണ്ടാത്ത എന്‍എഫ്ടികള്‍; ഭാവിയുടെ രേഖകളായി മാറുന്ന ഒരുകൂട്ടം ഡിജിറ്റല്‍ ഫയലുകള്‍
ക്രിപ്‌റ്റോ കറന്‍സി (Crypto) , എന്‍എഫ്ടി (NFT-non fungible tokens) എന്നിവയെ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളായി (VDAs) പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയ വിവരം നിങ്ങള്‍ക്കെല്ലാം അറിയാം. എന്നാല്‍ ഈ പരിധിയില്‍ പെടാത്ത ഒരു വിഭാഗം എന്‍എഫ്ടികള്‍ ഉണ്ട്. ഏതാനും ദിവസം മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തതതയും വരുത്തിയിരുന്നു.
ഡിജിറ്റല്‍ ഇടത്തിലെ (ബ്ലോക്ക്‌ചെയിന്‍) ആസ്തികളുടെ ഉടമസ്ഥാവകാശമാണ് എന്‍എഫ്ടി എന്ന് പറയാം. എന്‍എഫ്ടി പല തരത്തിലുള്ളവയാകാം. ഡിജിറ്റല്‍ ആര്‍ട്ട്, ഫോട്ടോസ്, വീഡിയോ/ ഓഡിയോ, വിര്‍ച്വല്‍ ഗെയിമിംഗ് ഐറ്റംസ്, ഭൗതിക ആസ്തികളുടെ ഉടമസ്ഥാവകാശം തുടങ്ങിയവയൊക്കെ എന്‍എഫ്ടി ആക്കി മാറ്റാം. ഇപ്പറഞ്ഞവയില്‍ അവസാനത്തേത് ഒഴികെ മറ്റെല്ലാം വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ ഗണത്തില്‍ പെടുന്നതാണ്. കാരണം അവയെല്ലാം മറിച്ചു വിറ്റ് നിങ്ങള്‍ക്ക് പണം നേടാം.
എന്നാല്‍ ഭൗതിക ആസ്തികളുടെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന എന്‍എഫ്ടികള്‍ ഈ വിഭാഗത്തില്‍ പെടില്ല. ഇവയ്ക്കാണ് സര്‍ക്കാര്‍ നികുതി നിരക്കുകള്‍ ബാധകമല്ലാത്തത്. കൊച്ചിയിലുള്ള ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന എന്‍എഫ്ടി ഇതിന് ഉദാഹരണമാണ്. സ്ഥലം കൈമാറുമ്പോഴോ വി്ല്‍ക്കുമ്പോഴോ സര്‍ക്കാര്‍ നിശ്ചയിച്ച നികുതികള്‍ ഒരാള്‍ അടയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന എന്‍എഫ്ടിയുടെ കൈമാറ്റത്തിന് പ്രത്യേകം നികുതി അടയ്‌ക്കേണ്ടതില്ല.
ഓരോ എന്‍എഫ്ടി ഫയലുകളും കൈവിരലടയാളം പോലെ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ കൃത്രിമത്തം കാണിക്കാന്‍ സാധിക്കില്ല. ഇതുതന്നെയാണ് എന്‍എഫ്ടിയുടെയും ബ്ലോക്ക്ചെയിന്‍ ടെക്നോളജിയുടെയും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നതും. ഭൂരേഖകള്‍ എന്‍എഫ്ടിയായി നല്‍കാന്‍ ഒരുങ്ങുന്ന ന്യൂ ടൗണ്‍ കൊല്‍ക്കത്ത ഡെവലപ്മെന്റ് അതോറിറ്റിയും ഇത്തരം സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനുള്ള മാതൃകയാണ്.
ഉടമസ്ഥാവകാശങ്ങളുടെ കൈമാറ്റം വേഗത്തിലാക്കാനും കൃത്യത ഉറപ്പുവരുത്താനും എന്‍എഫ്ടിയെ ആശ്രയിക്കാമെന്ന് ക്രിപ്‌റ്റോ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായ മെല്‍ബിന്‍ തോമസ് പറയുന്നു. ഭൗതിക ആസ്തികളുടെ കൈവശാവകാശം എന്‍എഫ്ടിയില്‍ സൂക്ഷിക്കുന്ന രീതി വ്യാപകമാവാന്‍ സമയമെടുക്കുമെന്നും സര്‍ക്കാരുകളുടെ സമീപനത്തെ ആശ്രയിച്ചാവും ഇതെന്നും മെല്‍ബിന്‍ ചൂണ്ടിക്കാട്ടി.